കൊവിഡ് നിയന്ത്രണങ്ങളിൽ ഇളവ്; ലക്ഷദ്വീപിലെ പുതിയ പരിഷ്കാരങ്ങൾക്കെതിരെ ദ്വീപ് നിവാസികൾ

ലക്ഷദ്വീപിലെ പുതിയ നിയമപരിഷ്കാരങ്ങൾക്കെതിരെ പ്രതിഷേധം ശക്തമാവുന്നു. കൊവിഡ് നിയന്ത്രണങ്ങളിൽ ഇളവ് വരുത്തിയതും ഗുണ്ടാ ആക്ട് നടപ്പിലാക്കിയതുമടക്കമുള്ള, അഡ്മിനിസ്ട്രേറ്റർ പ്രഫുൽ പട്ടേലിന്റെ നടപടികൾക്കെതിരെയാണ് ദ്വീപ് നിവാസികളുടെ പ്രതിഷേധം.
രാജ്യം മുഴുവൻ കൊവിഡിൽ മുങ്ങിയപ്പോഴും ഒരു വർഷത്തോളം രോഗത്തെ കടലിനപ്പുറം നിർത്തിയ ലക്ഷദ്വീപിലെ ഇപ്പോഴത്തെ ടെസ്റ്റ് പോസിറ്റീവിറ്റി നിരക്ക് 68 ശതമാനമാണ്. കൊച്ചിയിൽ ക്വാറന്റീനിൽ ഇരുന്നവർക്ക് മാത്രം ദ്വീപിലേക്ക് പ്രവേശനം നൽകി പാലിച്ച് പോയിരുന്ന നിയന്ത്രണങ്ങൾക്കാണ് ദ്വീപ് അഡ്മിനിസ്ട്രേറ്റർ പ്രഫുൽ പട്ടേൽ ഇളവുകളനുവദിച്ചത്. ഇതാണ് രോഗ വ്യാപനത്തിന് കാരണമായതെന്നാണ് ആരോപണം.
അതേസമയം ,പദവി ഏറ്റെടുത്ത ശേഷമുള്ള അഡ്മിനിസ്ട്രേറ്ററുടെ ആദ്യ നിയമപരിഷ്കാരം ഗുണ്ടാ ആക്ട് നടപ്പിലാക്കിയതായിരുന്നു. കുറ്റകൃത്യങ്ങളൊന്നും റിപ്പോർട്ട് ചെയ്യാറില്ലാത്ത ദ്വീപിൽ ഗുണ്ടാആക്ട് പാസാക്കിയ നടപടി ജനാധിപത്യവിരുദ്ധമാണെന്നാണ് ദ്വീപ് നിവാസികൾ ആരോപിക്കുന്നത്.
ലക്ഷദ്വീപിലെ ജനാധിപത്യ സംവിധാനങ്ങൾ പുനഃസ്ഥാപിക്കുകയെന്ന ആവശ്യമുന്നയിച്ച് ലക്ഷദ്വീപ് സ്റ്റുഡൻസ് അസോസിയേഷന്റെ ഓൺലൈൻ പ്രതിഷേധ ക്യാമ്പയിൻ തുടരുകയാണ്.
Story Highlights: Islanders oppose new reforms in Lakshadweep
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here