13 വയസുകാരി സിഡബ്ല്യുസിയുടെ സംരക്ഷണയിൽ; 10 ദിവസത്തോളം കൗൺസിലിംഗ് നൽകും
വിശാഖപട്ടണത്ത് നിന്ന് കണ്ടെത്തി തിരുവനന്തപുരത്ത് തിരിച്ചെത്തിച്ച 13 വയസുകാരി സിഡബ്ല്യുസിയുടെ സംരക്ഷണയിൽ തുടരുന്നു. ഇന്നലെ കുട്ടിയുടെ മെഡിക്കൽ പരിശോധന പൂർത്തിയാക്കിയ ശേഷം കൗൺസിലിംഗ് നടപടികൾ ആരംഭിച്ചിരുന്നു. 10 ദിവസത്തോളം കുട്ടിക്ക് കൗൺസിലിംഗ് നൽകും.
മാതാപിതാക്കൾക്കൊപ്പം പോകാൻ താത്പര്യമില്ലെന്ന് കുട്ടി ഇന്നലെ സിഡബ്ല്യുസി അംഗങ്ങളെ അറിയിച്ചിരുന്നു. ഇതിൻ്റെ അടിസ്ഥാനത്തിൽ കൗൺസിലിംഗ് കഴിഞ്ഞാൽ കുട്ടിയെ സിഡബ്ല്യുസി ഏറ്റെടുക്കും. കുട്ടിയുടെ രണ്ടു സഹോദരിമാരെയും സിഡബ്ല്യുസി ഏറ്റെടുക്കാൻ തീരുമാനിച്ചിട്ടുണ്ട്. കുട്ടികളെ ഏറ്റെടുക്കുന്നതിൽ മാതാപിതാക്കളും സമ്മതം അറിയിച്ചു. വീട്ടിൽ പോകാൻ താത്പര്യമില്ലെന്ന് കുട്ടി പറയുന്നതിൽ എന്തെങ്കിലും ദുരൂഹതയുണ്ടോയെന്നാണ് പൊലീസ് പരിശോധിക്കുന്നത്. അമ്മയെ കേന്ദ്രീകരിച്ചുള്ള അന്വേഷണത്തിനും പൊലീസ് ഒരുങ്ങുന്നുണ്ട്.
അമ്മ കുറേ ജോലികൾ ചെയ്യിപ്പിക്കുമെന്നും അടിക്കുമെന്നും കുട്ടി കമ്മീഷന് മുന്നിൽ വിശിദീകരിച്ചുവെന്നും സിഡബ്ല്യുസി ചെയര്‍പേഴ്‌സണ്‍ ഷാനിബ ബീഗം പറഞ്ഞിരുന്നു. മൂത്ത കുട്ടിയല്ലേ എന്ന് വച്ച് അമ്മ കുട്ടിയെ കൂടുതൽ വഴക്ക് പറയാറുണ്ടായിരുന്നു. പത്ത് ദിവസത്തെ കൗൺസിലിങ്ങിനു ശേഷം മാതാപിതാക്കളുടെ കൂടെ വിടണമോ എന്ന് തീരുമാനിക്കുമെന്നും കുട്ടിയുടെ പൂർണ്ണ സംരക്ഷണം സിഡബ്ല്യുസി ഏറ്റെടുക്കുമെന്നും ചെയർപേഴ്സൺ പറഞ്ഞു.
കേരളത്തിൽ തന്നെ നിൽക്കാനാണ് ഇഷ്ട്ടമെന്നും ഇവിടെ തന്നെ പഠിക്കാനാണ് ആഗ്രഹിക്കുന്നതെന്നും കുട്ടി പറഞ്ഞു. തൽക്കാലം മാതാപിതാക്കൾക്കൊപ്പം കുട്ടിയെ അയക്കുന്നില്ല എന്ന തീരുമാനമാണ് ഉണ്ടായിരിക്കുന്നത്. വേണമെങ്കിൽ കുട്ടിയുടെ സഹോദരങ്ങളെ കൂടി നിർത്താമെന്ന് സിഡബ്ല്യൂസി അറിയിച്ചു.
Story Highlights : 13-year-old Assamese girl will continue under CWC care
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here