Advertisement

എവറസ്റ്റ് കീഴടക്കി വിശാഖപട്ടണം യുവാവ്; ലക്ഷ്യം ഏഴ് കൊടുമുടികളും കീഴടക്കുക എന്നത്

June 5, 2021
Google News 1 minute Read

വിശാഖപട്ടണത്തിൽ നിന്നുള്ള ഒരു യുവാവ് എവറസ്റ്റ് കീഴടക്കി. ജൂൺ 1 ന് പുലർച്ചെ 5 മണിയോടെയാണ് ഇരുപത്തഞ്ചുകാരനായ അൻമിഷ് വർമ ഭൂപതി രാജു ലോകത്തിലെ ഏറ്റവും ഉയരമുള്ള പർവതത്തിലെത്തിയത്.

“ഇത് എന്റെ ജീവിതത്തിലെ ഏറ്റവും വലിയ നേട്ടമാണ്. ഞാൻ എത്ര സന്തുഷ്ടനാണെന്ന് എനിക്ക് വാക്കുകളിൽ പ്രകടിപ്പിക്കാൻ കഴിയില്ല. ലോകത്തിന്റെ മുകളിൽ നിൽക്കുന്നത് ഒരു വികാരമാണ്. എവറസ്റ്റ് കൊടുമുടിയിലേക്കുള്ള യാത്ര ഒടുവിൽ വിജയിച്ചതിനാൽ എനിക്ക് വളരെ ആശ്വാസം തോന്നുന്നു. ഞങ്ങളുടെ ടീം 8,848.86 മീറ്റർ കയറിയാണ് ഉച്ചസ്ഥായിലെത്തിയത്. ധാർമ്മികമായും വൈകാരികമായും സാമ്പത്തികമായും എന്നെ പിന്തുണച്ച ഓരോ വ്യക്തിക്കും കമ്പനിക്കും ഞാൻ നന്ദി പറയുന്നു, ”അൻമിഷ് പറഞ്ഞു.

“എല്ലാ ഭൂഖണ്ഡങ്ങളിലെയും ഏഴ് കൊടുമുടികളെയും കീഴടക്കുക എന്നതാണ് എന്റെ ലക്ഷ്യം. ഇതിനകം, അവയിൽ മൂന്നെണ്ണം ഞാൻ കീഴടക്കിയിട്ടുണ്ട്. ബാക്കിയുള്ള നാലെണ്ണം വേഗത്തിൽ കയറാൻ ഞാൻ പദ്ധതിയിടുകയാണ്”, അൻമിഷ് വ്യക്തമാക്കി.

ഈ സീസണിൽ കൊടുമുടി കയറിയ ദക്ഷിണേന്ത്യയിൽ നിന്നുള്ള ഏക പർവതാരോഹകൻ താനാണെന്ന് അദ്ദേഹം പറഞ്ഞു. 2019 ൽ ചൈനയുടെ ഭാഗത്തുനിന്നുള്ള ആദ്യ ശ്രമത്തിൽ പരാജയപ്പെട്ടതിനെത്തുടർന്ന് രണ്ടാമത്തെ ശ്രമത്തിൽ അദ്ദേഹം എവറസ്റ്റ് കീഴടക്കി.

സാഹസിക കായിക വിനോദങ്ങളിൽ അൻമിഷിന് വളരെയധികം താൽപ്പര്യമുണ്ട്. പർവതാരോഹണത്തിനായുള്ള അദ്ദേഹത്തിന്റെ ശ്രമം 2017-ൽ ആരംഭിച്ചതാണ്. ആയോധനകലയിൽ നിരവധി വർഷത്തെ പരിശീലനം കാരണം അദ്ദേഹം ഉയർന്ന ശാരീരികക്ഷമത നേടിയിരുന്നു അതിനാൽ കൂടുതൽ വെല്ലുവിളി നിറഞ്ഞ എന്തെങ്കിലും അദ്ദേഹം തേടുകയായിരുന്നു. ഗാണ്ടിക്കോട്ടയിലെ അഡ്വഞ്ചർ സ്പോർട്സ് അക്കാദമിയിലാണ് തുടക്കത്തിൽ പരിശീലനം നേടിയത്. പിന്നീട് ഡാർജിലിംഗിലെ ഹിമാലയൻ മൗണ്ടൈനീറിങ് ഇൻസ്റ്റിറ്റ്യൂട്ടിൽ ഒരു അടിസ്ഥാന പർവതാരോഹണ കോഴ്‌സും ജമ്മു കശ്മീരിലെ പഹൽഗാമിലെ ജവഹാർ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മൗണ്ടൈനീറിങിൽ അഡ്വാൻസ്ഡ് കോഴ്‌സും ചെയ്തു.

