യാസ് ചുഴലിക്കാറ്റ് ഒഡിഷ തീരത്തോട് അടുക്കുന്നു

ബംഗാൾ ഉൾക്കടലിൽ രൂപം കൊണ്ട യാസ് ചുഴലിക്കാറ്റ് ഒഡിഷ തീരത്തോട് അടുക്കുന്നു. യാസ് അതിതീവ്ര ചുഴലി കൊടുങ്കാറ്റായി ശക്തി പ്രാപിച്ചു വരുന്നതായി കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. നാളെ രാവിലെ യാസ് കര തൊടും. പശ്ചിമ ബംഗാൾ, ഒഡിഷ സംസ്ഥാനങ്ങളിൽ നിന്ന് 12 ലക്ഷത്തോളം പേരെ മാറ്റിപാർപ്പിച്ചു. ഒഡിഷയിലെ അഞ്ച് ജില്ലകളിൽ റെഡ് അലേർട്ട് പ്രഖ്യാപിച്ചു.
വടക്ക് , വടക്ക് – പടിഞ്ഞാറ് ദിശയിൽ, മണിക്കൂറിൽ 18 കിലോമീറ്റർ വേഗതയിലാണ് ചുഴലിക്കാറ്റിന്റെ സഞ്ചാരം. നേരത്തെ കണക്കാക്കിയതിലും നേരത്തെ വടക്കൻ ഒഡിഷ – പശ്ചിമബംഗാൾ തീരങ്ങൾക്കിടയിൽ പാരാദ്വീപിനും സാഗർ ദ്വീപിനും മധ്യേ ചുഴലിക്കാറ്റ് കരയിൽ പ്രവേശിക്കുമെന്ന് കാലാവസ്ഥാ നിരീക്ഷണം കേന്ദ്രം അറിയിച്ചു. ഒഡിഷയിലെ ധമ്രാ, പാരാദ്വീപ് തുറമുഖങ്ങൾക്ക് അപകട മുന്നറിയിപ്പ് നൽകി. കാറ്റിന്റെ പാതയിൽ വരുന്ന പാരാദ്വീപ് തുറമുഖത്ത് നിന്ന് 12 കപ്പലുകൾ ആഴക്കടലിലേയ്‌ക്ക് മാറ്റി. മുന്നൊരുക്കങ്ങളുടെ ഭാഗമായി ബംഗാളിലെ 14 ജില്ലകളിൽ നിന്നായി 9 ലക്ഷം പേരെയും ഒഡീഷയിലെ 7 ജില്ലകളിൽ നിന്നായി രണ്ടര ലക്ഷത്തിലധികം പേരെയും മാറ്റി പാർപ്പിച്ചു.
ബംഗാൾ, ഒഡിഷ, ബിഹാർ, ജാർഖണ്ഡ്, ഛത്തീസ്‌ഗഢ് സംസ്ഥാനങ്ങളിൽ പരക്കെ മഴ ലഭിക്കുന്നുണ്ട്. ഒഡിഷയിലെ നാല് ജില്ലകളിൽ റെഡ് അലേർട്ട് പ്രഖ്യാപിച്ചു. മേഖലയിൽ കടൽ പ്രക്ഷുബ്ധമാണ്. 4 മീറ്ററോളം ഉയരത്തിൽ തിരകൾ അടിക്കുന്നുണ്ട്. ചുഴലിക്കാറ്റിനെ നേരിടാനുള്ള തയ്യാറെടുപ്പുകൾ ഏതാണ്ട് പൂർത്തിയായതായി എൻഡിആർഎഫ് അറിയിച്ചു. എൻഡിആർഎഫിന്റെ 112 സംഘങ്ങളെയാണ് 6 സംസ്ഥാനങ്ങളിലായി വിന്യസിച്ചിരിക്കുന്നത്. കര, നാവിക, വ്യോമ സേനകളും കോസ്‌റ്റ് ഗാർഡും രക്ഷാ പ്രവർത്തനങ്ങൾക്കായി വിവിധ സ്ഥലങ്ങളിൽ നിലയുറപ്പിച്ചു. ചുഴലിക്കാറ്റിന്റെ പശ്ചാത്തലത്തിൽ, ബംഗ്ലാദേശിൽ നദീജല ഗതാഗതം രണ്ടു ദിവസത്തേക്കു വിലക്കി.
Story Highlights: Yaas cyclone approaches the coast of Odisha
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here