ലക്ഷദ്വീപിന്റെ ഭാവി ഭീഷണിയിൽ; പ്രധാനമന്ത്രിക്ക് രാഹുൽ ഗാന്ധിയുടെ കത്ത്

ലക്ഷദ്വീപ് പ്രശ്‌നത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി അടിയന്തിരമായി ഇടപെടണമെന്ന് കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി. പ്രധാനമന്ത്രിക്കയച്ച കത്തിലാണ് രാഹുൽ ഇക്കാര്യം ആവശ്യപ്പെട്ടത്. ലക്ഷദ്വീപിലെ പുതിയ ചട്ടങ്ങൾ പിൻവലിക്കാൻ പ്രധാനമന്ത്രിയുടെ ഇടപെടൽ ആവശ്യപ്പെട്ട രാഹുൽ വിയോജിപ്പിക്കളെ അടിച്ചമർത്താനും ജനാധിപത്യത്തെ ദുർബലപ്പെടുത്താനുള്ള ശ്രമങ്ങളുമാണ് ലക്ഷദ്വീപിൽ നടക്കുന്നതെന്നും ആരോപിച്ചു.
ദ്വീപിന്റെ പ്രകൃതിദത്തമായ സൗന്ദര്യവും സംസ്‌കാരങ്ങളുടെ അതുല്യമായ സംഗമവും തലമുറകളായി ആളുകളെ ആകർഷിച്ചിട്ടുണ്ട്. ആ പൈതൃകത്തിന്റെ സൂക്ഷിപ്പുകാർ വരുംതലമുറയ്ക്കായി ദ്വീപ് സമൂഹത്തെ സംരക്ഷിക്കാൻ ശ്രമിക്കുന്നു. ലക്ഷദ്വീപിലെ ജനങ്ങൾ അവരുടെ ജീവിതരീതിയെ മാനിക്കുകയും അവരുടെ അഭിലാഷങ്ങളെ പ്രതിഫലിപ്പിക്കുകയും ചെയ്യുന്ന ഒരു വികസന കാഴ്ചപ്പാടിന് അർഹരാണ്’ – രാഹുൽ പ്രധാനമന്ത്രിക്ക് അയച്ച കത്തിൽ പറയുന്നു.
ലക്ഷദ്വീപിന്റെ അഡ്മിനിസ്ട്രേറ്റർ പ്രഫുൽ ഖോഡ പട്ടേൽ പ്രഖ്യാപിച്ച ജനവിരുദ്ധ നയങ്ങൾ അവരുടെ ഭാവിക്ക് ഭീഷണിയാണ്. തിരഞ്ഞെടുക്കപ്പെട്ട പ്രതിനിധികളുമായോ പൊതുജനങ്ങളുമായോ കൃത്യമായി ആലോചിക്കാതെ അഡ്മിനിസ്ട്രേറ്റർ ഏകപക്ഷീയമായി വലിയ മാറ്റങ്ങൾ നിർദ്ദേശിച്ചിട്ടുണ്ട്. ഈ ഏകപക്ഷീയമായ നടപടിക്കെതിരെ ലക്ഷദ്വീപിലെ ജനങ്ങൾ പ്രതിഷേധിക്കുകയാണെന്നും രാഹുൽ ഗാന്ധി ചൂണ്ടിക്കാട്ടി.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here