പിന്നീട് ലഡാക്കിൽ -40 ഡിഗ്രി സെൽഷ്യസിന് കീഴിൽ പരിശീലനം നേടി. കൊവിഡ് -19 പൊട്ടിപ്പുറപ്പെടുന്നതിന് മുമ്പ്, ആഫ്രിക്കയിലെ ഏറ്റവും ഉയരം കൂടിയ കൊടുമുടിയായ മൗണ്ട് കിളിമഞ്ചാരോ (5,895 മീറ്റർ), തെക്കേ അമേരിക്കയിലെ ഏറ്റവും ഉയരം കൂടിയ മൗണ്ട് അക്കോൺകാഗുവ (6,961 മീറ്റർ) എന്നിവ അദ്ദേഹം വിജയകരമായി കയറി.

തിരികെ നാട്ടിലേക്ക് മടങ്ങിയതിന് തൊട്ടുപിന്നാലെയാണ് ലോക്ക്ഡൗൺ ഏർപ്പെടുത്തിയത്. ഈ വർഷം ഏപ്രിൽ ആദ്യ വാരം കാഠ്മണ്ഡുവിലെത്തിയപ്പോൾ എവറസ്റ്റിലേക്കുള്ള തന്റെ യാത്ര ആരംഭിച്ചതായി അദ്ദേഹം പറഞ്ഞു. ആവശ്യമായ പെർമിറ്റുകൾ ലഭിച്ച ശേഷം, ലോകത്തിന്റെ ഉന്നതിയിലെത്താൻ 50 ദിവസത്തെ പര്യവേഷണത്തിനായി അദ്ദേഹം പുറപ്പെട്ടു.

ബേസ് ക്യാമ്പിൽ തങ്ങളുടെ ടീം അംഗങ്ങളിൽ ചിലർ കൊവിഡ് പോസിറ്റീവായപ്പോൾ പര്യവേഷണ വിജയത്തെക്കുറിച്ച് ആദ്യം സംശയം തോന്നിയെന്നും അൻമിഷ് പറഞ്ഞു. എന്നിരുന്നാലും, നേപ്പാൾ സർക്കാർ രോഗികൾക്ക് ഐസൊലേഷൻ ഏർപ്പെടുത്തുകയും പര്യവേഷണം തുടരാൻ അനുവദിക്കുകയും ചെയ്തിരുന്നു.

പ്രതികൂല കാലാവസ്ഥയെത്തുടർന്ന് ചില അംഗങ്ങൾക്ക് ബേസ് ക്യാമ്പിലേക്ക് മടങ്ങേണ്ടിവന്നു. കനത്ത മഞ്ഞുവീഴ്ച കാരണം അവർക്ക് ബേസ് ക്യാമ്പ് 2 ൽ ആറ് ദിവസം കാത്തിരിക്കേണ്ടി വന്നു. അവർ ക്ഷമയോടെ കാത്തിരുന്നുവെന്നും ഒടുവിൽ അവർ കൊടുമുടി കീഴടക്കിയപ്പോൾ അവരുടെ ക്ഷമ ഫലം നൽകി എന്നും അദ്ദേഹം പറഞ്ഞു. ലോക കിക്ക്ബോക്സിംഗ്, കരാട്ടെ യൂണിയൻ (ഡ.ബ്ല്യു.കെ.യു.) ചാമ്പ്യൻഷിപ്പിൽ രണ്ടുതവണ ജേതാവ് കൂടിയാണ് അൻമിഷ്. പുരുഷന്മാരുടെ വിഭാഗത്തിൽ ഇന്ത്യയെ പ്രതിനിധീകരിച്ച് ഗ്രീസിലും (2018) ഓസ്ട്രിയയിലും (2019) നടന്ന ഡബ്ല്യു.കെ.യു. ടൂർണമെന്റുകളിൽ തുടർച്ചയായി രണ്ട് സ്വർണ്ണ മെഡലുകളും നേടി.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here