പ്രാവ് കോഴിയായപ്പോൾ; സഞ്ചാരികളിൽ കൗതുകം ഉണർത്തി ‘ചിക്കൻ ചർച്ച്’

നിർമാണത്തിലെ വ്യത്യസ്തത കൊണ്ടും വാസ്തുവിദ്യാ ആകർഷണം കൊണ്ടും സഞ്ചാരികളെ അദ്ഭുതപ്പെടുത്തുന്ന നിരവധിയിടങ്ങൾ ഭൂമിയിലുണ്ട്. ഓരോ മതസ്ഥരും അവരുടെ ആചാരാനുഷ്ഠാനങ്ങളുടെ രീതിയിലായിരിക്കും ആരാധനാലയങ്ങൾ പണി കഴിപ്പിക്കുക. എന്നാൽ ഇന്തൊനീഷ്യയിൽ കാഴ്ചയിൽ ആരെയും വിസ്മയിപ്പിക്കുന്ന ഒരു പ്രാർത്ഥനാലയമുണ്ട്. രൂപം കൊണ്ടും ലോക സഞ്ചാരികളുടെ ശ്രദ്ധയാകർഷിക്കുന്ന ഈ ദേവാലയം പണിതിരിക്കുന്നത് കോഴിയുടെ ആകൃതിയിലാണ്.
ഇന്തൊനീഷ്യൻ ദ്വീപസമൂഹത്തിലെ പ്രധാന ദ്വീപായ ജാവയുടെ ഹൃദയഭാഗത്തുള്ള കൊടുംകാട്ടിൽ ഉപേക്ഷിക്കപ്പെട്ട നിലയിലാണ് ഗെരേജ അയം എന്ന കോഴിയുടെ ആകൃതിയിലുള്ള പള്ളി. എല്ലാ മതത്തിലെയും തീർത്ഥാടകർക്കും വേണ്ടി രൂപകൽപന ചെയ്തിട്ടുള്ള ഈ ഭീമൻ കെട്ടിടം ലോകമറിയുന്നത് ചിക്കൻ ചർച്ച് എന്ന പേരിലാണ്. കോഴിയുടെ രൂപത്തോട് സാദൃശ്യമുള്ളതുകൊണ്ടാകാം അങ്ങനെയൊരു പേര് ഈ പള്ളിക്ക് ലഭിച്ചത്.
1980 കളുടെ അവസാനം ഡാനിയൽ അലാംജാജെ എന്ന വ്യക്തിയാണ് ഇൗ പള്ളി പണി കഴിപ്പിച്ചത്. അദ്ദേഹത്തിൻറെ മനസ്സിൽ സമാധാനത്തിന്റെയും ഐക്യത്തിന്റെയും പ്രതിരൂപമായ പ്രാവായിരുന്നു പള്ളിക്ക് ചേരുന്ന രൂപഘടന. പണി ഏതാണ്ട് പൂർത്തിയായത് മുതൽ നാട്ടുകാർ ഇതിനെ ചിക്കൻ ചർച്ച് എന്ന് വിളിച്ചു തുടങ്ങി. പുറമേ നിന്ന് നോക്കിയാൽ കോഴിയുടെ രൂപ സാദൃശ്യമാണ്.
വൈകല്യമുള്ള കുട്ടികൾക്കും മാനസിക പ്രശ്‌നങ്ങളുള്ളവർക്കുമുള്ള കേന്ദ്രവുമെല്ലാം ഈ പള്ളിയുടെ ഭാഗമായി ഉൾപ്പെടുത്തിയിരുന്നു. നിർമാണത്തിന് ഉയർന്ന ചിലവ് കാരണം പണി പൂർത്തീകരിക്കാനും സാധിച്ചില്ല. ഇന്നും ഈ ചിക്കൻ ചർച്ച് പണിതീരാത്ത കെട്ടിടമായി അവശേഷിക്കുന്നു. പള്ളി ആദ്യകാഴ്ചയിൽ ഭയം തോന്നുമെങ്കിലും രാജ്യത്ത് ഏറ്റവുമധികം ആളുകൾ സന്ദർശിക്കുന്ന വിനോദസഞ്ചാര കേന്ദ്രങ്ങളിലൊന്നുകൂടിയാണ്.
പള്ളിക്കുൾവശം വിജനമായ, ഭയം നിറയ്ക്കുന്ന കാഴ്ചയാണ്. അതിനോടു ചേർന്നു തന്നെയുള്ള ഭൂഗർഭ അറകളായിരുന്നു ചികിത്സാകേന്ദ്രമായി ഉപയോഗിക്കാൻ തീരുമാനിച്ചിരുന്നത്. പള്ളിയുടെ പലഭാഗങ്ങളും ഇന്ന് നാശത്തിന്റെ വക്കിലാണ്.എങ്കിലും ഇവിടേക്ക് ഒഴുകിയെത്തുന്ന സഞ്ചാരികളുടെ കണക്കിന് കുറവൊന്നുമില്ല.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here