14
Jun 2021
Monday

സിനിമാ സാംസ്‌കാരിക മന്ത്രിയുടെ പോസ്റ്റ് പങ്കുവെച്ച് ഐക്യദാർഢ്യം; പൃഥ്വിരാജിന് പിന്തുണയുമായി ആഷിഖ് അബു

ലക്ഷദ്വീപ് ജനതയ്ക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ചതിന് സൈബർ ആക്രമണം നേരിടേണ്ടി വന്ന നടൻ പൃഥ്വിരാജിന് പിന്തുണയുമായി സംവിധായകൻ ആഷിഖ് അബു. ലക്ഷദ്വീപ് ജനതയോട് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചതിന്റെ പേരില്‍ നടന്‍ പൃഥ്വിരാജിനെതിരെ വാളെടുക്കുന്നവര്‍ക്കെതിരെ സാംസ്‌കാരിക കേരളം ഒന്നടങ്കം പ്രതിഷേധിക്കണമെന്ന സിനിമാ സാംസ്‌കാരിക മന്ത്രി സജി ചെറിയാന്റെ പോസ്റ്റ് പങ്കുവെച്ച് കൊണ്ടായിരുന്നു ആഷിഖ് അബു പിന്തുണ അറിയിച്ചത്.

സജി ചെറിയാന്റെ കുറിപ്പ്

ലക്ഷദ്വീപ് ജനതയോട് ഐക്യദാർഢ്യം പ്രഖ്യാപിച്ചതിന്റെ പേരിൽ നടൻ പൃഥ്വീരാജിനെതിരെ വാളെടുക്കുന്നവർക്കെതിരെ സാംസ്കാരിക കേരളം ഒന്നടങ്കം പ്രതിഷേധിക്കണം.

എതിർ ശബ്ദങ്ങളുടെ മുഴുവൻ വായടപ്പിക്കാൻ ശ്രമിക്കുന്ന ഫാസിസ്റ്റ് സമീപനമാണ് ഇക്കൂട്ടരുടെ പ്രസ്താവന കളിൽ കാണുന്നത്. നേരത്തെ കൽബുർഗിയുടേയും പൻസാരെയുടേയും ഗൗരിലങ്കേഷിന്റെയുമൊക്കെ കാര്യത്തിൽ ഉണ്ടായ സമീപനത്തിന്റെ രീതിയായും ഇതിനെ കാണേണ്ടതുണ്ട്. ഇതിൽ സാംസ്കാരിക കേരളം ഒന്നടങ്കം പൃഥീരാജിനൊപ്പമുണ്ടാകും.

മനോഹരമായ ഒരു ദ്വീപസമൂഹത്തിലെ സൗന്ദര്യവും സംസ്കാരവും നശിപ്പിക്കാനും അത് കുത്തകകൾക്ക് അടിയറവയ്ക്കാനുമുള്ള ലക്ഷദ്വീപ് അഡ്മിനിസ്ട്രേറ്ററുടെ ജുഗുപ്സാവഹമായ ഭരണപരിഷ്കാരങ്ങളിൽ നൊമ്പരപ്പെടുകയും പ്രതിഷേധിക്കുകയും ചെയ്യുന്ന സാധാരണക്കാരായ ദ്വീപ് നിവാസികളുടെ വേദന പങ്കിട്ടു കൊണ്ടാണ് പൃഥ്വിരാജ് സുകുമാരൻ ഇൻസ്റ്റാഗ്രാമിൽ തന്റെ അഭിപ്രായം പങ്കു വെച്ചത്. സ്കൂൾ വിദ്യാർഥിയായിരുന്ന കാലം മുതൽ സിനിമ അഭിനയത്തിന്റെ ഏറ്റവും അടുത്ത നാൾ വരെ കണ്ടും അറിഞ്ഞും അനുഭവിച്ചും പോന്ന ദ്വീപിന്റെ തനതായ വശ്യതയും സൗന്ദര്യവും അന്യം നിന്നു പോകുമെന്ന ആശങ്കയാണ് മലയാളത്തിന്റെ ഈ പ്രിയനടൻ പങ്കുവച്ചത്. ദ്വീപ് സമൂഹത്തിൽ പെട്ട ചങ്ങാതികൾ തനിക്ക് അയച്ച സന്ദേശത്തിന്റെ ഗൗരവം ഹൃദയത്തിൽ ഏറ്റുവാങ്ങിയാണ് ഭരണാധികാരിയുടെ ജനവിരുദ്ധ നീക്കങ്ങളെ എതിർക്കുന്നതെന്നും അദ്ദേഹം പറഞ്ഞിരുന്നു.

