കൊവിഡ് ; തിങ്കളാഴ്ച മുതല്‍ മഹാരാഷ്ട്രയില്‍ നിയന്ത്രണങ്ങളില്‍ ഇളവ്

തിങ്കളാഴ്ച മുതല്‍ അഞ്ച് തലങ്ങളിലായി ലോക്ഡൗണ്‍ നിയന്ത്രണങ്ങള്‍ ഒഴിവാക്കാന്‍ മഹാരാഷ്ട്ര. പോസിറ്റിവിറ്റി നിരക്കിന്റെയും ഓക്‌സിജന്‍ കിടക്കകളുടെ ഉപയോഗത്തിന്റെയും അടിസ്ഥാനത്തില്‍ ജില്ലകളെ അഞ്ചായി തരംതിരിച്ചാണ് ഇളവുകള്‍ അനുവദിക്കുന്നത്.
പോസിറ്റിവിറ്റി നിരക്ക് അഞ്ചില്‍ താഴെയുള്ള, 25 ശതമാനത്തില്‍ താഴെ മാത്രം ഓക്‌സിജന്‍ കിടക്കകള്‍ രോഗികള്‍ ഉപയോഗിക്കുന്ന ജില്ലകളെ പൂര്‍ണമായി നിയന്ത്രണങ്ങളില്‍നിന്ന് ഒഴിവാക്കും. 18 ജില്ലകളാണ് ഈ ഗ്രൂപ്പിലുള്ളത്. ഈ ജില്ലകളില്‍ റസ്റ്ററന്റുകള്‍, മാളുകള്‍, സലൂണുകള്‍, തിയറ്ററുകള്‍, കടകള്‍ എന്നിവ തുറക്കാം.
പോസിറ്റിവിറ്റി നിരക്ക് അഞ്ചില്‍ താഴെയാണെങ്കിലും 25 മുതല്‍ 40 ശതമാനം വരെ ഓക്‌സിജന്‍ കിടക്കകള്‍ ഉപയോഗത്തിലുള്ള ജില്ലകളെയാണ് രണ്ടാമത്തെ ഗ്രൂപ്പില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. മുംബൈ ഉള്‍പ്പെടെ ഈ വിഭാഗത്തിലാണു വരുന്നത്. ഇവിടെ സിനിമാ ഷൂട്ടിങ് അനുവദിക്കും. കടകള്‍ തുറക്കാമെങ്കിലും റസ്റ്ററന്റുകള്‍, ജിം, സലൂണ്‍ എന്നിവയ്ക്കു ഭാഗിക നിയന്ത്രണം ഉണ്ടായിരിക്കും. 50% പേരെ ഉള്‍പ്പെടുത്തി വിവാഹങ്ങളും കൂടിച്ചേരലുകളും അനുവദിച്ചിട്ടുണ്ട്. ഓഫിസുകള്‍ക്കും തുറക്കാന്‍ അനുമതിയുണ്ട്. എന്നാല്‍ മുംബൈ ലോക്കല്‍ ട്രെയിന്‍ സര്‍വീസുകള്‍ അനുവദിക്കില്ല. ബസുകളില്‍ യാത്രക്കാര്‍ക്കു നിന്നു യാത്ര ചെയ്യാൻ അനുമതിയുണ്ടാകില്ല.
അഞ്ച് മുതല്‍ 10 വരെ പോസിറ്റിവിറ്റി നിരക്കുള്ള 40-60 ശതമാനം ഓക്‌സിജന്‍ കിടക്കകള്‍ ഉപയോഗത്തിലുള്ള ജില്ലകള്‍ മൂന്നാം ഗ്രൂപ്പിലും കൊവിഡ് വ്യാപനം അതിലും രൂക്ഷമായ ജില്ലകള്‍ മറ്റ് രണ്ടു ഗ്രൂപ്പുകളിലുമാണു വരുന്നത്. ഇവിടെ നിയന്ത്രണങ്ങള്‍ക്ക് ഇളവുണ്ടാകില്ല.
Story Highlights: Maharashtra to unlock from Monday in five level
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here