Advertisement

പുകയില വിരുദ്ധ ദിനാചരണം മേയ് 31ന്; ക്വിറ്റ് ലൈൻ പദ്ധതിയുമായി ആരോഗ്യ വകുപ്പ്

May 30, 2021
Google News 1 minute Read

സംസ്ഥാനത്ത് കൊവിഡ് പടരുന്ന സാഹചര്യത്തിൽ പുകവലിയും പുകയില ഉപയോഗവും ഉപേക്ഷിക്കേണ്ട ആവശ്യകത വർധിച്ചതായി ആരോഗ്യ മന്ത്രി വീണ ജോർജ്. ‘പുകയില ഉപേക്ഷിക്കുവാൻ പ്രതിജ്ഞാബദ്ധരാണ്’ (commit to quit) എന്നതാണ് ഈ വർഷത്തെ പുകയില വിരുദ്ധ ദിന സന്ദേശമെന്നും മന്ത്രി പറഞ്ഞു. നാളെയാണ് ലോക പുകയില വിരുദ്ധ ദിനം.

പുകവലിക്കുന്നവരിൽ കൊറോണ വൈറസ് വളരെ പെട്ടെന്ന് പിടിപെടാൻ സാധ്യതയുണ്ട്. ഇത്തരം രോഗികളിൽ വൈറസ് തീവ്രമായ അവസ്ഥയിൽ എത്തുന്നുണ്ടെന്നാണ് പഠനങ്ങൾ വ്യക്തമാക്കുന്നതെന്ന് മന്ത്രി പറഞ്ഞു.

പുകയില ഉപയോഗം നിർത്തുവാൻ ആഗ്രഹിക്കുന്നവർക്ക് ടെലി കൺസൾട്ടേഷൻ വഴി കൗൺസിലിംഗും മാർഗനിർദ്ദേശങ്ങളും സഹായങ്ങളും നൽകുന്നതിന് ഒരു ക്വിറ്റ് ലൈൻ (QUIT LINE) സംസ്ഥാന ആരോഗ്യ വകുപ്പ് സജ്ജമാക്കിയിട്ടുണ്ട്. മേയ് 31 ന് ലോകപുകയില വിരുദ്ധ ദിനത്തിൽ ക്വിറ്റ് ലൈൻ ആരോഗ്യ വകുപ്പ് മന്ത്രി ജനങ്ങൾക്കായി സമർപ്പിക്കും. ആരോഗ്യ വകുപ്പിന് കീഴിലുള്ള ദിശ 1056, 104 വഴിയാണ് ഈ ക്വിറ്റ് ലൈൻ സജ്ജീകരിച്ചിരിക്കുന്നത്.

പുകയില ഉപയോഗം നിർത്താൻ ആഗ്രഹിക്കുന്ന എല്ലാ വ്യക്തികൾക്കും ഈ ക്വിറ്റ് ലൈനിലൂടെ ഡോക്ടർമാരുടെയും സൈക്ക്യാട്രിസ്റ്റിന്റെയും സൈക്കോളജിസ്റ്റിന്റെയും കൗൺസിലർമാരുടെയും സേവനങ്ങൾ ഉറപ്പു വരുത്തുന്നു. ആവശ്യമായ രോഗികൾക്ക് ഫാർമക്കോതെറാപ്പിയും ഈയൊരു പരിപാടിയിലൂടെ ഉറപ്പു വരുത്തുന്നുണ്ട്. രജിസ്റ്റർ ചെയ്യപ്പെടുന്ന ഓരോ വ്യക്തിയെയും തുടർച്ചയായി ഫോളോ അപ്പ് ചെയ്യുകയും ഒരു വർഷത്തിനകം 1000 പേരെയെങ്കിലും പുകയില ഉപയോഗത്തിൽ നിന്നും മോചിപ്പിക്കുന്നതിനാണ് ആരോഗ്യ വകുപ്പ് ലക്ഷ്യമിടുന്നത്.

ഇതുകൂടാതെ ഇ-സഞ്ജീവനി പദ്ധതി വഴി പുകയില നിർത്തുന്നതിന് ടെലി കൺസൾട്ടേഷൻ സൗകര്യവും ആരംഭിക്കുന്നതാണ്. ദേശീയ പുകയില നിയന്ത്രണ പദ്ധതി, സംസ്ഥാന ആരോഗ്യ വകുപ്പിന് കീഴിലുള്ള മാനസിക ആരോഗ്യ പദ്ധതി, ജീവിതശൈലീ രോഗനിർണയ പദ്ധതി, തിരുവനന്തപുരം ആർസിസി, സന്നദ്ധസംഘടനകൾ എന്നിവയുടെ സഹകരണത്തോടു കൂടിയാണ് ഈ പദ്ധതി നടപ്പിലാക്കുന്നത്.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here