23
Jun 2021
Wednesday

മുല്ലപ്പള്ളി രാമചന്ദ്രന്‍ വളരെയേറെ തെറ്റിദ്ധരിക്കപ്പെട്ട വ്യക്തിത്വം; പിന്തുണച്ച് ചെന്നിത്തല

udf ready to face election ays chennithala and mullappally

കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രനെ ഫേസ്ബുക്കില്‍ പിന്തുണച്ച് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് രമേശ് ചെന്നിത്തല. സമീപകാലത്ത് വളരെയേറെ തെറ്റിദ്ധരിക്കപ്പെട്ടിട്ടുള്ള വ്യക്തിത്വമാണ് മുല്ലപ്പള്ളി രാമചന്ദ്രനെന്നും വാസ്തവത്തില്‍ ഇന്ന് അദ്ദേഹത്തിനെതിരെ ഉയര്‍ന്ന പല വിമര്‍ശനങ്ങളും അസ്ഥാനത്താണെന്നും ചെന്നിത്തല കുറിച്ചു.

ഒരു വ്യക്തിയെന്ന നിലയിലും നേതാവെന്ന നിലയിലും മുല്ലപ്പള്ളിയെ ശരിയായി വിലയിരുത്താന്‍ കേരള സമൂഹത്തിന് സാധിച്ചിട്ടില്ല എന്നുള്ളതാണ് യാഥാര്‍ത്ഥ്യം. നിയമസഭ പരാജയത്തിനു ശേഷം അദ്ദേഹം കൂടുതല്‍ വേട്ടയാടപ്പെട്ടു കൊണ്ടിരിക്കുന്നു. ഈ പരാജയത്തിന് ഉത്തരവാദിത്തം മുല്ലപ്പള്ളിക്ക് മാത്രമാണെന്ന് വിശ്വസിക്കുന്നില്ല. ഈ തോല്‍വിയുടെ ഉത്തരവാദിത്വം മുല്ലപ്പള്ളിയെക്കാള്‍ കൂടുതല്‍ തനിക്കും ഉമ്മന്‍ ചാണ്ടിക്കും മറ്റു നേതാക്കള്‍ക്കും ഉണ്ടെന്ന് വിശ്വസിക്കുന്നുവെന്നും ചെന്നിത്തല.

കുറിപ്പ്:

