വ്യാജ പൾസ് ഓക്‌സി മീറ്ററുകളുടെ വിപണനം തടയണം; സംസ്ഥാന മനുഷ്യാവകാശ കമ്മീഷൻ

സംസ്ഥാനത്തെ വ്യാജ പൾസ് ഓക്‌സി മീറ്ററുകളുടെ വിപണനം അടിയന്തിരമായി തടയണമെന്ന് മനുഷ്യാവകാശ കമ്മീഷൻ. ആരോഗ്യ സെക്രട്ടറിക്കാണ് കമ്മീഷൻ ജുഡീഷ്യൽ അംഗം ഉത്തരവ് നൽകിയത്.
നടപടി സ്വീകരിച്ച ശേഷം മൂന്നാഴ്ചക്കകം റിപ്പോർട്ട് സമർപ്പിക്കണമെന്ന് കമ്മീഷൻ ആവശ്യപ്പെട്ടു. ഇത്തരം മനുഷ്യരഹിതമായ പ്രവർത്തനങ്ങൾ ഉടൻ തടയണമെന്നും കമ്മീഷൻ വ്യക്തമാക്കി.
വ്യാജ ഓക്‌സി മീറ്ററുകളിൽ കമ്പനിയുടെ പേരോ വിലയോ രേഖപ്പെടുത്താറില്ല. കൊവിഡ് വ്യാപകമായതോടെ പൾസ് ഓക്‌സി മീറ്ററുകൾക്ക് ക്ഷാമം നേരിട്ടിരുന്നു. ഈ സാഹചര്യം മുതലാക്കിയാണ് വ്യാജ പൾസ് ഓക്‌സി മീറ്ററുകൾ വിപണിയിൽ സുലഭമായി ലഭിച്ചു തുടങ്ങിയത്. സാമൂഹിക പ്രവർത്തകനായ നൗഷാദ് തെക്കയിൽ സമർപ്പിച്ച പരാതിയിലാണ് നടപടി.
ശരീരത്തിലെ ഓക്‌സിജൻറെ അളവ് കണ്ടെത്താനുള്ള ഉപകരണമാണ് പൾസ് ഓക്‌സി മീറ്റർ. ഓക്‌സിമീറ്റർ ഓണാക്കി വിരൽ അതിനുള്ളിൽ വച്ചാൽ ശരീരത്തിലെ ഓക്‌സിജൻറെ തോതും ഹൃദയമിടിപ്പും സ്‌ക്രീനിൽ തെളിയും. കൊവിഡ് ബാധിതർക്ക് ഓക്‌സിജൻറെ അളവ് പെട്ടെന്ന് കുറയാനുള്ള സാധ്യതയുള്ളത് കൊണ്ട്, വീടുകളിൽ കഴിയുന്ന രോഗികൾ ഇടക്കിടെ പരിശോധന നടത്തണമെന്നാണ് നിർദേശം.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here