Advertisement

ലോണ്‍ ആപ് കെണിയില്‍ കുടുങ്ങി ഫിലിപ്പീന്‍സിലെ ജനങ്ങള്‍; വായ്പ തിരിച്ചടച്ചില്ലെങ്കില്‍ ഭീഷണിയും കേസും

September 9, 2024
Google News 3 minutes Read

ഇന്ത്യയിലേതിന് സമാനമായി ഓണ്‍ലൈന്‍ ലോണ്‍ ആപ്പില്‍ കുരുങ്ങി ഫിലിപ്പീന്‍സിലെ സാധാരണ ജനങ്ങള്‍. കൊവിഡ്-19 മഹാമാരിയെ തുടര്‍ന്ന് ഉണ്ടായ ജോലി നഷ്ടപ്പെടലില്‍ പെട്ടുപോയവരാണ് ഇപ്പോള്‍ ലോണ്‍ ആപ്പുകളുടെ ഭീഷണിക്കിരയായിരിക്കുന്നവരിലേറെയുമെന്ന് ഒരു അന്താരാഷ്ട്ര മാധ്യമം വിശദമായി റിപ്പോര്‍ട്ട് ചെയ്യുന്നു. ആപ്പുകള്‍ വഴി ചെറിയ തുകകള്‍ ലോണ്‍ സ്വീകരിച്ചവര്‍ക്ക് പോലും രാവിലെ മുതല്‍ രാത്രി വൈകും വരെ ദിവസവും നൂറുകണക്കിന് ഭീഷണി സന്ദേശങ്ങള്‍ ലഭിക്കുന്നതായി ആപ് ഉപയോക്താക്കള്‍ പരാതിപ്പെടുന്നു. ചില സമയങ്ങളില്‍, ഓണ്‍ലൈന്‍ വായ്പാ പ്ലാറ്റ്ഫോമുകള്‍ വഴി എടുത്ത കടങ്ങള്‍ അടച്ചില്ലെങ്കില്‍ ”ദിവസങ്ങള്‍ എണ്ണപ്പെട്ടുവെന്ന്” പോലും ഭീഷണിപ്പെടുത്തുന്നുണ്ട്. ദേശസാല്‍കൃത ബാങ്കുകളില്‍ നിന്ന് ലോണ്‍ ലഭിക്കാന്‍ മതിയായ ക്രഡിറ്റ് റേറ്റിങ് ഇല്ലാത്തവരാണ് ലോണ്‍ ആപ്പുകള്‍ ഇന്‍സ്റ്റാള്‍ ചെയ്യുന്നതും ലോണ്‍ സ്വീകരിക്കുന്നതും. ഇത്തരത്തില്‍ സ്വീകരിക്കുന്ന ചെറിയ തുകക്ക് പോലും കഴുത്തറപ്പന്‍ പലിശയും വാങ്ങുന്നുണ്ട്. ആദ്യം ചെറിയ തുക ലോണ്‍ എടുക്കുകയും പിന്നീട് ഒരു തിരച്ചടവ് തെറ്റുന്നതോടെ അടുത്ത ആപ്പ് വഴി മറ്റൊരു ലോണ്‍ എടുത്ത് ആദ്യത്തേത് തിരിച്ചടക്കാന്‍ ശ്രമിക്കുന്നവരുമാണ് ശരിക്കും ഓണ്‍ലൈന്‍ ലോണ്‍ സംഘത്തിന്റെ ഇരകളായി മാറുന്നത്.

Read Also: ഫിലിപ്പൈന്‍സില്‍ സൈനിക വിമാനം തകര്‍ന്നുണ്ടായ അപകടത്തില്‍ മരണം 17 ആയി; തെരച്ചില്‍ തുടരുന്നു