തിരഞ്ഞെടുപ്പ് പരാജയത്തെ തുടര്‍ന്ന് കെ.പി.സി.സി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്‍ സ്ഥാനം രാജി വെക്കാനുള്ള സന്നദ്ധത ഹൈക്കമാന്റിനെ അറിയിച്ചിരിക്കുകയാണ്. സമീപകാലത്ത് വളരെയേറെ തെറ്റിദ്ധരിക്കപ്പെട്ടിട്ടുള്ള ഒരു വ്യക്തിത്വമാണ് മുല്ലപ്പള്ളി രാമചന്ദ്രന്‍.
വാസ്തവത്തില്‍ ഇന്ന് അദ്ദേഹത്തിനെതിരെ ഉയര്‍ന്ന പല വിമര്‍ശനങ്ങളും അസ്ഥാനത്താണ്. ഒരു വ്യക്തിയെന്ന നിലയിലും നേതാവെന്ന നിലയിലും മുല്ലപ്പള്ളിയെ ശരിയായി വിലയിരുത്താന്‍ കേരള സമൂഹത്തിന് സാധിച്ചിട്ടില്ല എന്നുള്ളതാണ് യാഥാര്‍ത്ഥ്യം. കെ.എസ്.യു, യൂത്ത് കോണ്‍ഗ്രസിലൂടെയാണ് പൊതുരംഗത്ത് അദ്ദേഹം സജീവമാകുന്നത്.
കെ.എസ്.യു ജില്ലാ പ്രസിഡണ്ട്, സംസ്ഥാന വൈസ് പ്രസിഡണ്ട്, കാലിക്കറ്റ് സര്‍വ്വകലാശാല യൂണിയന്‍ ചെയര്‍മാന്‍ എന്നീ പദവികളില്‍ കൂടെ കടന്നു വന്ന അദ്ദേഹം, 1978 ല്‍ പാര്‍ട്ടി പിളര്‍ന്നപ്പോള്‍ ഇന്ദിരാഗാന്ധിയോടൊപ്പം നിലയുറപ്പിച്ചു.
കേരളത്തിലെ ഒരറ്റം മുതല്‍ മറ്റേ അറ്റം വരെ പൂര്‍ണമായും കാല്‍നടയായി സഞ്ചരിച്ച മുല്ലപ്പള്ളി രാമചന്ദ്രനെ ഞാനോര്‍ക്കുകയാണ്.
യൂത്ത് കോണ്‍ഗ്രസിന്റെ സംസ്ഥാന പ്രസിഡണ്ടായി കാസര്‍കോട് മുതല്‍ തിരുവനന്തപുരം വരെ നടത്തിയ പദയാത്ര അന്നത്തെ യൂത്ത് കോണ്‍ഗ്രസിന് ഊര്‍ജ്ജം പകര്‍ന്നു നല്‍കുന്നതായിരുന്നു.
എട്ടുതവണ പാര്‍ലമെന്റ് അംഗമായി പ്രവര്‍ത്തിച്ച വ്യക്തിയാണ്. അതും മാര്‍ക്‌സിസ്റ്റ് പാര്‍ട്ടിയുടെ ശക്തമായ കോട്ടകളായ കണ്ണൂരും വടകരയും അടക്കമുള്ള മണ്ഡലങ്ങളില്‍ നിന്നാണ് ജയിച്ചത്. ഒരുമിച്ച് നാലു തവണ പാര്‍ലമെന്റ് അംഗങ്ങളായി പ്രവര്‍ത്തിക്കാന്‍ ഞങ്ങള്‍ക്ക് സാധിച്ചിട്ടുണ്ട്. രണ്ടു തവണ അദ്ദേഹം കേന്ദ്രമന്ത്രിയായിരുന്നു. പാര്‍ലമെന്റില്‍ അതിമനോഹരമായി ഇംഗ്ലീഷില്‍ പ്രസംഗിക്കുന്ന മുല്ലപ്പള്ളി രാമചന്ദ്രനെ എല്ലാ എം.പിമാരും ശ്രദ്ധിച്ചിരുന്നു. രാജീവ് ഗാന്ധി അദ്ദേഹത്തെ എ.ഐ.സി.സി സെക്രട്ടറിയാക്കി വിവിധ സംസ്ഥാനങ്ങളുടെ ചുമതല ഏല്‍പ്പിച്ചു.
ദേശീയ നേതാക്കളുമായി ഊഷ്മളമായ ബന്ധമായിരുന്നു അദ്ദേഹത്തിനുണ്ടായിരുന്നത്. കേന്ദ്രമന്ത്രി എന്ന നിലയില്‍ ഒരു പരാതിക്കും ഇടനല്‍കാതെ ഭംഗിയായി കാര്യങ്ങള്‍ നിറവേറ്റി.
