മോഹൻലാലിന് പിറന്നാൾ ആശംസയുമായി യുവരാജ് സിംഗ്

61ആം പിറന്നാൾ ആഘോഷിക്കുന്ന നടൻ മോഹൻലാലിന് പിറന്നാൾ ആശംസയുനായി മുൻ ഇന്ത്യൻ ക്രിക്കറ്റ് താരം യുവരാജ് സിംഗ്. തൻ്റെ ട്വിറ്റർ ഹാൻഡിലിലൂടെയാണ് യുവി മോഹൻലാലിന് ആശംസ അറിയിച്ചത്.
ഇന്ത്യൻ സിനിമയിലെ തന്നെ ഏറ്റവും മികച്ച അഭിനേതാക്കളിൽ ഒരാളാണ് മോഹൻലാൽ. 1960 മെയ് 21ന് ജനിച്ച അദ്ദേഹം 1980ൽ ഫാസിൽ സംവിധാനം ചെയ്ത മഞ്ഞിൽ വിരിഞ്ഞ പൂക്കൾ എന്ന ചിത്രത്തിലെ നരേന്ദ്രൻ എന്ന വില്ലൻ കഥാപാത്രമായാണ് അഭിനയ ജീവിതം ആരംഭിച്ചത്. പിന്നീട് വിവിധ ഭാഷകളിലായി 350ൽ പരം ചിത്രങ്ങളിൽ അദ്ദേഹം അഭിനയിച്ചു.
നിരവധി അവാർഡുകളും ബഹുമതികളും ഇക്കാലയളവിൽ അഭിനയ രാജാവിനെ തേടിയെത്തി. മലയാള സിനിമാ ലോകവും ലോകമെമ്പാടുമുള്ള മലയാളി സമൂഹവും താരത്തിന് പിറന്നാൾ ആശംസ നേർന്നുകൊണ്ടിരിക്കുകയാണ്. മലയാളത്തിന്റെ സ്വകാര്യ അഹങ്കാരമായ അഭിനേതാവ് ഇന്ത്യയിലെ ഇതര ഭാഷകളിലും നിരവധി കഥാപാത്രങ്ങൾക്ക് ജീവൻ നൽകി, അവിടെയുള്ള ആളുകൾക്കും രോമാഞ്ചം ഉണർത്തുന്ന മുഹൂർത്തങ്ങൾ മോഹൻലാൽ വെള്ളിത്തിരയിൽ സമ്മാനിച്ചു. ആക്ഷൻ രംഗങ്ങളായാലും റൊമാന്റിക് രംഗങ്ങളായാലും ഇമോഷണൽ സീനുകളായാലും മോഹൻലാലിന് പകരം വയ്ക്കാൻ മലയാള സിനിമയിൽ ആരുമില്ല. ഇന്ത്യൻ സിനിമയിലെ തന്നെ കഴിവുറ്റ നടന്മാരിൽ പ്രമുഖ നിരയിലാണ് മോഹൻലാലിന്റെ സ്ഥാനം.
1960ൽ മെയ് 21ന് പത്തനംതിട്ടയിലാണ് മോഹൻലാൽ ജനിച്ചത്. ഇലന്തൂർ ഗ്രാമത്തിൽ ജനിച്ച മോഹൻലാൽ വളർന്നതും പഠിച്ചതും തിരുവനന്തപുരത്താണ്. മഞ്ഞിൽ വിരിഞ്ഞ പൂക്കൾ (1980) എന്ന സിനിമയിലെ വില്ലൻ കഥാപാത്രം തന്നെ വലിയ പ്രേക്ഷക ശ്രദ്ധ നേടിക്കൊടുത്തു. ക്രമേണ നായക വേഷങ്ങളിൽ മോഹൻലാൽ തിളങ്ങാൻ തുടങ്ങി. പിന്നീട് എത്രയോ കഥകളിലെ കഥാപാത്രങ്ങളായി അരങ്ങിൽ നടന വിസ്മയം തീർത്തു മോഹൻലാൽ. ചെയ്ത എല്ലാ കഥാപാത്രങ്ങളിലും അദ്ദേഹം തനതായ അഭിനയശെെലിയുടെ പരകായപ്രവേശം തന്നെയാണ് നടത്തിയത്.
Story Highlights: Yuvraj Singh wishes Mohanlal happy birthday
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here