സി.ബി.എസ്.ഇ പരീക്ഷ നടത്തിപ്പ്; തീരുമാനം കേന്ദ്രത്തിന് വിട്ട് കേരള സർക്കാർ

കേരളത്തിൽ സി.ബി.എസ്.ഇ പരീക്ഷ നടത്തിപ്പിൽ സമ്മിശ്ര പ്രതികരണമാണ് ഉള്ളതെന്ന് കേന്ദ്ര പ്രതിരോധ മന്ത്രി രാജ്നാഥ് സിംഗിന്റെ അദ്ധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ സർക്കാർ അറിയിച്ചു. ഒരു വിഭാഗം പരീക്ഷ എഴുതാൻ ആഗ്രഹിക്കുന്നു. എന്നാൽ കൊവിഡ് വ്യാപന പശ്ചാത്തലത്തിൽ പരീക്ഷ മാറ്റണമെന്ന ആവശ്യവും ശക്തമാണ്. ഈ സാഹചര്യത്തിൽ കേന്ദ്ര തീരുമാനം നടപ്പിലാക്കുമെന്ന് പൊതുവിദ്യാഭ്യാസ മന്ത്രി വി.ശിവൻകുട്ടി പറഞ്ഞു.
JEE/NEET മുതലായ പ്രൊഫഷണൽ കോഴ്സുകളിലേക്കുള്ള പരീക്ഷകൾ തീരുമാനമെടുക്കുന്ന മുറയ്ക്ക് സുരക്ഷാ മുൻകരുതലുകൾ സ്വീകരിച്ചു നടത്തുന്നതിനുള്ള പ്രവർത്തനങ്ങൾ സർക്കാർ സ്വീകരിക്കും. ഉന്നതപഠനം സംബന്ധിച്ച ആശങ്കകൾ പരിഹരിക്കപ്പെടണമെന്നും ദേശീയ തലത്തിൽ പൊതുപരീക്ഷകൾ നടത്താൻ തീരുമാനമെടുത്താൽ സമയക്രമം മുന്കൂട്ടി പ്രഖ്യാപിച്ച് തുടർനടപടികൾ ഉണ്ടാകണമെന്നും സംസ്ഥാനം ആവശ്യപ്പെട്ടു.
മുഴുവൻ കുട്ടികൾക്കും പ്രതിരോധ വാക്സിനേഷൻ നടത്തണമെന്ന നിർദ്ദേശവും സംസ്ഥാന സർക്കാർ അവതരിപ്പിച്ചു. സംസ്ഥാനത്തെ പത്ത്/പന്ത്രണ്ട് ക്ലാസുകളിലെ പൊതുപരീക്ഷകൾ ഏപ്രിൽ മാസം പൂർത്തീകരിച്ച് മൂല്യനിർണ്ണയ ക്യാമ്പുകൾ ജൂൺ ആദ്യവാരം ആരംഭിച്ച് ജൂലൈ മാസത്തിൽ ഫലപ്രഖ്യാപനം നടത്തുന്നതിനുള്ള എല്ലാ തയ്യാറെടുപ്പുകളും സ്വീകരിച്ച് കഴിഞ്ഞിട്ടുണ്ടെന്ന് വിദ്യാഭ്യാസ വകുപ്പ് മന്ത്രി യോഗത്തെ അറിയിച്ചു.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here