ഐപിഎൽ യുഎഇയിലേക്ക് മാറ്റിയതിനു കാരണം കൊവിഡല്ല: ജയ് ഷാ

ഐപിഎൽ യുഎഇയിലേക്ക് മാറ്റിയതിനു കാരണം കൊവിഡല്ല എന്ന് ബിസിസിഐ സെക്രട്ടറി ജയ് ഷാ. മഴക്കാലമായതുകൊണ്ടാണ് ഐപിഎൽ യുഎഇയിലേക്ക് മാറ്റിയത് എന്ന് ജയ് ഷാ പറഞ്ഞു. ഹിന്ദുസ്താൻ ടൈംസിനു നൽകിയ അഭിമുഖത്തിലാണ് ജയ് ഷാ ഇക്കാര്യം വ്യക്തമാക്കിയത്. രാജ്യത്തെ കൊവിഡ് സാഹചര്യം പരിഗണിച്ചാണ് ഐപിഎൽ യുഎഇയിലേക്ക് മാറ്റിയതെന്ന് റിപ്പോർട്ടുകൾ ഉണ്ടായിരുന്നു. ഇത് തള്ളിക്കൊണ്ടാണ് ജയ് ഷായുടെ പ്രതികരണം.
“യുഎഇയിൽ ഐപിഎൽ നടത്താൻ ഞങ്ങൾ തീരുമാനമെടുത്തതിനു കാരണം മൺസൂൺ കാലം ആയതിനാലാണ്. സെപ്റ്റംബർ മാസം ഇവിടെ മത്സരങ്ങൾ നടത്തുന്നത് പ്രായോഗികമല്ല. അതിനാലാണ് ഐപിഎൽ യുഎഇയിലേക്ക് മാറ്റിയത്. കാലാവസ്ഥ കണക്കിലെടുത്തു മാത്രമാണ് ഇത്. മൺസൂൺ സമയത്ത് ഇന്ത്യയിൽ മത്സരങ്ങൾ നടത്താൻ കഴിയില്ല. സെപ്തംബറിലെ മൺസൂൺ സമയത്ത് മുംബൈയിലും, അഹമ്മദാബാദിലും എങ്ങനെയാണ് മത്സരങ്ങൾ നടത്തുന്നത്?” ജയ് ഷാ ചോദിച്ചു.
അതേസമയം, വിദേശ താരങ്ങൾ ഇല്ലെങ്കിലും ഐപിഎൽ നടത്തുമെന്ന് ബിസിസിഐ അറിയിച്ചു. ബിസിസിഐ വൈസ് പ്രസിഡൻ്റ് രാജീവ് ശുക്ലയാണ് ഇക്കാര്യം അറിയിച്ചത്. ഈ സീസൺ പൂർത്തിയാക്കുക എന്നതാണ് ബിസിസിഐയുടെ ലക്ഷ്യം. പാതിവഴിയിൽ സീസൺ നിർത്താനാവില്ല. ടൂർണമെൻ്റിൽ വിദേശതാരങ്ങൾ പങ്കെടുക്കുന്നില്ല എന്നതുകൊണ്ട് ഞങ്ങൾ സീസൺ നടത്താതിരിക്കില്ല എന്ന് അദ്ദേഹം വ്യക്തമാക്കി.
Story Highlights: jay shah talks about ipl
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here