വിദേശ താരങ്ങൾ ഇല്ലെങ്കിലും ഐപിഎൽ നടത്തും: ബിസിസിഐ

വിദേശ താരങ്ങൾ ഇല്ലെങ്കിലും ഐപിഎൽ നടത്തുമെന്ന് ബിസിസിഐ. ബിസിസിഐ വൈസ് പ്രസിഡൻ്റ് രാജീവ് ശുക്ലയാണ് ഇക്കാര്യം അറിയിച്ചത്. ഈ സീസൺ പൂർത്തിയാക്കുക എന്നതാണ് ബിസിസിഐയുടെ ലക്ഷ്യം. പാതിവഴിയിൽ സീസൺ നിർത്താനാവില്ല. ടൂർണമെൻ്റിൽ വിദേശതാരങ്ങൾ പങ്കെടുക്കുന്നില്ല എന്നതുകൊണ്ട് ഞങ്ങൾ സീസൺ നടത്താതിരിക്കില്ല എന്ന് അദ്ദേഹം വ്യക്തമാക്കി.
ഇന്ത്യൻ താരങ്ങളുണ്ട്. വിദേശതാരങ്ങളുണ്ട്. ചില വിദേശതാരങ്ങൾ ഉണ്ടാവില്ല. പക്ഷേ, ഞങ്ങൾ ടൂർണമെൻ്റ് പൂർത്തിയാക്കും. ഫ്രാഞ്ചൈസികൾ മറ്റ് താരങ്ങളെ ടീമിലെത്തിക്കും. ആരാണ് സീസണിൽ ലഭ്യമാവുക എന്നതിനനുസരിച്ച് താരങ്ങളെ ടീമിലെത്തിക്കും. അവരെ വച്ച് ഞങ്ങൾ ടൂർണമെൻ്റ് നടത്തും.”- ഖലീജ് ടൈംസിനു നൽകിയ അഭിമുഖത്തിൽ രാജീവ് ശുക്ല പറഞ്ഞു.
യുഎഇയിൽ നടക്കുന്ന ഐപിഎൽ മത്സരങ്ങളിൽ കാണികളെ അനുവദിച്ചേക്കുമെന്നാണ് റിപ്പോർട്ട്. കൊവിഡ് വാക്സിൻ സ്വീകരിച്ചവർക്കാവും സ്റ്റേഡിയത്തിലേക്ക് പ്രവേശനം ഉണ്ടാവുക. കായിക മത്സരങ്ങളിൽ വാക്സിൻ സ്വീകരിച്ച ആളുകളെ അനുവദിക്കാം എന്നതാണ് യുഎഇയിലെ നയം. അതുകൊണ്ട് തന്നെ 50 ശതമാനം കാണികളെ അനുവദിച്ചേക്കുമെന്നാണ് സൂചന. ക്രിക്‌ബസ് ആണ് എമിറേറ്റ്സ് ക്രിക്കറ്റ് ബോർഡിനെ ഉദ്ധരിച്ച് വാർത്ത റിപ്പോർട്ട് ചെയ്തത്.
സെപ്തംബർ 19 മുതലാവും മത്സരങ്ങൾ നടക്കുകയെന്നും റിപ്പോർട്ടിൽ സൂചിപ്പിക്കുന്നു. ഒക്ടോബർ 10നാവും ഫൈനൽ.
അതേസമയം, ഐപിഎൽ പുനരാരംഭിക്കുമ്പോൾ ബംഗ്ലാദേശ് താരങ്ങളും ഉണ്ടാവില്ലെന്നും റിപ്പോർട്ടുകളുണ്ട്. ഇംഗ്ലണ്ട് താരങ്ങൾ ഉണ്ടാവില്ലെന്നത് ഉറപ്പായിക്കഴിഞ്ഞു. ന്യൂസീലൻഡ്, ഓസീസ് താരങ്ങളും ഐപിഎലിൽ പങ്കെടുത്തേക്കില്ലെന്നാണ് വിവരം.
Story Highlights: bcci talks about ipl 2021
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here