7000 ദ്വീപുകളുടെ നാട്; ലോകത്തിലെ ഏറ്റവും മനോഹരമായ ഇടം
പർവതങ്ങളുടെയും ബീച്ചുകളുടെയും മനോഹരമായ പ്രകൃതി ദൃശ്യങ്ങൾ സമന്വയിക്കുന്ന അതിമനോഹരമായ നാടാണ് ഫിലിപ്പീൻസ്. 7000 ലധികം ദ്വീപുകളുടെ കൂട്ടമായ ഇതിനെ മൂന്ന് പ്രധാന ദ്വീപുകളായി തിരിച്ചിരിക്കുന്നു, ലുസോൺ, വിസയാസ്, മിൻഡാനാവോ എന്നിങ്ങനെ രാജ്യത്തിന്റെ വിവിധ പ്രദേശങ്ങളെ പ്രതിനിധീകരിക്കുന്നു. ഫിലിപ്പീൻസിലേക്കുള്ള യാത്രയെ മൂല്യവത്താക്കുന്ന കുറച്ച് സ്ഥലങ്ങളെ അറിയാം.
മനില
ഫിലിപ്പീൻസിന്റെ തലസ്ഥാനമായ മനില രാജ്യത്തെ ഏറ്റവും ജനസാന്ദ്രതയുള്ളതും ഊർജ്ജസ്വലവുമായ നഗരങ്ങളിൽ ഒന്നാണ്. പാചകരീതികൾ, ടൂറിസ്റ്റ് സൈറ്റുകൾ, ചരിത്രപരമായ പള്ളികൾ എന്നിവകൊണ്ട് സമ്പന്നമാണ് ഈ നഗരം. തിരക്കുപിടിച്ച തെരുവുകളും ഭക്ഷണശാലകളും ബാറുകളും നിറഞ്ഞ പ്രദേശം ആരെയും ആകർഷിക്കും. വളരെ കുറഞ്ഞ ചിലവിൽ മികച്ച ജീവിതനിലവാരം ഇവിടെ സാധ്യമാണ്. ലോകത്തിലെ വലിയ മാളുകളിലൊന്നായ മാൾ ഓഫ് ഏഷ്യയും മ്യൂസിയങ്ങളും കാസിലുകളും എല്ലാമുള്ള തിരക്കു പിടിച്ച ഒരു തലസ്ഥാന നഗരമാണ് മനില.
ബോഹോൾ
മധ്യമേഖലയിൽ സ്ഥിതി ചെയ്യുന്ന ബോഹോൾ ചെറിയ ടാർസിയർ ആൾ കുരങ്ങിന് പേരുകേട്ട സ്ഥലമാണ്. വലിയ ഉണ്ടക്കണ്ണുകളുള്ള ചെറിയ കുരങ്ങന്റെ ചിത്രങ്ങൾ സമൂഹമാധ്യമങ്ങളിലും നിറഞ്ഞിട്ടുണ്ട്. ഈ ദ്വീപ് പ്രകൃതി സൗന്ദര്യത്തിനും സസ്യജന്തുജാലങ്ങൾക്കും പേരുകേട്ടതാണ്, ഇവിടേക്കുള്ള യാത്ര ഒരിക്കലും നിരാശപ്പെടുത്തില്ല.
ബോറക്കേയ്
ബോറാക്കെ ദ്വീപിൽ 12 ലധികം ബീച്ചുകളുണ്ട്, ഇതിനെ രാജ്യത്തിന്റെ ബീച്ച് തലസ്ഥാനം എന്നും വിളിക്കുന്നു. പടിഞ്ഞാറൻ മേഖലയിൽ സ്ഥിതി ചെയ്യുന്ന ഈ ദ്വീപ് ഫിലിപ്പീൻസിലെ ഏറ്റവും മികച്ച ബീച്ചുകളിൽ ഒന്നായ വൈറ്റ് ബീച്ച് കൂടി ഉൾപ്പെടുന്ന സ്ഥലമാണ്. രാത്രി ജീവിതം ആസ്വദിക്കാനും രസകരമായ പാർട്ടികൾ നടത്താനും ഏറ്റവും പറ്റിയ ദ്വീപാണ് ബോറക്കേയ്.
ബാനൂ
തട്ടുതട്ടായി കുന്നുകൾ മുഴുവൻ നെൽകൃഷി നടത്തുന്ന കാഴ്ച കാണണമെങ്കിൽ ഫിലിപ്പീൻസിൽ ബാനു മേഖലയിലേക്ക് പോകണം. ഇവിടുത്തെ ബറ്റാഡ് റൈസ് ടെറസ്, ബതാംഗ് റൈസ് ടെറസ് എന്നിവ യുനെസ്കോയുടെ ലോക പൈതൃക സ്ഥലങ്ങളായി തെരഞ്ഞെടുത്തിട്ടുള്ളവയാണ്. സൂര്യോദയ സമയത്താണ് ഈ സ്ഥലങ്ങൾ സന്ദർശിക്കാൻ ഏറ്റവും അനുയോജ്യം.
സാഗഡ
ചെങ്കുത്തായ പർവതങ്ങളാൽ ചുറ്റപ്പെട്ട വിദൂര കോർഡില്ലേര പർവതനിരകളിൽ സ്ഥിതിചെയ്യുന്ന ഒരു ഗോത്ര പ്രദേശമാണ്. സാഗഡ. ഔട്ട്‌ഡോർ സാഹസികതയ്‌ക്കും അവിടെ താമസിക്കുന്ന ആദിവാസികളുടെ ജീവിതം കണ്ടറിയുന്നതിനും ഈ സ്ഥലം സന്ദർശിക്കണം.
കോറോൺ ദ്വീപ്
മരതകപച്ച നിറമുള്ള വെള്ളത്താൽ ചുറ്റപ്പെട്ട കൊറോൺ ദ്വീപ് ഫിലിപ്പീൻസിലെ ഏറ്റവും മികച്ച ഡൈവിങ് ലക്ഷ്യസ്ഥാനമാണ്. ഡൈവിങ്ങിന് പേരുകേട്ട ഈ ദ്വീപ് എൽ നിഡോയിൽ നിന്ന് നാല് മണിക്കൂറിനുള്ളിൽ എത്തിച്ചേരാം.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here