കർഷക പ്രക്ഷോഭത്തെ പിന്തുണച്ച ഗായകൻ ജാസ്സി ബിയുടെ ട്വിറ്റർ അക്കൗണ്ടും മരവിപ്പിച്ചു
കേന്ദ്രസർക്കാറിന്‍റെ കാർഷിക നിയമങ്ങൾക്കെതിരെ പ്രതിഷേധിക്കുന്ന കർഷകർക്ക് ഐക്യദാർഡ്യം പ്രഖ്യാപിച്ച് രംഗത്തെത്തിയതിനെ തുടർന്ന് കനേഡിയൻ -പഞ്ചാബി ഗായകൻ ജാസ്സി ബിയുടെ ട്വിറ്റർ അക്കൗണ്ട് അടക്കം നാല് അക്കൗണ്ടുകൾ മരവിപ്പിച്ചു. കേന്ദ്ര സർക്കാരിൻറെ നിർദേശ പ്രകാരമാണ് അക്കൗണ്ടുകൾ മരവിപ്പിച്ചത്.
അക്കൗണ്ടുകൾ രാജ്യത്തിന് പുറത്തുള്ള ഐ.പി വിലാസത്തിൽനിന്ന് ഇപ്പോഴും ഉപയോഗിക്കാൻ കഴിയും. ‘ഞങ്ങൾക്ക് സാധുവായ ഒരു നിയമ അഭ്യർഥന ലഭിച്ചതോടെ, പ്രദേശിക നിയമങ്ങളും ട്വിറ്റർ നിയമങ്ങളും കണക്കിലെടുത്ത് അവ വിലയിരുത്തി. ഉള്ളടക്കം ട്വിറ്ററിന്‍റെ നിയമങ്ങൾ ലംഘിക്കുകയാണെങ്കിൽ അവ നീക്കം ചെയ്യും. ട്വിറ്ററിന്‍റെ നിയമലംഘനങ്ങൾ അല്ലെങ്കിലും, ഒരു പ്രത്യേക അധികാര പരിധിയിൽ അവ നിയമവിരുദ്ധമാണെന്ന് നിർണയിക്കപ്പെട്ടാൽ, ഇന്ത്യയിൽ ആ ഉള്ളടക്കത്തിലേക്കുള്ള പ്രവേശനം തടയും’ -ട്വിറ്ററിന്‍റെ കുറിപ്പിൽ പറയുന്നു.
അക്കൗണ്ട് റദ്ദാക്കുന്നതുമായി ബന്ധപ്പെട്ട വിവരം അക്കൗണ്ട് ഉടമയെ അറിയിച്ചിരുന്നുവെന്നും ട്വിറ്റർ വിശദീകരിച്ചു.
റദ്ദാക്കിയ നാലു അക്കൗണ്ടുകളിലൂടെയും പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ നേതൃത്വത്തിനെതിരെ വിമർശനങ്ങൾ ഉന്നയിച്ചിരുന്നു. കൂടാതെ കർഷക പ്രക്ഷോഭത്തെ പിന്തുണക്കുകയും ചെയ്തിരുന്നതായി മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.
കർഷകരുടെ പ്രക്ഷോഭത്തെ പിന്തുണക്കുന്ന അക്കൗണ്ടുകൾ നീക്കം ചെയ്യാൻ കേന്ദ്രം ട്വിറ്ററിനോട് നിർദേശിക്കുന്നത് ആദ്യമായല്ല. ഫെബ്രുവരിയിൽ കിസാൻ ഏക്ത മോർച്ച്, ദി കാരവൻ എന്നിവയുടേതടക്കം 250 ട്വിറ്റർ അക്കൗണ്ടുകൾ കേന്ദ്രത്തിന്‍റെ നിർദേശപ്രകാരം മരവിപ്പിച്ചിരുന്നു. കേന്ദ്രസർക്കാർ ട്വിറ്ററിന് നോട്ടീസ് അയച്ചതിന് പിന്നാലെയായിരുന്നു നടപടി.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here