യാസ് ചുഴലിക്കാറ്റ്; ഒഡിഷയും പശ്ചിമബംഗാളും പ്രധാനമന്ത്രി സന്ദർശിച്ചു

യാസ് ചുഴലിക്കാറ്റ് നാശം വിതച്ച ഒഡിഷയും പശ്ചിമബംഗാളും പ്രധാനമന്ത്രി നരേന്ദ്രമോദി സന്ദർശിച്ചു. പ്രധാനമന്ത്രി വിളിച്ച യോഗത്തിൽ നിന്നും മുഖ്യമന്ത്രി മമതാ ബാനർജി വിട്ടുനിന്നു. മറ്റൊരു യോഗത്തിൽ പങ്കെടുക്കേണ്ടതുണ്ടെന്നു പ്രധാമന്ത്രിയെ നേരിൽ കണ്ട് അറിയിച്ചാണ് അവലോകനയോഗത്തിൽ നിന്നും വിട്ടു നിന്നതെന്ന് മമത അറിയിച്ചു. മമതയുടെ നടപടി സംസ്ഥാനത്തിന്റെ താത്പര്യത്തിന് എതിരെന്ന് ഗവർണർ ജഗദീഷ് ധങ്കർ ആരോപിച്ചു. ഒഡിഷ, ബംഗാൾ, ഝാർഖണ്ഡ് എന്നീ സംസ്ഥാനങ്ങൾ ക്കായി ആയിരം കോടി രൂപയുടെ അടിയന്തര സാമ്പത്തിക പാക്കേജ് പ്രധാനമന്ത്രി പ്രഖ്യാപിച്ചു.
ഒഡിഷയിൽ ഗവർണർ ഗണേഷി ലാൽ, മുഖ്യമന്ത്രി നവീൻ പട്നായിക് തുടങ്ങിയവർ പങ്കെടുത്ത അവലോകന യോഗത്തിൽ പ്രധാനമന്ത്രി നരേന്ദ്രമോദി പങ്കെടുത്തു. ഒഡിഷയിലും ബംഗാളിലെയും ദുരന്തബാധിത മേഖലകളിൽ ആകാശനിരീക്ഷണം നടത്തിയശേഷമാണ് പ്രധാനമന്ത്രി ബംഗാളിൽ എത്തിയത്. കലൈക്കുണ്ടയിൽ വിളിച്ച അവലോകനയോഗത്തിൽ ഗവർണർ ജഗദീഷ് ധങ്കറിനെയും മുഖ്യമന്ത്രി മമതാ ബാനർജിയും ക്ഷണിച്ചിരുന്നു. അരമണിക്കൂർ വൈകി യോഗത്തിലെത്തിയ മമത സംസ്ഥാനത്തെ നാശനഷ്ടങ്ങൾ സംബന്ധിച്ച റിപ്പോർട്ട് പ്രധാനമന്ത്രിക്ക് നൽകിയ ശേഷം സംസ്ഥാന ഉദ്യോഗസ്ഥരോടൊപ്പം മടങ്ങി. ദിഖയിൽ ഉദ്യോഗസ്ഥരുടെ മറ്റൊരു യോഗത്തിൽ പങ്കെടുക്കാൻ ഉണ്ടെന്ന് പ്രധാനമന്ത്രിയെ അറിയിച്ചശേഷമാണ് മടങ്ങിയതെന്ന് മമത പറഞ്ഞു.
സംസ്ഥാനത്തെ ദുരന്തനിവാരണ പ്രവർത്തനങ്ങൾക്കായി 20000 കോടി രൂപയുടെ സാമ്പത്തിക സഹായം ബംഗാൾ ആവശ്യപ്പെട്ടു. യോഗത്തിൽ നിന്നും വിട്ടുനിന്ന മമതയുടെ നിലപാട് സംസ്ഥാനത്തെയും ജനാധിപത്യത്തെയും താത്പര്യങ്ങൾക്ക് വിരുദ്ധമെന്ന് ഗവർണർ ജഗ്‌ദീപ് ധങ്കർ വിമർശിച്ചു. ദുരന്തനിവാരണ പ്രവർത്തനങ്ങൾക്കായി ഒഡിഷക്ക് 500 കോടി രൂപയും, ബംഗാളിനും ഝാർഖണ്ഡിലും ആയി 500 കോടി രൂപയുടെയും അടിയന്തര സാമ്പത്തിക പാക്കേജ് പ്രധാനമന്ത്രി പ്രഖ്യാപിച്ചു. മന്ത്രിതല സംഘം മൂന്നു സംസ്ഥാനങ്ങളും സന്ദർശിച്ച് നൽകുന്ന റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ തുടർ സഹായം നൽകുമെന്ന് പ്രധാനമന്ത്രിയുടെ ഓഫീസ് അറിയിച്ചു. ചുഴലിക്കാറ്റിൽ മരിച്ചവരുടെ കുടുംബാംഗങ്ങൾക്ക് രണ്ട് ലക്ഷം രൂപയുടെയും പരുക്കേറ്റവർക്ക് 50,000 രൂപയുടെയും സാമ്പത്തിക സഹായം കേന്ദ്രം പ്രഖ്യാപിച്ചു.
Story Highlights: narendramodi visits odisha and bengal
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here