സാമൂഹ്യ-സാംസ്കാരിക പ്രശ്നങ്ങളെ ഉത്തരവാദിത്വത്തോട് കൂടി നിരീക്ഷിക്കുന്ന കലാകാരൻ എന്ന നിലയിൽ കേവലമായ അതിരുകൾ അല്ല മറിച്ചു മനുഷ്യരും അവരുടെ ജീവിതവും സാംസ്കാരിക വിനിമയങ്ങളും ആണ് ഒരു ജനതയുടെ സ്വത്വവും സാംസ്കാരിക വിശുദ്ധിയും പ്രകടമാക്കുന്നത് എന്നും അദ്ദേഹം പറയുന്നുണ്ട് അതുകൊണ്ട് ലക്ഷദ്വീപ് പോലെ ഭൂമിയിലെ തന്നെ വശ്യമനോഹരമായ ഒരു പ്രദേശത്ത് നടപ്പിലാക്കുന്ന ഏതു പരിഷ്കരണവും അവിടുത്തെ ജനതയെ വിശ്വാസത്തിലെടുത്ത് കൊണ്ട് മാത്രമേ പാടുള്ളൂ എന്നാണ് തികച്ചും പക്വവും സംസ്കാരസമ്പന്നവുമായ രീതിയിൽ പൃഥീരാജ് പറഞ്ഞിട്ടുള്ളത്.

ഇതിന്റെപേരിൽ അദ്ദേഹത്തിന്റെ അഛൻ മലയാളികൾക്ക് ഏറെ പ്രിയങ്കരനായ നടൻ സുകുമാരന്റെ പേര് വലിച്ചിഴച്ച് പൃഥീരാജിനെ അപമാനിക്കുന്നത് അത്യന്തം അപലപനീയമാണ്. ഇത്തരത്തിൽ തികച്ചും ഗർഹണീയമായ രീതിയിൽ വാചാടോപവുമായി രംഗത്തെത്തിയിരിക്കുന്നതിനു പിന്നിലെ സംസ്കാര വിരുദ്ധതയും ഫാസിസ്റ്റ് മനോഭാവവും ജനങ്ങൾ തിരിച്ചറിയണം.

കേവലം അഭിനേതാവോ കലാകാരനോ മാത്രമല്ല പൃഥിരാജ്. നിർണായകമായ പല സാമൂഹിക – സാംസ്കാരിക വിഷയങ്ങളിലും പ്രത്യേകിച്ച് സ്ത്രീകൾക്കെതിരായ അക്രമണങ്ങളിൽ പ്രതിഷേധിക്കുകയും അത്യന്തം പുരോഗമനപരമായ നിലപാടുകൾ സ്വീകരിക്കുകയും ചെയ്തിട്ടുള്ള ആളും ആണ് അദ്ദേഹം. ഐക്യദാർഢ്യം.

കൊവിഡ് പോരാട്ടത്തില്‍ അണിചേരുകയാണ് ഫ്‌ളവേഴ്‌സും ട്വന്റിഫോര്‍ ന്യൂസും
COVID WAR 24X7 എന്ന ക്യാമ്പെയിനിലൂടെ. ഇത് ഒരു യുദ്ധമാണ്. വിജയം മാത്രം ലക്ഷ്യംവെച്ചുകൊണ്ട് നമ്മള്‍ ഒരുമിച്ചു നയിക്കുന്ന യുദ്ധം.

Doctor In | Covid Warriors | Stay Home Creative Challenge | Perfect Ok Photography Award | Inspire The Idea Bank

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top