പി രാജീവിനെയും പിണറായി മന്ത്രിസഭയെയും അഭിനന്ദിച്ചു; ഇബ്രാഹിം കുഞ്ഞിനെതിരെ പ്രവർത്തകർ

പിണറായി മന്ത്രി സഭയെയും പി രാജീവിനെയും പുകഴ്ത്തി ഫേസ്ബുക്കിൽ പോസ്റ്റിട്ട വികെ ഇബ്രാഹിം കുഞ്ഞിനെതിരെ പ്രവർത്തകരുടെ വിമർശനം. ഫേസ്ക്കിലൂടെയാണ് മുസ്ലിം ലീഗ് പ്രവർത്തകരും അണികളും വികെ ഇബ്രാഹിം കുഞ്ഞിനെ കണക്കറ്റ് ശകാരിച്ചിരിക്കുന്നത്. കളമശ്ശേരിയിൽ മുസ്ലിം ലീഗിൻറെ തോൽവിക്ക് കാരണം ഇബ്രാഹിംകുഞ്ഞും മകനും എന്നും പ്രവർത്തകർ കുറ്റപ്പെടുത്തുന്നു.
‘പിണറായി മന്ത്രിസഭയുടെ രണ്ടാമൂഴത്തിന് എല്ലാ ഭാവുകങ്ങളും..തുടർ ഭരണം നേടി കേരളത്തിന്റെ ചരിത്രം മാറ്റി ക്കുറിച്ചതിൽ മുഖ്യമന്ത്രി ശ്രീ. പിണറായി വിജയന് അഭിമാനിക്കാം …അതോടൊപ്പം ഒരിക്കൽ കൂടി കളമശേരിക്ക് ഒരു മന്ത്രി പദവി കൂടി ലഭിക്കുന്നു എന്നറിയുന്നതും സന്തോഷമാണ്. 2011 ൽ കളമശ്ശേരി മണ്ഡലം രൂപീകരിക്കപ്പെട്ട ആദ്യ തിരഞ്ഞെടുപ്പിൽ തന്നെ മന്ത്രി പദവി ലഭിച്ചത് നമ്മുടെ നാടിൻ്റെ വികസന മുന്നേറ്റത്തിന് വലിയ വേഗമാണ് നൽകിയത്. അതിന് നിമിത്തമാകാൻ കഴിഞ്ഞതിൽ ഈയുള്ളവനും വലിയ അഭിമാനമുണ്ട്. രാഷ്ട്രീയമായി എതിർ പക്ഷത്താണെങ്കിലും പി രാജീവിൻ്റെ മന്ത്രിസഭാ പ്രവേശത്തെ സ്വാഗതം ചെയ്യുന്നു. ജനകീയ പ്രശ്നങ്ങളിലും വികസന കാര്യങ്ങളിലും കക്ഷിരാഷ്ട്രീയം മറന്ന് പ്രവർത്തിക്കുക എന്നതാണ് എന്നും ശീലിച്ചിട്ടുള്ളത്.. കളമശ്ശേരിക്കു വേണ്ടിയുള്ള എല്ലാ നല്ല പ്രവർത്തനങ്ങൾക്കും ഹൃദയം നിറഞ്ഞ പിന്തുണയുണ്ടാകും..’- ഇങ്ങനെയായിരുന്നു ഇബ്രാഹിംകുഞ്ഞിൻ്റെ പോസ്റ്റ്.
സിറ്റിംഗ് എംഎൽഎ വികെ ഇബ്രാഹിം കുഞ്ഞിന്റെ മകനും മുസ്ലിം ലീഗ് ജില്ലാ ജനറൽ സെക്രട്ടറിയുമായ വിഇ അബ്ദുൽ ഗഫൂറിനെ പരാജയപ്പെടുത്തിയാണ് കളമശ്ശേരിയിൽ പി രാജീവ് വിജയക്കൊടി പാറിച്ചത്. വികെ ഇബ്രാഹിം കുഞ്ഞിലേക്ക് വിരൽ ചൂണ്ടിയ പാലാരിവട്ടം പാലം അഴിമതിയും, അബ്ദുൽ ഗഫൂറിന്റെ സ്ഥാനാർത്ഥിത്വത്തിനെതിരെ ഉയർന്ന പ്രതിഷേധങ്ങളും ഉണ്ടാക്കിയ പ്രതിസന്ധി മറികടക്കാൻ മുസ്ലിം ലീഗിന് കഴിഞ്ഞില്ലെന്ന് വ്യക്തമാക്കുന്നതാണ് തെരഞ്ഞെടുപ്പ് ഫലം.
കഴിഞ്ഞ ലോക്സഭാ തെരഞ്ഞെടുപ്പിൽ ഹൈബി ഈഡനെതിരെ പി രാജീവ് മത്സരിച്ച് തോറ്റിരുന്നു.
Story Highlights :
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here