2021 മുതല്‍ ഇരുപതില്‍ അധികം വ്യത്യസ്ത വായ്പ പ്ലാറ്റ്ഫോമുകളില്‍ നിന്നായി ലാന്‍സ് (യഥാര്‍ഥ പേരല്ല) ഒരു ദശലക്ഷം പെസോ (ഏകദേശം 15 ലക്ഷം രൂപ) കടമെടുത്തതായി പറയുന്നു. കുടുംബത്തിന്റെ ഏക വരുമാന സ്രോതസ്സായിരുന്ന യുവാവിന് കൊവിഡില്‍ ജോലി നഷ്ടമായതോടെയാണ് കൈവിട്ട കളിക്ക് ഇറങ്ങിയത്. തിരിച്ചടവ് മുടങ്ങിയതിനെ ചൊല്ലി നിരവധി തവണ ഓണ്‍ലൈനില്‍ ലോണ്‍ സംഘങ്ങളുടെ ഭീഷണിക്കിരയായ ഇദ്ദേഹം ഒരു വിധം കര കയറിയെങ്കിലും ഓണ്‍ലൈന്‍ വായ്പയുടെ പിഴപലിശ അടക്കാന്‍ സാധാരണ ബാങ്ക് ലോണുകള്‍ എടുക്കുകയാണ് ഇപ്പോള്‍. സോഷ്യല്‍ മീഡിയയില്‍ ലക്ഷക്കണക്കിന് അജ്ഞാത അക്കൗണ്ടുകള്‍ ലോണ്‍ ആപ്പ് സംഘങ്ങള്‍ ഉണ്ടാക്കുന്നതാലാന്‍സ് ചൂണ്ടിക്കാട്ടുന്നു.

അതേ സമയം കൊള്ളപലിശക്ക് ഓണ്‍ലൈന്‍ ആപ്പുകള്‍ വഴി ലോണ്‍ നല്‍കുന്ന സംഘത്തിനെ നിയന്ത്രിക്കാന്‍ അധികാരികള്‍ തൃപ്തികരമായ രീതിയില്‍ നടപടി കൊക്കൊള്ളുന്നില്ലെന്നാണ് വഞ്ചിതരായവര്‍ അഭിപ്രായപ്പെടുന്നത്. കൊവിഡ് സമയത്താണ് ലോണ്‍ ആപ്പുകള്‍ വ്യാപകമായി മുളച്ചുപൊന്തിയത്. ഫിലിപ്പീന്‍സില്‍ മാത്രം ദശലക്ഷക്കണക്കിന് ഡൗണ്‍ലോഡുകള്‍ ഇത്തരം ആപ്പുകളില്‍ നടന്നതായി കണക്കുകള്‍ വ്യക്തമാക്കുന്നു. 2023-ല്‍ ഓണ്‍ലൈന്‍ ലോണ്‍ പ്ലാറ്റ്ഫോമുകളിലെ പുതിയ ഉപയോക്താക്കളുടെ എണ്ണം 64 ശതമാനം ഉയര്‍ന്ന് 47.5 ദശലക്ഷമായതായി ഡിജിറ്റല്‍ വായ്പാ കമ്പനിയായ ഡിജിഡോ വ്യക്തമാക്കുന്നു.

Read Also: ബലാത്സംഗമടക്കം 307 കുറ്റകൃത്യങ്ങള്‍; ഡസന്‍ കണക്കിന് പെണ്‍കുട്ടികളെ പീഡിപ്പിച്ച മുന്‍ ശിശുസംരക്ഷകന്‍ കുറ്റക്കാരന്‍

ഫിലിപ്പീന്‍സിന്റെ സെക്യൂരിറ്റീസ് ആന്‍ഡ് എക്‌സ്‌ചേഞ്ച് കമ്മീഷന്‍ (എസ്ഇസി) 140 ഡിജിറ്റല്‍ ലെന്‍ഡിംഗ് കമ്പനികള്‍ക്കാണ് ലൈസന്‍സ് നല്‍കിയിട്ടുള്ളതെങ്കിലും അനധികൃത ആപ്പുകള്‍ നിരവധിയാണെന്ന് ജനങ്ങള്‍ ചൂണ്ടിക്കാട്ടുന്നു. നാല്‍പ്പതില്‍ താഴെ പ്ലാറ്റ്ഫോമുകളുടെ ലൈസന്‍സുകള്‍ മാത്രമാണ് അന്യായമായ കടം പിരിച്ചെടുക്കല്‍ നടപടികളുടെ പേരില്‍ റദ്ദാക്കിയത്.
ഓണ്‍ലൈന്‍ വായ്പ പ്ലാറ്റ് ഫോമുകള്‍ സാമ്പത്തിക ലോകത്ത് തടസ്സം സൃഷ്ടിച്ചതായി സെക്യൂരിറ്റി ബാങ്ക് ഫിലിപ്പീന്‍സിന്റെ ചീഫ് ഇക്കണോമിസ്റ്റ് റോബര്‍ട്ട് ഡാന്‍ റോസസ് പറഞ്ഞു. വായ്പ നല്‍കുന്നതിന് മതിയായ കാരണങ്ങള്‍ ഇല്ലാതെയും ബാങ്ക് എക്കൗണ്ട് ഇല്ലാത്തവര്‍ക്കും ഓണ്‍ലൈനില്‍ നിന്ന് വായ്പ ലഭിക്കുന്നു.

