ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഫൈനൽ; ജയ് ഷായ്ക്കും സൗരവ് ഗാംഗുലിയ്ക്കും സ്റ്റേഡിയത്തിൽ പ്രവേശനമില്ല

ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഫൈനൽ മത്സരം കാണാൻ ബിസിസിഐ പ്രസിഡൻ്റ് സൗരവ് ഗാംഗുലിയ്ക്കും സെക്രട്ടറി ജയ് ഷായ്ക്കും സ്റ്റേഡിയത്തിൽ പ്രവേശനമില്ല. അതേസമയം, ടീമിനൊപ്പം കുടുംബാംഗങ്ങക്ക് യാത്ര ചെയ്യാൻ അനുമതി നൽകിയിട്ടുണ്ട്. പുരുഷ-വനിതാ ടീമുകളിലെ താരങ്ങൾക്ക് കുടുംബാംഗങ്ങളെ കൂടെ കൂട്ടാം.
“അതെ, യുകെ പര്യടനത്തിൽ കുടുംബാംഗങ്ങളെ ഒപ്പം കൊണ്ടുപോകാമെന്നത് നല്ല വാർത്തയാണ്. വനിതാ ടീം അംഗങ്ങൾക്കും ഇതേ അനുവാദമുണ്ട്. ഇപ്പോൾ ടീം അംഗങ്ങളുടെ മാനസികാരോഗ്യം പരിഗണിക്കേണ്ടത് അത്യാവശ്യമാണ്. എന്നാൽ, ഗാംഗുലിയ്ക്കും ജയ് ഷായ്ക്കും ഇസിബി അനുവാദം നൽകിയിട്ടില്ല.”- ബിസിസിഐ പ്രതിനിധി പറഞ്ഞതായി പിടിഐ റിപ്പോർട്ട് ചെയ്തു.
അതേസമയം, ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഫൈനലിനായി ഇന്ത്യൻ ടീം അംഗങ്ങൾ ജൂൺ മൂന്നിന് ഇംഗ്ലണ്ടിലെത്തും. താരങ്ങളൊക്കെ കൊവിഡ് ആർടിപിസിആർ നെഗറ്റീവ് ടെസ്റ്റ് കയ്യിൽ കരുതണം. 14 ദിവസത്തെ ക്വാറൻ്റീനു ശേഷമാവും ഇന്ത്യ ഇംഗ്ലണ്ടിലെത്തുക. ജൂൺ 18നാണ് ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഫൈനൽ ആരംഭിക്കുക.
ഇംഗ്ലണ്ടിലെ സതാംപ്ടണിലാണ് കളി നടക്കുക. ജൂൺ 23 റിസർവ് ഡേ ആയിരിക്കും. കളി സമനിലയിൽ പിരിഞ്ഞാൽ രണ്ട് ടീമിനേയും വിജയിയായി പ്രഖ്യാപിക്കും. ഗ്രേഡ് 1 ഡ്യൂക്ക് ബോളാണ് മത്സരത്തിന് ഉപയോഗിക്കുക.
Story Highlights: wtc ganguly and jay shah not allowed in stadium
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here