സ്വാതന്ത്ര്യസമര പശ്ചാത്തലമുള്ള ഒരു കുടുംബത്തിലെ അംഗമായത് കൊണ്ടാവാം, ഒരിക്കലും കമ്മ്യൂണിസ്റ്റുകാര്‍ക്ക് മുമ്പില്‍ മുട്ടുമടക്കാതെ ധീരമായി പോരാടി. സ്വാതന്ത്ര്യ സമരസേനാനി മുല്ലപ്പള്ളി ഗോപാലനാണ് അദ്ദേഹത്തിന്റെ പിതാവ്. ഞങ്ങള്‍ക്ക് ഒരുപാട് സ്‌നേഹം പകര്‍ന്നു നല്‍കിയ അദ്ദേഹത്തിന്റെ മാതാവ് ധന്യമായ ഒരു വ്യക്തിത്വമായിരുന്നു.
അഴിമതിയുടെ കറപുരളാത്ത, ആദര്‍ശ ശുദ്ധിയുള്ള പൊതു സമൂഹത്തില്‍ ഏറ്റവും കൂടുതല്‍ മൂല്യങ്ങള്‍ സൂക്ഷിക്കുന്ന ഒരു വ്യക്തിത്വമായിട്ടാണ് കഴിഞ്ഞ 40 വര്‍ഷക്കാലത്തെ പരിചയം കൊണ്ട് എനിക്ക് അദ്ദേഹത്തെ അറിയാവുന്നത്. പാര്‍ട്ടി പറഞ്ഞ ഓരോ അവസരങ്ങളിലും ചിറ്റൂരിലും നിലമ്പൂരിലുമടക്കം ഓരോ ഉപതെരഞ്ഞെടുപ്പുകളിലും വെല്ലുവിളികള്‍ ഏറ്റെടുത്ത് മത്സരിച്ച വ്യക്തിയാണ്.
മലബാറിലെ കോണ്‍ഗ്രസിന്റെ കരുത്താണ് മുല്ലപ്പള്ളി രാമചന്ദ്രന്‍ എന്നതില്‍ യാതൊരു സംശയവും വേണ്ട. ജനഹൃദയങ്ങളില്‍ ജീവിക്കുന്ന വ്യക്തിയാണദ്ദേഹം. കോണ്‍ഗ്രസ് പ്രസിഡണ്ടിനെ തിരഞ്ഞെടുക്കാനുള്ള നിയോഗം അദ്ദേഹത്തിനായിരുന്നു.
ആ പ്രക്രിയ പൂര്‍ത്തീകരിച്ച് രാഹുല്‍ ഗാന്ധിയെ കോണ്‍ഗ്രസ് പ്രസിഡണ്ടായി തെരഞ്ഞെടുത്ത് പ്രഖ്യാപിച്ചത് ചരിത്ര മുഹൂര്‍ത്തമായി ഞാനിപ്പോഴും കാണുന്നു.
അങ്ങനെ ചരിത്രത്തിലെ തങ്കത്താളുകളില്‍ സ്ഥാനംപിടിച്ച വ്യക്തിയാണ്. ഔദ്യോഗിക കാര്യങ്ങളോ പാര്‍ട്ടി പദവികളോ സ്വന്തം കാര്യത്തിനു വേണ്ടി ഒരിക്കലും ഉപയോഗിക്കാത്ത നിര്‍മലമായ വ്യക്തിത്വം. ഒരു ആരോപണവും ഇത്രയും കാലമായി അദ്ദേഹത്തിനെതിരെ ഉന്നയിക്കാന്‍ സാധിക്കാത്തത് ആ വ്യക്തിത്വത്തിന്റെ പ്രതിഫലനമാണ്.
കെ.പി.സി.സി പ്രസിഡണ്ടായി തിരഞ്ഞെടുക്കപ്പെട്ടത് പ്രത്യേക കാലഘട്ടത്തിലാണ്. കേരളത്തിലെ കോണ്‍ഗ്രസിന് പല കാരണങ്ങള്‍ കൊണ്ടും പ്രതിസന്ധികള്‍ നേരിടേണ്ടതായി വരുന്നു. പഴയകാല കെ.എസ്.യു അല്ല ഇപ്പോഴത്തെ കെ.എസ്.യു. പഴയകാല യൂത്ത് കോണ്‍ഗ്രസ് അല്ല ഇപ്പോഴത്തേത്. ഈ പ്രതിസന്ധി ഘട്ടത്തിലും മുന്നോട്ട് നയിക്കാന്‍ മുല്ലപ്പള്ളി രാമചന്ദ്രന് സാധിച്ചു. പക്ഷേ അദ്ദേഹം അര്‍ഹിക്കാത്ത വിമര്‍ശനവും പരിഹാസവും നിരത്തി അപമാനിക്കാനുള്ള നീക്കവും ധാരാളമായി ഉണ്ടായി. എനിക്കും അദ്ദേഹത്തിനും സി.പി.എമ്മിന്റെ സൈബര്‍ വെട്ടുകിളിക്കൂട്ടത്തില്‍ നിന്ന് രക്ഷപ്പെടാന്‍ സാധിച്ചില്ല. കോണ്‍ഗ്രസ് നേതാക്കളെ അപമാനിക്കാനും അവഹേളിക്കാനും സി.പി.എമ്മിന്റെ സൈബര്‍ സംവിധാനം എല്ലാ ഘട്ടത്തിലും പ്രവര്‍ത്തിച്ചു. അപ്പോഴും വേണ്ട വിധത്തിലുള്ള പ്രതിരോധം തീര്‍ക്കാന്‍ നമ്മുടെ പാര്‍ട്ടിക്ക് ആയില്ല എന്നത് ഒരു സത്യം തന്നെയാണ്.
