Advertisement

സംസ്ഥാന മരണനിരക്കിൽ പൊരുത്തക്കേട്; കള്ളം പറയുന്നത് മുഖ്യമന്ത്രിയോ ഡോക്ടർമാരോ; വി മുരളീധരൻ

May 25, 2021
Google News 1 minute Read

സംസ്ഥാനത്തെ കൊവിഡ് മരണ നിരക്കിൽ സംശയവുമായി കേന്ദ്രമന്ത്രി വി മുരളീധരൻ. മുഖ്യമന്ത്രി പറയുന്നതോ ഡോക്റ്റർമാരുടെ വെളിപ്പെടുത്തലാണോ സത്യമെന്ന് വ്യക്തമാക്കണം. മരണ നിരക്ക് കുറച്ചു കാട്ടുന്നത് സർക്കാരിന്റെ പ്രചാര വേലയ്ക്കു മാത്രമേ ഗുണപ്പെടുകയുള്ളു. കൊവിഡ് പ്രോട്ടോകോളിൽ വെള്ളം ചേർത്ത് വ്യാജനേട്ടമുണ്ടാക്കാനുള്ള ശ്രമമാണെന്നും അദ്ദേഹം ആരോപിച്ചു.

മേയ് പന്ത്രണ്ടാം തിയതി തിരുവനന്തപുരം മെഡിക്കൽ കോളേജിൽ 70 കൊവിഡ് മരണങ്ങളുണ്ടായിരുന്നെന്ന് ഡോക്ടർമാർ പറയുന്നു. എന്നാൽ സർക്കാർ കണക്കനുസരിച്ച് ജില്ലയിലാകെ മരിച്ചത് 14 പേരാണ്. സംസ്ഥാനത്ത് ആകെ മരണം അന്ന് ഔദ്യോഗിക കണക്കനുസരിച്ച് 95 ആണ്. അപ്പോൾ തിരുവനന്തപുരം മെഡിക്കൽ കോളേജിൽ മരിച്ച 56 പേർ എവിടെപ്പോയെന്ന് മുരളീധരൻ ചോദിക്കുന്നു.

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണരൂപം:

കൊവിഡ് മരണനിരക്ക് പിടിച്ചുനിർത്താനായി എന്നതാണ് മറ്റുസംസ്ഥാനങ്ങളുമായി താരതമ്യം ചെയ്യുമ്‌ബോൾ കേരളത്തിൻറെ നേട്ടമെന്ന് സംസ്ഥാനസർക്കാർ ആവർത്തിച്ച് അവകാശപ്പെടുന്നു. രോഗികളുടെ എണ്ണത്തിൽ രാജ്യത്ത് ഒന്നാം നിരയിൽ എത്തിയപ്പോളും ഈ അവകാശവാദം ഉന്നയിക്കപ്പെട്ടു..

യഥാർഥത്തിൽ കേരളത്തിലെ മരണനിരക്ക് എത്രയാണ്..?

മുഖ്യമന്ത്രിയുടെ വൈകുന്നേര വാർത്താസമ്മേളനങ്ങളിൽ പറയുന്ന കണക്കുമായി ഒട്ടും പൊരുത്തപ്പെടാത്തതാണ് കഴിഞ്ഞദിവസം തിരുവനന്തപുരം മെഡിക്കൽ കോളേജിലെ ഡോക്ടർമാർ വെളിപ്പെടുത്തിയ കണക്ക്. ഈ മേയ് മാസം പന്ത്രണ്ടാം തിയതി തിരുവനന്തപുരം മെഡിക്കൽ കോളേജിൽ 70 കോവിഡ് മരണങ്ങളുണ്ടായിരുന്നെന്ന് ഡോക്ടർമാർ പറയുന്നു. എന്നാൽ അന്നേ ദിവസം സർക്കാർ കണക്കനുസരിച്ച് തിരുവനന്തപുരം ജില്ലയിലാകെ മരിച്ചത് 14 പേരാണ്.

