Advertisement

‘വിവാഹ സർട്ടിഫിക്കറ്റ് കിട്ടാഞ്ഞിട്ട് ഇവിടെ ആരും മരിക്കുന്നില്ല’; സ്വവർഗ വിവാഹ വിഷയത്തിൽ അടിയന്തര വാദത്തെ എതിർത്ത് കേന്ദ്ര സർക്കാർ

May 24, 2021
Google News 1 minute Read

നിലവിലുള്ള നിയമപ്രകാരം സ്വവർഗ വിവാഹങ്ങൾ അംഗീകരിക്കണമെന്ന് ആവശ്യപ്പെടുന്ന ഹർജികൾ മാറ്റിവയ്ക്കണമെന്ന് ആവശ്യപ്പെട്ട് കേന്ദ്രം തിങ്കളാഴ്ച ഡൽഹി ഹൈക്കോടതിയെ സമീപിച്ചു. വിവാഹ സർട്ടിഫിക്കറ്റ് ഇല്ല എന്ന കാരണത്താൽ ഇവിടെ ആരും മരിക്കാൻ പോകുന്നില്ലെന്ന് കേന്ദ്രത്തിന് വേണ്ടി ഹാജരായ സോളിസിറ്റർ ജനറൽ തുഷാർ മേത്ത കോടതിയിൽ പറഞ്ഞു. തുടർന്ന്, ഹർജികളിൽ വാദം കേൾക്കുന്നത് ജൂലൈ ആറിലേക്ക് മാറ്റി.

നിലവിൽ ഒരു മഹാമാരിയെ നേരിടുന്ന സാഹചര്യത്തിൽ മറ്റ് അടിയന്തിര കാര്യങ്ങൾ കൂടി പരിഗണിക്കേണ്ടതുണ്ടെന്നും കേന്ദ്രത്തിന് വേണ്ടി ഹാജരായ സോളിസിറ്റർ ജനറൽ തുഷാർ മേത്ത കോടതിയിൽ സമർപ്പിച്ചു. നിയമ ഉദ്യോഗസ്ഥർ ഉൾപ്പെടെ കൊവിഡുമായി ബന്ധപ്പെട്ട കാര്യങ്ങൾ കൈകാര്യം ചെയ്യുകയാണ്. അടിയന്തരവും അത്യാവശ്യവുമായ വിഷയങ്ങളിലാണ് സർക്കാർ ഇപ്പോൾ ശ്രദ്ധ ചെലുത്തേണ്ടതെന്നും അദ്ദേഹം അറിയിച്ചു.

എന്നാൽ ഹർജി പരിഗണിക്കുന്നതിൽ കോടതി തീരുമാനമെടുക്കണമെന്ന് ഹർജിക്കാരുടെ അഭിഭാഷകർ വാദിച്ചു. രാജ്യത്ത് എൽ.ജി.ബി.ടി.ക്യു വിഭാഗത്തിൽപെടുന്ന 70 ദശലക്ഷത്തോളം ജനങ്ങൾ ഉണ്ടെന്നും അഭിഭാഷകർ കോടതിയെ ധരിപ്പിച്ചു. ആശുപത്രിയിൽ പ്രവേശിപ്പിക്കുന്നതിനും ചികിത്സ ലഭിക്കുന്നതിന് പോലും ഇവർ പ്രശ്നങ്ങൾ നേരിടുന്നുണ്ട്. എന്നാൽ ആശുപത്രി പ്രവേശനത്തിന് വിവാഹ സർട്ടിഫിക്കറ്റ് ആവശ്യമില്ലെന്ന് സോളിസിറ്റർ ജനറൽ പറഞ്ഞു.

സ്വവർഗ്ഗ വിവാഹം അംഗീകരിക്കണമെന്ന് ആവശ്യപ്പെട്ടുള്ള മൂന്ന് ഹർജികളാണ് കോടതി പരിഗണിച്ചത്. ഡോക്ടർ കവിത അറോറ, അങ്കിത ഖന്ന എന്നിവരാണ് ഒരു ഹർജി സമർപ്പിച്ചത്. പങ്കാളിയെ തിരഞ്ഞെടുക്കുന്നതിനുള്ള മൗലികാവകാശം നടപ്പാക്കണമെന്ന് അവർ ഹർജിയിൽ ആവശ്യപ്പെട്ടു. രണ്ടാമത്തെ അപേക്ഷ സമർപ്പിച്ചത് ഓവർസീസ് സിറ്റിസൺ ഓഫ് ഇന്ത്യ കാർഡ് ഉടമയായ പരാഗ് വിജയ് മേത്തയും വൈഭവ് ജൈനുമാണ്. ഇവർ 2017-ൽ അമേരിക്കയിൽ വെച്ച് വിവാഹിതരായെങ്കിലും ഇന്ത്യയിൽ വിവാഹം രജിസ്റ്റർ ചെയ്യാനുള്ള ശ്രമം നിരസിക്കപ്പെടുകയായിരുന്നു. ഹിന്ദു വിവാഹ നിയമപ്രകാരം സ്വവർഗ്ഗവിവാഹം അനുവദിക്കണമെന്നാവശ്യപ്പെട്ട് അഭിജിത്ത് അയ്യർ എന്നയാളും മറ്റു മൂന്നു പേരും ചേർന്നാണ് മൂന്നാമത്തെ ഹർജി സമർപ്പിച്ചത്.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here