Advertisement

നെയ്യാര്‍ ലയണ്‍ സഫാരി പാര്‍ക്കിലെ അവസാന സിംഹവും ചത്തു

June 2, 2021
0 minutes Read
neyyar lions safari park bindu died

കേരളത്തിലെ ഏക സിംഹ സഫാരി പാര്‍ക്കായ തിരുവനന്തപുരം നെയ്യാര്‍ ലയണ്‍ സഫാരി പാര്‍ക്കിലെ അവശേഷിച്ചിരുന്ന സിംഹവും ചത്തു. 21 വയസുള്ള പെണ്‍സിംഹം ബിന്ദുവാണ് ഓര്‍മയായത്. സിംഹങ്ങള്‍ ഇല്ലാതായതോടെ വനം വകുപ്പിന് കോടികളുടെ വരുമാനം ഉണ്ടാക്കി നല്‍കിയിരുന്ന പാര്‍ക്കിന്റെ നിലനില്‍പ്പ് ത്രിശങ്കുവിലായി.

15 മുതല്‍ 18 വയസ് വരെയാണ് സിംഹങ്ങളുടെ ശരാശരി ആയുസ്. പ്രായാധിക്യത്തെ തുടര്‍ന്ന് അവശനിലയിലായ ബിന്ദു കഴിഞ്ഞ ഒരാഴചയിലധികമായി ട്രീറ്റ്‌മെന്റ് കേജില്‍ ചികിത്സയിലായിരുന്നു. ഇന്ന് പുലര്‍ച്ചെയാണ് സിംഹം ചത്തത്. സിംഹ സഫാരി പാര്‍ക്കില്‍ ഇനി അവശേഷിക്കുന്നത് ചികിത്സയ്ക്കായി എത്തിച്ച രണ്ട് കടുവകള്‍ മാത്രമാണ്.

നെയ്യാര്‍ ഡാം മരക്കുന്നം ദ്വീപില്‍ 1985ലാണ് ലയണ്‍ സഫാരി പാര്‍ക്ക് ആരംഭിച്ചത്. ഒരു ഘട്ടത്തില്‍16 സിംഹങ്ങള്‍ വരെ പാര്‍ക്കിലുണ്ടായിരുന്നു. വര്‍ധനവ് കാരണം 2005ല്‍ സിംഹങ്ങളില്‍ വന്ധ്യംകരണം നടത്തിയതോടെ പാര്‍ക്കിന്റെ നാശവും ആരംഭിച്ചു. സിംഹങ്ങള്‍ ചത്തൊടുങ്ങി 2018 അവസാനത്തോടെ ബിന്ദു മാത്രമായി.

പാര്‍ക്കിനെ അവഗണിക്കുന്നുവെന്ന പ്രതിഷേധത്തെ തുടര്‍ന്ന് 2019ല്‍ ഗുജറാത്തിലെ ഗിര്‍ വന്യജീവി കേന്ദ്രത്തില്‍ നിന്ന് രണ്ട് സിംഹങ്ങളെ തിരുവനന്തപുരത്ത് എത്തിച്ചു. ഒരെണ്ണം മൃഗശാലയില്‍ ചത്തു. അവശേഷിച്ച നാഗരാജന്‍ എന്ന ആണ്‍ സിംഹം ബിന്ദുവിന് കൂട്ടായി പാര്‍ക്കിലുണ്ടായിരുന്നെങ്കിലും ഒരാഴ്ച മുമ്പ് അതും ചത്തു. അതേസമയം പാര്‍ക്ക് സംരക്ഷിക്കുന്നതിന് വകുപ്പും സര്‍ക്കാരും തികഞ്ഞ അലംഭാവമാണ് കാണിക്കുന്നതെന്ന് നാട്ടുകാരും ആരോപിക്കുന്നു.

Story Highlights :

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top