അങ്ങേയറ്റം പ്രയാസം അനുഭവിക്കുമ്പോള്‍ ആപ്പുകള്‍ വാഗ്ദാനം ചെയ്യുന്ന സൗകര്യങ്ങള്‍ സ്വീകരിക്കാന്‍ രണ്ടാമതൊന്ന് ആലോചിക്കാതെ ആളുകള്‍ മുന്നോട്ടുവരുന്നതാണ് സ്ഥാപനങ്ങളുടെ കൊള്ളയടിക്കലിലേക്ക് വരെ കാര്യങ്ങളെ എത്തിക്കുന്നതെന്ന് വിക്ടിംസ് മൂവ്മെന്റിന്റെ സ്ഥാപകന്‍ കിക്കേ ബൗട്ടിസ്റ്റ പറഞ്ഞു. ചൂഷണാത്മക ഓണ്‍ലൈന്‍ വായ്പ പ്ലാറ്റ്ഫോമുകള്‍ ഫിലിപ്പീന്‍സില്‍ വര്‍ദ്ധിച്ചുവരുന്നതായും ഇദ്ദേഹം ചൂണ്ടിക്കാട്ടി.

Read Also: ചൈനയെ വിറപ്പിച്ച് യാഗി; ഭീകര ചുഴലിക്കാറ്റിനെ നേരിടാന്‍ ഒഴിപ്പിച്ചത് നാല് ലക്ഷം പേരെ

അള്‍ട്രാ ക്വിക്ക് പ്രോസസ്സിംഗ്, കുറഞ്ഞ പലിശ നിരക്കുകള്‍, 90 ദിവസത്തെ തിരിച്ചടവ് എന്നിവ വാഗ്ദാനം ചെയ്യുന്ന പരസ്യങ്ങള്‍ കണ്ടതിന് പിന്നാലെയാണ് താന്‍ ലോണ്‍ ആപ്പായ ‘മോകാമോക്ക’യിലേക്ക് തിരിഞ്ഞതെന്ന് മനിലയിലെ 22-കാരനായ യൂണിവേഴ്‌സിറ്റി വിദ്യാര്‍ത്ഥി ബോബി (യഥാര്‍ഥ പേരല്ല) പറഞ്ഞു. എളുപ്പം ലഭിക്കുന്ന വായ്പ ആര്‍ക്കാണ് താല്‍പ്പര്യമില്ലാത്തത്? ബോബി പറഞ്ഞു. താന്‍ 2,500 ഫിലിപ്പൈന്‍ പെസോകള്‍ കടം വാങ്ങിയെന്നും എന്നാല്‍ തനിക്ക് ലഭിച്ചതാകട്ടെ 1,500 പെസോ മാത്രമാണെന്നും ഒരാഴ്ച്ചക്കുള്ളില്‍2300 പെസോ തിരികെ നല്‍കാനും ആവശ്യപ്പെട്ടു. -ബോബി പറഞ്ഞു. തിരിച്ചടവ് വൈകിയതിന് മൊകാമോക്ക 400 പെസോ (580 രൂപ) പിഴയിനത്തില്‍ മാത്രം ചുമത്തിയതായി ബോബി പറഞ്ഞു.

