കൊവിഡ് പ്രതിരോധത്തിന് ഊന്നല്‍; പുതിയ നികുതി നിര്‍ദേശമില്ല; ഒരു മണിക്കൂറില്‍ കെ. എന്‍ ബാലഗോപാലിന്റെ ബജറ്റ്

ആരോഗ്യ മേഖലയ്ക്കും കൊവിഡ് പ്രതിരോധത്തിനും ഊന്നല്‍ നല്‍കിയും പുതിയ നികുതി നിര്‍ദേശങ്ങളില്ലാതെയും രണ്ടാം പിണറായി സര്‍ക്കാരിന്റെ ബജറ്റ്. കൊവിഡ് മഹാമാരിയെ തടയുക എന്നതാണ് പ്രധാനലക്ഷ്യമെന്നാണ് ധനമന്ത്രി ബജറ്റിലുടനീളം വ്യക്തമാക്കിയത്. മഹാമാരിയെ ചെറുത്ത് തോല്‍പ്പിക്കുക എന്നത് വികസനത്തിന്റെ പ്രധാന ഉപാധിയായി മാറിയിരിക്കുകയാണെന്ന് ധനമന്ത്രി പറഞ്ഞു. രണ്ടാം തരംഗത്തിന്റെ ആഘാതം കുറയ്ക്കുകയും മൂന്നാം തരംഗം പൂര്‍ണമായും ഒഴിവാക്കിയും മാത്രമേ സമ്പദ്ഘടന വീണ്ടെടുക്കാന്‍ സാധിക്കുകയുള്ളൂ എന്നും മന്ത്രി പറഞ്ഞു.
എല്ലാത്തിനും ഉപരി ആരോഗ്യം, ഒന്നാമത് ആരോഗ്യം എന്ന ഉറച്ച നിലപാട് സ്വീകരിക്കാന്‍ നിര്‍ബന്ധിതരായിരിക്കുകയാണ്. ആരോഗ്യ രക്ഷയ്ക്കുള്ള തന്ത്രം തന്നെയാണ് ബജറ്റില്‍ വികസന തന്ത്രമായി മാറിയിരിക്കുന്നത്. ആരോഗ്യവും ഭക്ഷവും ഉറപ്പാക്കുക, തൊഴിലും വരുമാനവും സാമ്പത്തിക സ്ഥിതിയും മെച്ചപ്പെടുത്തുക എന്നതാണ് പ്രധാന നയമെന്നും മന്ത്രി പറഞ്ഞു. കൊവിഡ് പ്രതിരോധത്തിനായി 20,000 കോടിയുടെ പാക്കേജാണ് ബജറ്റില്‍ പ്രഖ്യാപിച്ചത്. കൊവിഡ് പശ്ചാത്തലത്തില്‍ ഉയര്‍ന്നുവരുന്ന ആരോഗ്യ, സാമൂഹ്യ, സാമ്പത്തിക പ്രതിസന്ധികള്‍ നേരിടാനാണ് 20000 കോടി രൂപയുടെ രണ്ടാം കൊവിഡ് പാക്കേജ് പ്രഖ്യാപനമെന്ന് മന്ത്രി വിശദീകരിച്ചു.
കടുത്ത സാമ്പത്തിക പ്രതിസന്ധി അഭിമുഖീകരിക്കുമ്പോഴും ബജറ്റില്‍ പുതിയ നികുതി നിര്‍ദേശങ്ങളില്ല എന്നതാണ് ശ്രദ്ധേയമായ കാര്യം. പ്രതിസന്ധി രൂക്ഷമായി നിലനില്‍ക്കുന്ന സാഹചര്യത്തില്‍ പുതിയ നികുതി നിര്‍ദേശങ്ങള്‍ ഏര്‍പ്പെടുത്തുന്നില്ലെന്നാണ് ധനമന്ത്രി കെ. എന്‍ ബാലഗോപാല്‍ വ്യക്തമാക്കിയത്. പ്രതിസന്ധിഘട്ടത്തില്‍ കടമെടുത്താലും നാടിനെ രക്ഷിക്കുമെന്ന നയം തുടരും. പ്രതിസന്ധിക്ക് ശേഷം ചെലവ് ചുരുക്കുന്നതിനും വരുമാനം കൂട്ടുന്നതിനുമുള്ള നടപടികള്‍ സ്വീകരിക്കുമെന്നും മന്ത്രി പറഞ്ഞു. ആരോഗ്യ മേഖലയ്ക്ക് ഊന്നല്‍ നല്‍കിയതൊഴിച്ച് കാര്യമായ പ്രഖ്യാപനങ്ങളോ നീക്കിയിരിപ്പുകളോ ബജറ്റിലില്ല. ഒരു മണിക്കൂറില്‍ മന്ത്രി കെ. എന്‍ ബാലഗോപാല്‍ തന്റെ കന്നി ബജറ്റ് അവതരണം അവസാനിപ്പിച്ചു.
Story Highlights: kerala budget 2021
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here