രോഗികൾക്ക് കരുത്തായി സ്റ്റാലിന്‍; പി.പി.ഇ കിറ്റണിഞ്ഞ് കൊവിഡ് വാര്‍ഡ് സന്ദര്‍ശിച്ച് മുഖ്യമന്ത്രി

പി.പി.ഇ കിറ്റണിഞ്ഞ് കോയമ്പത്തൂരിലെ ആശുപത്രികളിൽ കൊവിഡ് വാര്‍ഡുകള്‍ സന്ദര്‍ശിച്ച് തമിഴ്നാട് മുഖ്യമന്ത്രി എം.കെ സ്റ്റാലിന്‍. കൊവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ കര്‍മ്മ നിരതരായ ആരോഗ്യ പ്രവര്‍ത്തകര്‍ക്കും രോഗികള്‍ക്കും ആത്മവിശ്വാസം പകരുന്നതിന് വേണ്ടിയാണ് തന്റെ സന്ദര്‍ശനമെന്ന് സ്റ്റാലിന്‍ പറഞ്ഞു. മുഖ്യമന്ത്രിയായ ശേഷം ഇത്തരത്തിലുള്ള സ്റ്റാലിന്റെ ആദ്യ സന്ദര്‍ശനമാണിത്.
പോകരുതെന്ന ഉപദേശങ്ങള്‍ മറികടന്നാണ് സ്റ്റാലിന്‍ കോയമ്പത്തൂര്‍ മെഡിക്കല്‍ കോളേജിലെയും ഇ.എസ്.ഐ ആശുപത്രി ക്യാമ്പസിലെയും കൊവിഡ് വാര്‍ഡുകള്‍ സന്ദർശിച്ചത്.
തങ്ങളുടെ ജീവിതം പണയം വെച്ച് കഠിന പരിശ്രമം നടത്തുന്ന ആരോഗ്യ പ്രവര്‍ത്തകരുടെ ആത്മവിശ്വാസം ഊട്ടിയുറപ്പിക്കാന്‍ വേണ്ടിയാണ് തന്റെ ഉദ്യമമെന്ന് അദ്ദേഹം സന്ദര്‍ശന ചിത്രങ്ങള്‍ പങ്കുവെച്ച് ട്വീറ്റ് ചെയ്തു. വൈദ്യശാസ്ത്രത്തിന് പുറമെ മറ്റുള്ളവര്‍ നല്‍കുന്ന ആശ്വാസവും രോഗം ഭേദമാക്കും. സംസ്ഥാന സര്‍ക്കാര്‍ ജനങ്ങള്‍ക്ക് ആത്മവിശ്വാസം നല്‍കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
തമിഴ്‌നാട്ടിലെ കോവിഡ് വ്യാപനം ഏറ്റവും രൂക്ഷമായ കോയമ്പത്തൂര്‍ ജില്ലയില്‍ കഴിഞ്ഞ 24 മണിക്കൂറിനിടെ 3600 കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തത്. ശനിയാഴ്ച സിക്കിം മുഖ്യമന്ത്രി പ്രേം സിങ്ങും പി.പി.ഇ കിറ്റ് ധരിച്ച് കൊവിഡ് വാര്‍ഡ് സന്ദര്‍ശിച്ചിരുന്നു.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here