Advertisement

മൂന്ന് വനിതകള്‍, 18 ഏക്കര്‍ സ്ഥലം, 450 ടണ്‍ വിളവ്; പച്ചപ്പുല്ലിലുണ്ട് അധ്വാനത്തിന്റെ വിജയഗാഥ

June 3, 2021
Google News 0 minutes Read

മൂന്ന് വനിതകള്‍, 18 ഏക്കര്‍ സ്ഥലം, ഓരോ വിളവിലും ശരാശരി 450 ടണ്‍ തീറ്റപ്പുല്‍. പച്ചപ്പുല്ലിന് ക്ഷാമംനേരിടുന്ന കാലത്ത് പശുക്കള്‍ പട്ടിണിയാകാതിരിക്കാൻ മണ്ണില്‍ അധ്വാനിച്ച് തീറ്റപ്പുല്ലും വിത്തും ഉത്പാദിപ്പിക്കയാണ് ഇവര്‍. നല്ലേപ്പിള്ളി പഞ്ചായത്തിലെ സ്ത്രീകളാണ് തീറ്റപ്പുല്ലിലൂടെ ക്ഷീരവികസനത്തിന് കരുത്തേകുന്നതും വരുമാനം കണ്ടെത്തുന്നതും.

നല്ലേപ്പിള്ളി കുറ്റിപ്പള്ളം സ്വദേശിയും ക്ഷീരകര്‍ഷകയുമായ കെ.എ. ഓമന നാലുവര്‍ഷംമുമ്പ് വീട്ടിലെ പശുക്കള്‍ക്കായി തീറ്റപ്പുല്‍ക്കൃഷി ചെയ്തതാണ് പിന്നീട് വലിയ സംരംഭത്തിലേക്ക് വഴിതുറന്നത്. ഒരേക്കര്‍ തെങ്ങിന്‍തോപ്പില്‍ ഇടവിളയായി നടത്തിയ കൃഷിയില്‍ അന്ന് നല്ലവിളവ് കിട്ടി. ഇതോടെ നാലേക്കറിലധികം സ്ഥലത്തേക്ക് കൃഷി വ്യാപിച്ചു. 2018 ലെ പ്രളയത്തില്‍ നിലമ്പൂരിലടക്കം മലബാര്‍മേഖലയിലെ ക്ഷീരകര്‍ഷകര്‍ തീറ്റപ്പുല്ലില്ലാതെ വിഷമിപ്പിച്ചപ്പോള്‍ ഇവിടേക്ക് പുല്ലുതേടി ആളുകളെത്തി.

ഇതോടെയാണ് തീറ്റപ്പുല്‍ക്കൃഷി വ്യാപിപ്പിച്ചാലോയെന്ന് ഓമനയ്ക്കും സുഹൃത്തുക്കളായ ആര്‍. പുഷ്പ, കെ. സജിത എന്നിവര്‍ക്കും തോന്നിയത്. ചിറ്റൂര്‍ കുമരന്നൂര്‍ ക്ഷീരസംഘം സെക്രട്ടറിയും ഓമനയുടെ സഹോദരിയുമായ കെ.എ. ശോഭനയില്‍നിന്നും ക്ഷീരവികസന വകുപ്പിന്റെ ഫോര്‍ഡര്‍ മാര്‍ക്കറ്റിങ് പദ്ധതിയെക്കുറിച്ച് അറിഞ്ഞു. കൃഷിക്ക് വകുപ്പ് 75,000 രൂപ സബ്‌സിഡിയും നല്‍കുമെന്നറിഞ്ഞതോടെ മൂവരും ചേര്‍ന്ന് ഗോകുലം ഫോര്‍ഡര്‍ മാര്‍ക്കറ്റിങ് ഗ്രൂപ്പ് എന്ന പേരില്‍ പാട്ടത്തിന് സ്ഥലമെടുത്ത് കൃഷിതുടങ്ങുകയായിരുന്നു. ഇന്ന് നല്ലേപ്പിള്ളി, കൊഴിഞ്ഞാമ്പാറ പഞ്ചായത്തുകളിലായി 18 ഏക്കറില്‍ ഇവര്‍ക്ക് കൃഷിയുണ്ട്.

തമിഴ്‌നാട്ടില്‍നിന്നും എത്തിച്ച സൂപ്പര്‍ നേപ്പിയര്‍ ഇനം തീറ്റപ്പുല്ലാണ് ഇവരുടെ കൃഷി. വിത്തിനും അടിവളത്തിനും കളപറിക്കുമെല്ലാമായി ഒരേക്കറില്‍ കൃഷി തുടങ്ങാന്‍ 25,000 രൂപയോളം ചിലവുവരും. ആദ്യം 90 ദിവസവും പിന്നീട് 45 ദിവസം ഇടവിട്ടും വിളവെടുക്കാം. ഒരേക്കറില്‍നിന്ന് 25 ടണ്ണിലധികം തീറ്റപ്പുല്‍ കിട്ടുന്നുണ്ടെന്നും 18 ഏക്കറില്‍നിന്നായി 450 ടണ്ണോളം നിലവില്‍ ഉത്പാദിപ്പിക്കുന്നുണ്ടെന്നും സംഘം കണ്‍വീനര്‍ കൂടിയായ ഓമന പറഞ്ഞു. കൃഷി പരിപാലനത്തിന് ഏഴ് തൊഴിലാളികൾ സ്ഥിരമായുണ്ട്. ഇവർക്ക് 300 രൂപ ദിവസ വേതനം നൽകുന്നുണ്ട്.

നിലവില്‍ ക്ഷീരവകുപ്പ് മുഖേന ജില്ലയിലെ ക്ഷീരകര്‍ഷകര്‍ക്കും മലപ്പുറം, തൃശ്ശൂര്‍ ജില്ലകളിലെ കര്‍ഷകര്‍ക്കും സംഘത്തിന്റെ തീറ്റപ്പുല്‍ വില്‍ക്കുന്നുണ്ട്. വിത്തായി ഉപയോഗിക്കുന്ന തീറ്റപ്പുല്‍ക്കടയും (തണ്ട് ) സബ്‌സിഡി നിരക്കിലും അല്ലാതെയുമായി നല്‍കുന്നുണ്ട്. ഒരേക്കറില്‍നിന്ന് കുറഞ്ഞത് വര്‍ഷം 15,000 രൂപയോളം ലാഭമുണ്ടാക്കാനാവുന്നുണ്ടെന്ന് സംഘത്തിലുള്ളവര്‍ പറഞ്ഞു. നല്ലേപ്പിള്ളി സ്വദേശികളായ ബേബി, സഫിയ, നൂര്‍ജഹാന്‍, സരിത, ഭാഗ്യം, ഗീത എന്നിവരാണ് തൊഴിലാളികളായി കൃഷിക്ക് കരുത്ത് പകരുന്നത്.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here