കൊവിഡിനെതിരെ ‘അത്ഭുതമരുന്ന്’; ആന്ധ്രാപ്രദേശിൽ തടിച്ചുകൂടി ജനം

കൊവിഡിനെതിരെ ‘അത്ഭുതമരുന്ന്’ പ്രചാരണത്തിൽ തടിച്ചുകൂടി ജനം. ആന്ധ്രാപ്രദേശിലെ നെല്ലൂരിലാണ് സംഭവം. ബി ആനന്ദയ്യ എന്നയാൾ ഉണ്ടാക്കിയ ഒരു ആയുർവേദ മരുന്ന് സ്വന്തമാക്കാനായാണ് ആളുകൾ തടിച്ചുകൂടിയത്. ഈ മരുന്നിന് കൊവിഡ് സുഖപ്പെടുത്താനുള്ള കഴിവുണ്ടെന്ന് ആനന്ദയ്യ അവകാശപ്പെട്ടിരുന്നു. എന്നാൽ, ഇതിന് ശാസ്ത്രീയ അടിത്തറയില്ല.
തൻ്റെ അനുഭവപരിജ്ഞാനത്തിൽ നിന്ന് ഉണ്ടാക്കിയ മരുന്നാണ് ഇതെന്ന് ആനന്ദയ്യ അവകാശപ്പെടുന്നു. സൗജന്യമായാണ് ഈ മരുന്ന് ഗ്രാമത്തിൽ വിതരണം ചെയ്യുന്നത്. കൊവിഡ് മരുന്ന് നിർമിക്കുന്നതിൽ ഇയാൾക്ക് മുൻപരിചയമോ പരിശീലനമോ ഇല്ല. ഗ്രാമത്തിലെ ചിലർ ഈ മരുന്ന് മികച്ചതാണെന്ന് അവകാശപ്പെടുന്നുണ്ട്. വിജയവാഡയിലെ ഒരു ലാബിൽ മരുന്ന് പരിശോധിച്ചു. മരുന്ന് ആയുർവേദം ആയതുകൊണ്ട് തന്നെ സൈഡ് എഫക്ടുകളൊന്നും ഇല്ലെന്നാണ് പ്രാഥമിക കണ്ടെത്തൽ. വിശദമായ റിപ്പോർട്ട് പിന്നീട് പുറത്തുവരും.
അതേസമയം, രാജ്യത്ത് ഇന്നലെ 2,59,591 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചു. പ്രതിദിനം റിപ്പോർട്ട് ചെയ്യപ്പെടുന്ന കേസുകളുടെ എണ്ണത്തിൽ കുറവ് രേഖപ്പെടുത്തുന്നുണ്ടെങ്കിലും മരണസംഖ്യ കുറയുന്നില്ല. പ്രതിദിന മരണം നാലായിരത്തിന് മുകളിൽ തന്നെ നിൽക്കുകയാണ്. കഴിഞ്ഞ 24 മണിക്കൂറിനിടെ രാജ്യത്ത് 4, 209 മരണം റിപ്പോർട്ട് ചെയ്തു . 3.57 ലക്ഷം പേർ 24 മണിക്കൂറിനിടെ രോഗമുക്തി നേടി.
കൊവിഡ് രോഗികൾ കുത്തനെ കുറയുമ്പോഴും മഹാരാഷ്ട്ര,കർണാടക സംസ്ഥാനങ്ങളിൽ മരണനിരക്ക് കൂടുകയാണ്. മഹാരാഷ്ട്രയിൽ 24 മണിക്കൂറിനിടെ 738 പേർക്കും , കർണാടകയിൽ 548 പേർക്കും തമിഴ്നാട്ടിൽ 397 പേർക്കും കോവിഡ് ബാധിച്ച് ജീവൻ നഷ്ടമായി. 29, 911 പേർക്കുകൂടി മഹാരാഷ്ട്രയിൽ രോഗം സ്ഥിരീകരിച്ചതോടെ സംസ്ഥാനത്തെ ആകെ രോഗബാധിതർ 50 ലക്ഷം കടന്നു.
Story Highlights: Large crowd violates Covid norms to get miracle drug in Andhra Pradesh
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here