പിന്തിരിഞ്ഞു നോക്കുമ്പോള്‍ മുല്ലപ്പള്ളി രാമചന്ദ്രന്റെ നേതൃത്വത്തിലാണ് പാര്‍ലമെന്റ് തെരഞ്ഞെടുപ്പില്‍ ഇരുപതില്‍ 19 സീറ്റും വിജയിച്ചത്. അന്ന് മുല്ലപ്പള്ളിയെയോ ഉമ്മന്‍ചാണ്ടിയേയോ എന്നെയോ ആരും അഭിനന്ദിച്ചു കണ്ടില്ല. രാഹുല്‍ ഗാന്ധിയുടെ സ്ഥാനാര്‍ത്ഥിത്വവും ആ തെരഞ്ഞെടുപ്പില്‍ പ്രധാനകാരണമായിരുന്നു എന്ന കാര്യത്തില്‍ എനിക്ക് സംശയമില്ല.
നിയമസഭ പരാജയത്തിനു ശേഷം അദ്ദേഹം കൂടുതല്‍ വേട്ടയാടപ്പെട്ടു കൊണ്ടിരിക്കുന്നു. ഈ പരാജയത്തിന് ഉത്തരവാദിത്വം മുല്ലപ്പള്ളിക്ക് മാത്രമാണെന്ന് ഞാന്‍ വിശ്വസിക്കുന്നില്ല. ഈ തോല്‍വിയുടെ ഉത്തരവാദിത്വം മുല്ലപ്പള്ളിയെക്കാള്‍ കൂടുതല്‍ എനിക്കും ഉമ്മന്‍ചാണ്ടിക്കും മറ്റുനേതാക്കള്‍ക്കും ഉണ്ടെന്ന് വിശ്വസിക്കുന്നു.
മുല്ലപ്പള്ളി രാമചന്ദ്രന്‍ തെറ്റിദ്ധരിക്കപ്പെട്ട വ്യക്തിത്വമാണെന്ന് പറയാന്‍ കാരണമുണ്ട്. അദ്ദേഹത്തിന്റെ ആദര്‍ശനിഷ്ഠ, അചഞ്ചലമായ പാര്‍ട്ടി കൂറ്, ചടുലമായ നീക്കങ്ങള്‍,
കഴിവ്, ഇതൊന്നും വിലയിരുത്താന്‍ കഴിഞ്ഞില്ല എന്നതാണ് സത്യം. അദ്ദേഹത്തിന്റെ പ്രവര്‍ത്തന പാരമ്പര്യം, പ്രവര്‍ത്തന ക്ഷമത ഇതൊന്നും പരിഗണിക്കപ്പെട്ടില്ല. എന്നോടോ ഉമ്മന്‍ചാണ്ടിയോടോ മറ്റു പ്രധാന നേതാക്കളോടോ ചര്‍ച്ച ചെയ്യാതെ അദ്ദേഹം ഒരു കാര്യവും കൈകൊണ്ടിട്ടില്ല. അതിനര്‍ത്ഥം ഈ തീരുമാനത്തിന്റെ നേട്ടത്തിലും കോട്ടത്തിലും എല്ലാ നേതാക്കന്മാര്‍ക്കും ഒരേപോലെ പങ്കാളിത്വം ഉണ്ടെന്നാണ്.
സോഷ്യല്‍ മീഡിയ വഴി ആരെയും ആക്ഷേപിക്കാന്‍ സാഹചര്യമുള്ളതിനാല്‍ മുല്ലപ്പള്ളിയുടെ നല്ലവശം ആരും ശ്രദ്ധിച്ചില്ല.
വളരെ ശ്രമകരമായ പ്രവര്‍ത്തനമാണ് അദ്ദേഹം നടത്തിയത്.
കടത്തനാടിന്റെ മണ്ണിന്റെ കരുത്തുമായി പോരാടിയ വ്യക്തിയാണ് അദ്ദേഹം. പാര്‍ട്ടിയെ ഒരു സന്ദര്‍ഭത്തിലും പ്രതിസന്ധിയിലേക്ക് തള്ളി വിടാത്ത നേതാവാണ് എന്ന് ഉറപ്പായും പറയാന്‍ പറ്റും. പല ഘട്ടങ്ങളിലും അതിനുള്ള അവസരങ്ങള്‍ ഉണ്ടായിരുന്നു. സ്വന്തം മഹത്വം ഉയര്‍ത്തിപ്പിടിക്കാന്‍ പാര്‍ട്ടിയും പാര്‍ട്ടി പദവികളും അദ്ദേഹം ഒരിക്കലും ഉപയോഗിച്ചിട്ടില്ല. ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസിന്റെ കര്‍മ്മനിരതനായ നേതാവ് എന്ന നിലയില്‍ ആദര്‍ശ സുരഭിലമായ ഒരു ജീവിതം നയിക്കുന്ന മുല്ലപ്പള്ളി രാമചന്ദ്രനോടും അദ്ദേഹത്തിന്റെ കുടുംബത്തോടും പാര്‍ട്ടിയും സമൂഹവും നീതി കാണിച്ചിട്ടുണ്ടോ എന്ന ചോദ്യം എന്റെ മനസ്സില്‍ മുഴങ്ങുന്നു. നീതി നല്‍കിയില്ല എന്നതാണ് എന്റെ വിശ്വാസം. നാളെ കാലവും ചരിത്രവും ഞാനീ പറയുന്ന യാഥാര്‍ഥ്യം മുറുകെ പിടിക്കും എന്നതില്‍ സംശയമില്ല. മുല്ലപ്പള്ളി രാമചന്ദ്രന്റെ പ്രവര്‍ത്തനങ്ങള്‍ എന്നും ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസിന്റെ കരുത്തായിരിക്കും, ശക്തിയായിരിക്കും. അദ്ദേഹത്തിന്റെ പ്രവര്‍ത്തനങ്ങളെ ഞാനെന്നും വിലമതിക്കുന്നു. ഹൃദയം നിറഞ്ഞ് അഭിനന്ദിക്കുന്നു. ഒരു സഹപ്രവര്‍ത്തകന്‍ എന്ന നിലയില്‍ നല്‍കിയ എല്ലാവിധ പിന്തുണയും പൂര്‍ണ്ണമനസ്സോടെ ഓര്‍ക്കുകയും അംഗീകരിക്കുകയും ചെയ്യുന്നു. സംഘടനാ ദൗര്‍ബല്യം എന്നത് ഒരു വ്യക്തിയുടെ മാത്രം കുറവല്ല. കൂട്ടായ നേതൃത്വത്തിലുണ്ടായ പോരായ്മകളായി ഞാന്‍ കണക്കാക്കുന്നു. ഉമ്മന്‍ ചാണ്ടിക്കും രമേശ് ചെന്നിത്തലയ്ക്കും മറ്റു മുതിര്‍ന്ന നേതാക്കള്‍ക്കും ഇല്ലാത്ത യാതൊരു ഉത്തരവാദിത്വവും മുല്ലപ്പള്ളി രാമചന്ദ്രനെ തലയില്‍ ആരും കെട്ടി വയ്‌ക്കേണ്ട. എനിക്കും ഉമ്മന്‍ ചാണ്ടിക്കു ശേഷം മാത്രമാണ് മുല്ലപ്പള്ളി രാമചന്ദ്രന് ഉത്തരവാദിത്വമുള്ളത്.
ഒരു അപശബ്ദം പോലും ഉണ്ടാവാതെ പാര്‍ട്ടിയെ മുന്നോട്ട് നയിച്ചു. പാര്‍ട്ടി നേതാക്കന്മാരെ പൊതുസമൂഹത്തിനു മുമ്പില്‍ ബുദ്ധിമുട്ടിക്കാതെ എല്ലാവരേയും ഒരുമിച്ച് കൊണ്ടുപോകാന്‍ ശ്രമിച്ച മുല്ലപ്പള്ളി രാമചന്ദ്രന്‍ എന്നും ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസിന്റെ മുതല്‍കൂട്ടാണ്. അനാവശ്യ ആരോപണങ്ങള്‍ ഉന്നയിച്ച് അദ്ദേഹത്തെ അപമാനിക്കാന്‍ ശ്രമിച്ച ആളുകള്‍ ഇന്നല്ലെങ്കില്‍ നാളെ പശ്ചാത്തപിക്കും എന്ന് ഞാന്‍ ഉറച്ചു വിശ്വസിക്കുന്നു. മുല്ലപ്പള്ളി രാമചന്ദ്രന് എല്ലാവിധ ആശംസകളും നേരുന്നു.

Story Highlights: ramesh chennithala, mullappally ramachandran

കൊവിഡ് പോരാട്ടത്തില്‍ അണിചേരുകയാണ് ഫ്‌ളവേഴ്‌സും ട്വന്റിഫോര്‍ ന്യൂസും
COVID WAR 24X7 എന്ന ക്യാമ്പെയിനിലൂടെ. ഇത് ഒരു യുദ്ധമാണ്. വിജയം മാത്രം ലക്ഷ്യംവെച്ചുകൊണ്ട് നമ്മള്‍ ഒരുമിച്ചു നയിക്കുന്ന യുദ്ധം.

Doctor In | Covid Warriors | Stay Home Creative Challenge | Perfect Ok Photography Award | Inspire The Idea Bank

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top