രാജീവ് ഗാന്ധിയുടെ ഓർമകൾക്ക് ഇന്ന് 30 വയസ്

ഇന്ത്യയുടെ മുൻപ്രധാനമന്ത്രി രാജീവ് ഗാന്ധിയുടെ മുപ്പതാം ചരമവാർഷികമാണ് ഇന്ന്. 1944 ഓഗസ്റ്റ് 20ന് ഫിറോസ് ഗാന്ധിയുടെയും ഇന്ദിരാഗാന്ധിയുടെയും മകനായി ജനിച്ച രാജീവ് ,നാല്പതാം വയസിൽ ഭാരതത്തിന്റെ പ്രധാനമന്ത്രിയായി ആധുനിക ഇന്ത്യക്ക് വിത്തുപാകി. 1991ലെ പൊതുതെരഞ്ഞെടുപ്പ് പ്രചാരണവേളയിൽ തമിഴ്‌നാട്ടിലെ ശ്രീപെരുംപുത്തൂരിൽ വെച്ച് എൽ.ടി.ടി.ഇ തീവ്രവാദികളാൽ വധിക്കപ്പെട്ടപ്പോൾ 47 വയസായിരുന്നു രാജീവ് ഗാന്ധിയുടെ പ്രായം. ഇന്ത്യയ്ക്ക് ഏറെ സംഭാവനകൾ നൽകേണ്ടിയിരുന്ന ഭാവനാസമ്പന്നനായ ഒരു ഭരണാധികാരിയെ നഷ്ടമായത് ഇന്ത്യയുടെ ദൗർഭാഗ്യം. മരണാനന്തരം പരമോന്നത ബഹുമതിയായ ഭാരതരത്‌നം നൽകി രാജ്യം ആദരിച്ചു.
നവ ഇന്ത്യയ്ക്ക് തുടക്കം കുറിച്ച രാജീവ് ഗാന്ധിയുടെ കൈകളിൽ രാജ്യത്തിന്റെ ഭാവി സുരക്ഷിതമാണെന്ന് ജനങ്ങൾ വിശ്വസിച്ചു. ആ പ്രതീക്ഷകൾ ഒരുപരിധി വരെ രാജീവ് നിറവേറ്റുകയും ചെയ്തു. നിരവധി പുരോഗമനാത്മക പ്രവർത്തനങ്ങൾക്കും സാങ്കേതിക സാമ്പത്തിക രംഗങ്ങളിലെ വിപ്ലവാത്മകരമായ മാറ്റങ്ങൾക്കും ഇന്ത്യൻ ജനതയ്ക്ക് പ്രതീക്ഷയേകിയ രാജീവ്, പ്രതീക്ഷയുടെ സുന്ദരമായ ഭാവിയാണ് ഒരു ജനതയ്ക്ക് മുന്നിൽ വച്ചത്.
നവ ഇന്ത്യയ്ക്ക് തുടക്കം കുറിച്ചത് രാജീവ് ഗാന്ധി ഇന്ത്യയെ ഇരുപത്തൊന്നാം നൂറ്റാണ്ടിലേയ്ക്ക് നയിച്ച നവയുഗ പ്രതിഭാസമായി. സാങ്കേതിക, സാമ്പത്തിക രംഗങ്ങളിൽ അടിമുടി മാറ്റങ്ങൾ കൊണ്ടുവന്നു. ഇന്ത്യയെ നവ ഇന്ത്യയായി രൂപീകരിക്കാൻ സഹായിച്ച ടെലികോം വിപ്ലവം, അടിസ്ഥാന മേഖലകളിൽ ആരംഭിച്ച ആറ്് ടെക്‌നോളജി മിഷനുകൾ, വ്യാപകമായി നടപ്പാക്കിയ കംപ്യൂട്ടർവത്കരണം, യന്ത്രവത്കരണം, വ്യവസായ നവീകരണം, സാങ്കേതിക മേഖലകൾക്ക് നൽകിയ ഊന്നൽ എന്നിവ രാജീവ് ഗാന്ധി രാജ്യത്തിന് സമർപ്പിച്ച സംഭാവനകളായിരുന്നു.
തീർത്തും അപ്രതീക്ഷിതമായിട്ടായിരുന്നു രാജീവ് ഗാന്ധിയുടെ രാഷ്ട്രീയ പ്രവേശനം. 1984ൽ ഇന്ദിരാഗാന്ധി കൊല്ലപ്പെട്ടപ്പോഴുണ്ടായ സഹാനുഭൂതി തരംഗത്തിൽ രാജ്യം കണ്ട ഏറ്റവും വലിയ ഭൂരിപക്ഷത്തോടെ അധികാരമേറ്റ രാജീവ് ഗാന്ധി ഇന്ത്യൻ യുവത്വം ഏറെ പ്രതീക്ഷയോടെ നോക്കിക്കണ്ട ഭരണാധികാരിയായിരുന്നു.
രാഷ്ട്രീയ, സാമൂഹിക, സാമ്പത്തിക മേഖലകളിൽ സമഗ്രമായ മാറ്റമായിരുന്നു അക്കാലത്തുണ്ടായത്. ശാസ്ത്ര സാങ്കേതികരംഗത്തെ കുതിച്ചുചാട്ടത്തിന് ഇടയാക്കിയത് ദീർഘവീക്ഷണത്തോടെയുള്ള രാജീവ് ഗാന്ധിയുടെ പ്രവർത്തനങ്ങളായിരുന്നു. നവോദയ വിദ്യാലയങ്ങൾ തുടങ്ങിയതും പബ്ലിക് കോൾ ഓഫീസുകൾ തുടങ്ങിയതും ഉൾപ്പടെയുള്ള ഭരണ പരിഷ്‌കാരങ്ങൾ. രാജീവ് ഗാന്ധി പ്രധാനമന്ത്രിയായിരുന്ന കാലത്ത് സമ്പദ് വ്യവസ്ഥയിൽ ഉണർവ് പ്രകടമായിരുന്നു. ലൈസൻരാജ് രീതി പൊളിച്ചുമാറ്റിയത് രാജീവ് പ്രധാനമന്ത്രിയായിരുന്ന കാലത്താണ്. പഞ്ചാബ്, അസം, മിസോറം എന്നീ സംസ്ഥാനങ്ങളിൽ സമാധാനം പുന:സ്ഥാപിച്ചതാണ് രാജീവിന്റെ മറ്റൊരു വലിയ സംഭാവന. അമേരിക്ക, ചൈന തുടങ്ങിയ രാജ്യങ്ങളുമായുള്ള നയതന്ത്രബന്ധം ശക്തമാക്കാൻ രാജീവ് ഗാന്ധി ശ്രമിച്ചു. അയൽരാജ്യങ്ങളുമായുള്ള സൗഹാർദ്ദം ഊട്ടിയുറപ്പിക്കാനും രാജീവ് ഗാന്ധിക്ക് കഴിഞ്ഞു. മാലിദ്വീപിലും ശ്രീലങ്കയിലും ഉണ്ടായ ആഭ്യന്തര പ്രശ്‌നങ്ങളിൽ ഇന്ത്യ സൈനികമായി ഇടപെട്ടത് രാജീവ് പ്രധാനമന്ത്രിയായിരുന്ന കാലത്താണ്.
Story Highlights: rajiv gandhi
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here