കിടപ്പ് രോഗികൾക്ക് വാക്സിനേഷൻ നാളെ മുതൽ; ആദ്യ ഘട്ടത്തിൽ 45 ന് മുകളിലുള്ളവർക്ക്

തിരുവനന്തപുരത്ത് കിടപ്പു രോഗികൾക്കായുള്ള കൊവിഡ് വാക്സിനേഷൻ നാളെ മുതൽ ആരംഭിക്കും. കുറ്റിച്ചൽ, ഒറ്റശേഖരമംഗലം പഞ്ചായത്തുകളിലെ പാലിയേറ്റിവ് രോഗികൾക്കാണ് ആദ്യ ഘട്ടത്തിൽ വാക്സിൻ നൽകുന്നതെന്നു ജില്ലാ കളക്ടർ നവ്ജ്യോത് ഖോസ അറിയിച്ചു. ഡോക്ടർമാരും നഴ്സുമാരുമടങ്ങുന്ന സംഘം വീടുകളിലെത്തിയാണു വാക്സിൻ നൽകുന്നത്.
45 വയസിനു മുകളിൽ പ്രായമുള്ളവർക്കാണ് ആദ്യ ഘട്ടത്തിൽ വാക്സിൻ നൽകുന്നത്. ജില്ലയിൽ മുപ്പതിനായിരത്തോളം പാലിയേറ്റിവ് രോഗികൾ ഇതിനോടകം വാക്സിനേഷനു രജിസ്റ്റർ ചെയ്തിട്ടുണ്ട്. സന്നദ്ധ പ്രവർത്തകരുടെ സഹായത്തോടെയാണു വീടുകളിലെത്തി വാക്സിൻ നൽകുന്ന പദ്ധതി നടപ്പാക്കുന്നത്. രണ്ടാം ഘട്ടത്തിൽ എല്ലാ പ്രായത്തിലുമുള്ള പാലിയേറ്റിവ് രോഗികൾക്കു വീടുകളിലെത്തി വാക്സിനേഷൻനൽകാൻ ശ്രമിക്കുന്നുണ്ടെന്നും കളക്ടർ പറഞ്ഞു.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here