മരത്തില്‍ നിന്ന് വീണ് നട്ടെല്ല് പൊട്ടി; ദുരിതപൂര്‍ണമായി സുരേഷ് ബാബുവിന്റെ ജീവിതം; സഹായം തേടുന്നു

കൊല്ലം കരിക്കോട് മരം കയറ്റ തൊഴിലാളിയായ സുരേഷ് ബാബുവിന്റെ ജീവിതം മാറിമറിയുന്നത് അഞ്ച് വര്‍ഷങ്ങള്‍ക്ക് മുന്‍പാണ്. മരത്തില്‍ നിന്ന് വീണ് നട്ടെല്ല് പൊട്ടിയ സുരേഷിന്റെ ഇപ്പോഴത്തെ ജീവിതം ദുരിതപൂര്‍ണമാണ്. നേരിട്ട് കണ്ടാല്‍ ആരുടെയും കണ്ണ് നനയിക്കുന്ന അവസ്ഥയിലാണ് സുരേഷും കുടുംബവും.
കുഞ്ഞു വീട്ടിലെ കട്ടിലില്‍ എഴുന്നേല്‍ക്കാനാവാതെയാണ് സുരേഷ് ബാബു കിടക്കുന്നത്. ഒരു കസേര പോലും ഇല്ലാത്ത വീട്ടില്‍ സുരേഷ് കിടക്കുന്ന കട്ടില്‍ എത്തിച്ചത് വനിതാ കമ്മീഷന്‍ അംഗം ഷാഹിദാ കമാലിന്റെ നല്ല മനസാണ്. മനസലിവുലുള്ള ആരുടേയും കണ്ണ് നിറയുന്ന കാഴ്ചയാണ് വീട്ടില്‍ ചെന്നാല്‍ കാണുക.
മരം കയറ്റം ഉപജീവനമായിരുന്ന സുരേഷിനെ കട്ടിലില്‍ തളച്ചിട്ടതും ആ ജോലിയാണ്. അഞ്ച് വര്‍ഷങ്ങള്‍ക്ക് മുന്‍പ് പ്ലാവിന്റെ ഉയരത്തില്‍ നിന്ന് താഴെ വീണ് നട്ടെല്ല് പൊട്ടി. അതോടെ ഈ കുടുംബം കണ്ണീരിലായി. രണ്ട് തവണ ശസ്ത്രക്രിയ നടത്തി. ശരീരത്തിലിട്ട കമ്പി പിന്നീട് പുറത്തേക്ക് വന്നു. ഇപ്പോഴും പകുതി പൊട്ടിയ കമ്പി ശരീരത്തിനുള്ളിലുണ്ട്. ഒപ്പം ഹെര്‍ണിയയും അലട്ടുന്നു. ആശുപത്രികളില്‍ ക്ലീനിംഗ് സ്റ്റാഫ് ആയിരുന്ന ഭാര്യ സുലതയ്ക്കും ഇപ്പോള്‍ ജോലിയില്ല.
രണ്ട് മക്കള്‍ കൂടി അടങ്ങുന്ന ഈ കുടുംബത്തിന്റെ അടുപ്പ് എല്ലാ ദിവസവും പുകയാറില്ല. സുഹൃത്തുക്കളും സന്നദ്ധ സംഘടനകളും നല്‍കുന്ന ചെറിയ സഹായത്തിലാണ് കുടുംബത്തിന്റെ മുന്നോട്ടുപോക്ക്. ഒരു ശുചിമുറി പോലുമില്ലാത്ത ഈ വീടിന്റെ പ്രമാണവും ബാങ്കിലാണ്. ഇനിയുള്ള ചികിത്സയ്ക്കും തുടര്‍ന്നുള്ള ജീവിതത്തിനും എന്തു ചെയ്യും എന്ന ചോദ്യം മാത്രം ഇവര്‍ക്ക് മുന്നില്‍ ബാക്കി.
ബാങ്ക് അക്കൗണ്ട് വിവരങ്ങള്‍:
Suresh Babu
Account No: 38946609379
IFSC Code: SBIN0070870
Bank: SBI
Branch: karikode
Ph: 8111973513
Story Highlights: kollam, seeks help
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here