ന്യൂനപക്ഷ വകുപ്പ് മുഖ്യമന്ത്രി ഏറ്റെടുത്തു; സ്വാഗതം ചെയ്ത് കെ.സി.ബി.സി

ന്യൂനപക്ഷ ക്ഷേമ വകുപ്പ് മുഖ്യമന്ത്രി ഏറ്റെടുത്തിനെ സ്വാഗതം ചെയ്ത് കേരള കത്തോലിക്ക ബിഷപ്പ് കൗൺസിൽ. ദീർഘ കാലത്തെ ആവശ്യമാണ് ഇപ്പോൾ നടപ്പായതെന്ന് കെ.സി.ബി.സി വക്താവ് ഫാ ജേക്കബ് പാലയ്ക്കാപ്പിളളി വ്യക്തമാക്കി.
മുഖ്യമന്ത്രിയുടെ നടപടി കേരളാ കൗൺസിൽ ഓഫ് ചർച്ചസും സ്വാഗതം ചെയ്തു. ക്രൈസ്തവ സമൂഹത്തിനു അർഹമായ നീതി നിഷേധിക്കുന്ന പ്രവണത മാറാൻ നടപടി ഗുണം ചെയ്യും. പരിശീലന കേന്ദ്രങ്ങൾ, സ്കോളർഷിപ്പ് വിതരണം, ദളിത് ക്രൈസ്തവ പ്രശനം, കമ്മറ്റികളിലെ പ്രാതിനിത്യം തുടങ്ങി എല്ലാ പ്രശ്നങ്ങളിലും ശാശ്വത പരിഹാരം ഉണ്ടാകുവാൻ ഇതു കാരണമാകുമെന്ന് കെ.സി.സി പ്രസിഡന്റ് ബിഷപ്പ് ഡോ. ഉമ്മൻ ജോർജ്ജ് അറിയിച്ചു.
നേരത്തെ സത്യപ്രതിജ്ഞയ്ക്ക് മുൻപുള്ള റിപ്പോർട്ടുകൾ പ്രകാരം ന്യൂനപക്ഷ ക്ഷേമം മന്ത്രി വി.അബ്ദുറഹ്മാനായിരുന്നു നൽകിയിരുന്നത്. എന്നാൽ പുറത്തുവന്ന അന്തിമ വിജ്ഞാപനത്തിലാണ് വകുപ്പ് മുഖ്യമന്ത്രി ഏറ്റെടുത്തുവെന്ന് വ്യക്തമായത്.
ന്യൂനപക്ഷ ക്ഷേമ വകുപ്പ് മുഖ്യമന്ത്രി ഏറ്റെടുക്കണമെന്ന് വിവിധ ക്രൈസ്തവ സഭകൾ നേരത്തെ ആവശ്യപ്പെട്ടിരുന്നു. മാറി മാറി വരുന്ന മന്ത്രിസഭകളിൽ ന്യൂനപക്ഷ ക്ഷേമവകുപ്പ് കൈകാര്യം ചെയ്തിരുന്നവരിൽ നിന്ന് കടുത്ത വിവേചനം നേരിട്ട പശ്ചാത്തലത്തിലായിരുന്നു ഈ ആവശ്യം.
ജലീൽ ആയിരുന്നു കഴിഞ്ഞ മന്ത്രിസഭയിൽ വകുപ്പ് കൈകാര്യം ചെയ്തത്. ന്യൂനപക്ഷ കമ്മീഷനിൽ അടക്കം ഒരു വിഭാഗത്തിന് മുൻതൂക്കം കിട്ടുന്ന രീതിയിലുള്ള സമീപനവും നയപരിപാടികളുമായി നടപ്പാക്കിയതെന്ന വിമർശനം ഉയർന്നിരുന്നു.
80:20 ശതമാനം എന്ന രീതിയിൽ ന്യൂനപക്ഷാനുകൂല്യങ്ങളുടെ ഗണ്യമായ ഭാഗം ഒരു വിഭാഗത്തിന് വിതരണം ചെയ്യുന്നത് സാമാന്യ നീതിക്ക് നിരക്കുന്നതല്ലെന്ന വസ്തുത പുതിയ സർക്കാർ നീതിയുക്തമായി വിലയിരുത്തുമെന്ന് പ്രതീക്ഷിക്കുന്നതായി സഭാ വൃത്തങ്ങൾ നേരത്തെ പ്രതികരിച്ചിരുന്നു.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here