‘നാനാത്വത്തിൽ ഏകത്വമാണ് നമ്മുടെ ശക്തി; മലയാളം വിലക്കിയ നടപടിയിൽ പ്രതികരിച്ച് ശ്വേതാ മേനോൻ

ജോലി സമയത്ത് മലയാളം സംസാരിക്കരുതെന്ന ഡൽഹി ജിബി പന്ത് ആശുപത്രിയുടെ നടപടിയിൽ പ്രതികരണവുമായി ശ്വേതാ മേനോൻ. മലയാളത്തെ വിലക്കിയ ആശുപത്രിയുടെ നടപടി നമ്മുടെ രാജ്യത്തിന്റെ അടിസ്ഥാന മൂല്യങ്ങൾക്കെതിരാണ്. ഈ കൊവിഡ് കാലത്ത് നമ്മുടെ ആരോഗ്യ പ്രവർത്തകർ ജീവൻ പണയം വച്ചാണ് പ്രവർത്തിക്കുന്നത്. ഒരു തരത്തിലുമുള്ള ഭാഷാ വിവേചനവും ഇന്ത്യക്കാർ നേരിടാൻ പാടില്ല. നാനാത്വത്തിൽ ഏകത്വമാണ് നമ്മുടെ രാജ്യത്തിന്റെ ശക്തിയെന്നും ശ്വേതാ മേനോൻ പറഞ്ഞു.
ഉത്തരവ് വിവാദമായതോടെ സർക്കുലർ പിൻവലിച്ച നടപടിയെ താരം അഭിനന്ദിക്കുകയും ചെയ്തു. ഉത്തരവ് പിൻവലിച്ചതിൽ അതിയായ സന്തോഷമുണ്ടെന്നായിരുന്നു പ്രതികരണം. എന്നാൽ നിരവധി വിമർശനങ്ങളാണ് ഇതിന് താരം നേരിട്ടത്. മലയാളം ടിവി ഷോയിൽ വന്നിരുന്ന് അനാവശ്യമായി ഇംഗ്ലീഷ് കാച്ചുന്നവരാണോ ഇങ്ങനെ വന്ന് തള്ളുന്നതെന്നായിരുന്നു വിമർശനം. തിരൂർ തുഞ്ചൻ പറമ്പിൽ ചിലരെ പേടിച്ച് പ്രതിമ സ്ഥാപിക്കാത്തവരാണ് സേവ് മലയാളം എന്ന് കാപട്യം കാണിക്കുന്നതെന്നും വിമർശനമുണ്ട്.
എന്നാൽ താൻ ജനിച്ചതും വളർന്നതും കേരളത്തിന് പുറത്താണെന്നും ഇഷ്ടം കൊണ്ട് മലയാളം പഠിച്ചെടുത്തതാണെന്നുമായിരുന്നു ശ്വേതയുടെ മറുപടി. എഴുത്തച്ഛന് വേണ്ടി തുഞ്ചൻ പറമ്പിൽ ഒരു മ്യൂസിയം തന്നെയുണ്ട്. അങ്ങോട്ടും ഇങ്ങോട്ടും മലയാളം പറയുന്നതിൽ പരസ്പരം എന്തിനാണ് എതിർക്കുന്നത് എന്നും താരം ചോദിച്ചു.
Story Highlights: swetha menon reaction, malayalam banned in delhi hospital
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here