എസ്ഇസി കഴിഞ്ഞ വര്‍ഷം ഏപ്രിലില്‍ മൊകാമോക്ക ഓപ്പറേറ്റര്‍ കോപ്പര്‍‌സ്റ്റോണ്‍ ലെന്‍ഡിംഗിന്റെ പ്രവര്‍ത്തനാനുമതി റദ്ദാക്കിയെങ്കിലും ഒരു അപ്പീല്‍ തീര്‍പ്പാക്കാത്തതിനാല്‍ പ്ലാറ്റ്‌ഫോം ഇപ്പോഴും പ്രവര്‍ത്തിക്കുകയാണ്. ഈ സ്ഥാപനത്തിന്റെ ഓഫീസ് എന്ന് രേഖപ്പെടുത്തിയിരിക്കുന്ന വിലാസം അന്വേഷണം നടത്തിയപ്പോള്‍ അത് ഒരു ഹോട്ടലിന്റേതാണെന്ന് കണ്ടെത്തി. ഏതെങ്കിലും വായ്പാ പ്ലാറ്റ്ഫോമുമായി ബന്ധമില്ലെന്ന് ഹോട്ടല്‍ അധികൃതര്‍ വ്യക്തമാക്കി. നിരവധി ഉപഭോക്താക്കളോട് ഇക്കാര്യം തങ്ങള്‍ വിശദീകരിക്കേണ്ടി വരുന്നതായും ഇക്കാര്യം അന്വേഷിച്ചെത്തിയ മാധ്യമ പ്രതിനിധികളോട് ഹോട്ടല്‍ അധികൃതര്‍ വ്യക്തമാക്കി. മറ്റൊരു ആപ്പായ മോര്‍ഗോള്‍ഡിന്റെ ഓഫീസ് എന്ന് രേഖപ്പെടുത്തിയിരിക്കുന്ന വിലാസത്തിലും അത്തരമൊരു കമ്പനി ഇല്ലെന്ന് ഈ ബില്‍ഡിംഗിലെ സെക്യൂരിറ്റി അറിയിച്ചു. ആപ്പ് അധികൃതരുമായി മാധ്യമപ്രവര്‍ത്തകര്‍ ബന്ധപ്പെട്ടപ്പോള്‍ പ്രതികരിക്കാന്‍ തയ്യാറായില്ലെന്നും റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നു.

Read Also: അര നൂറ്റാണ്ട് മുമ്പ് മുങ്ങിയ കപ്പല്‍ വീണ്ടെടുത്ത് ഓസ്‌ട്രേലിയ; അപകടം നടന്നത് 1969-ല്‍

2022 മുതല്‍ മിക്ക ഓണ്‍ലൈന്‍ പ്ലാറ്റ്ഫോമുകളും തങ്ങളുടെ ഉപയോക്താക്കളില്‍ നിന്ന് ഈടാക്കേണ്ട പലിശ നിരക്ക് എസ്ഇസി നിജപ്പെടുത്തിയിട്ടുണ്ട്. എന്നാല്‍ പല പ്ലാറ്റ്ഫോമുകളും ഉയര്‍ന്ന നിരക്കുകള്‍ ഈടാക്കുന്നതായി പറയുന്നു. അതേ സമയം ജനങ്ങളെ വഞ്ചിക്കുന്ന ആപ്പുകളിന്മേല്‍ അന്വേഷണം നടക്കുന്നതായി ഫിലിപ്പീന്‍സിന്റെ സെക്യൂരിറ്റീസ് ആന്‍ഡ് എക്‌സ്‌ചേഞ്ച് കമ്മീഷന്‍ അധികാരികള്‍ അറിയിച്ചു.

ആപ്പുകളുടെ ഉടമകളില്‍ ചൈനീസ് പൗരന്മാരടക്കം ഉള്ളതായി പറയുമ്പോള്‍ ഇതുസംബന്ധിച്ച വിവരങ്ങള്‍ പുറത്തുവിട്ടിട്ടില്ല. നിയമവിധേയമല്ലാതെ പ്രവര്‍ത്തിക്കുന്ന ആപ്പുകള്‍ നീക്കം ചെയ്യാന്‍ ആപ്പ് സ്റ്റോര്‍ അധികൃതരോട് ആവശ്യപ്പെടുന്നുണ്ടെങ്കിലും ഇതിന് വേഗം പോര എന്ന പരാതിയും ഉണ്ട്.

Story Highlights : People in the Philippines stuck in loan apps

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here