സംസ്ഥാനത്ത് ആകെ മരണം അന്ന് ഔദ്യോഗിക കണക്കനുസരിച്ച് 95 ആണ്. അപ്പോൾ തിരുവനന്തപുരം മെഡിക്കൽ കോളേജിൽ മരിച്ച 56 പേർ എവിടെപ്പോയി …? എന്തുകൊണ്ട് മെഡിക്കൽ കോളേജ് മോർച്ചറിയിൽ ഡോക്ടർമാർ പറയുന്നതുപോലെ മൃതദേഹം സൂക്ഷിക്കാൻ ഇടമില്ലാത്ത സാഹചര്യമുണ്ടായി.?

ഡോക്ടർമാരാണോ സർക്കാരാണോ കള്ളം പറയുന്നത് .? കേരളം മരണക്കണക്കുകൾ മറച്ചുവയ്ക്കുന്നു എന്ന് ആരോഗ്യരംഗത്തെ പലരും അനൗപചാരിക സംസാരത്തിനിടെ പറഞ്ഞിട്ടുണ്ട്. പത്രങ്ങളുടെ ചരമക്കോളങ്ങൾ നിറഞ്ഞുവകവിയുന്നതായി ചില സുഹൃത്തുക്കളും ശ്രദ്ധയിൽപ്പെടുത്തുകയുണ്ടായി. ഇതെല്ലാം ശരിവയ്ക്കുന്നതാണ് തിരുവനന്തപുരത്തെ ഡോക്ടർമാരുടെ വെളിപ്പെടുത്തൽ. മറച്ചുവയ്ക്കലുകളും കള്ളക്കണക്കുകളുമാണ് കേരളം പോലൊരു ചെറിയ സംസ്ഥാനത്ത് രോഗികളുടെ എണ്ണത്തിൽ വൻ കുതിച്ചുചാട്ടമുണ്ടാക്കിയ ഒരു ഘടകം.

കൊവിഡ് പ്രോട്ടോക്കോളിൽ വെള്ളം ചേർത്ത് വ്യാജനേട്ടമുണ്ടാക്കാനുള്ള ശ്രമം തുടക്കം മുതൽ കണ്ടതുമാണ്. ഇനിയെങ്കിലും ഈ പ്രവണത കേരള സർക്കാർ അവസാനിപ്പിക്കണം. മരണനിരക്ക് കുറച്ചുകാട്ടുന്നത് സർക്കാരിൻറെ പ്രചാരവേലയ്ക്ക് മാത്രമെ ഗുണപ്പെടൂ. കേരളത്തിൽ എല്ലാം സുരക്ഷിതമാണ് എന്ന വ്യാജപ്രതീതി സൃഷ്ടിക്കുന്നത് ജനങ്ങളിൽ ജാഗ്രതക്കുറവുണ്ടാക്കും. മാധ്യമസുഹൃത്തുക്കൾ ആരും തിരുവനന്തപുരത്തെ മരണക്കണക്കുകളിലെ പൊരുത്തക്കേട് ചോദ്യം ചെയ്തില്ല എന്നതും അദ്ഭുതപ്പെടുത്തുന്നു.

ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിലെ മൃതദേഹങ്ങളുടെ വാർത്ത ഒന്നാം പേജിൽ നൽകുന്ന ആരും ഇക്കാര്യത്തിൽ ആശങ്കപ്പെട്ടതായി കാണുന്നില്ല..

കേന്ദ്രസർക്കാരിനെ നിശിതമായി വിമർശിക്കുകയും കേരളസർക്കാരിനെ വീഴ്ചകൾ ‘ചൂണ്ടിക്കാണിക്കുക’യും ചെയ്യുമെന്ന നിലപാടുള്ള ശ്രീ.വി.ഡി സതീശൻറെ പ്രതിപക്ഷം, മരണക്കണക്കിലെ പൊരുത്തക്കേട് നിയമസഭയിൽ ‘ചൂണ്ടിക്കാണി’ക്കുമെന്ന് പ്രതീക്ഷിക്കുകയാണ്…

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here