Advertisement

കെപിസിസി അധ്യക്ഷ സ്ഥാനത്ത് നിന്ന് മുല്ലപ്പള്ളി രാമചന്ദ്രന്‍ പടിയിറങ്ങുന്നു

June 9, 2021
Google News 1 minute Read
mullappally ramachandran

നിരാശയോടെയാണെങ്കിലും അത്യധികം നിര്‍വൃതിയോടെയാണ് കെപിസിസി അധ്യക്ഷസ്ഥാനത്ത് നിന്ന് മുല്ലപ്പള്ളി രാമചന്ദ്രന്റെ പടിയിറക്കം. പാര്‍ട്ടി അധ്യക്ഷനെന്ന നിലയില്‍ മുല്ലപ്പളളി അവസാനമായി ഒപ്പിട്ടത് കെപിസിസി ആസ്ഥാനത്തെ ജീവനക്കാരുടെ ശമ്പള വര്‍ധനവുമായി ബന്ധപ്പെട്ട ഫയലാണ്. പാര്‍ട്ടി സാമ്പത്തിക പ്രതിസന്ധി നേരിടുന്ന വേളയിലാണ് മുല്ലപ്പളളി ചുമതലയേറ്റത്. എന്നാല്‍ മുല്ലപ്പളളി പടിയിറങ്ങുന്നതാകട്ടെ പാര്‍ട്ടി അക്കൗണ്ടില്‍ മൂന്ന് കോടിയോളം രൂപ ബാക്കിവച്ചിട്ടുമാണ്.

കാണുന്നവരോടൊക്കെ പ്രസന്നവദനനാണ് മുല്ലപ്പളളി രാമചന്ദ്രനെന്ന കോണ്‍ഗ്രസ് നേതാവ്. എന്നാല്‍ സംഘടനാ വിഷയങ്ങളിലാകട്ടെ കടുത്ത കാര്‍ക്കശ്യക്കാരനും. 2018 സെപ്തംബറില്‍ മുല്ലപ്പള്ളി രാമചന്ദ്രന്‍ ഇന്ദിരാഭവന്റെ പടി കയറിയത് വലിയ പ്രതീക്ഷകളോടെയായിരുന്നു. മുല്ലപ്പളളിയുടെ സ്ഥാനലബ്ധിക്ക് ശേഷം നടന്ന ആദ്യ തെരഞ്ഞെടുപ്പ് ലോക്‌സഭയിലേക്കായിരുന്നു. അന്ന് മിന്നും വിജയം നേടിയ കോണ്‍ഗ്രസിനോ മുല്ലപ്പളളിക്കോ പക്ഷേ പിന്നീടങ്ങോട്ട് നടന്ന തെരഞ്ഞെടുപ്പുകളില്‍ വിജയത്തിന്റെ പടവു തൊടാന്‍
സാധിച്ചില്ല.

നിയമസഭാ തെരഞ്ഞെടുപ്പ് തിരിച്ചടിക്ക് പിന്നാലെ മുല്ലപ്പളളി ഹൈക്കമാന്‍ഡിനെ രാജിസന്നദ്ധത അറിയിച്ചു. എന്നിട്ടും എല്ലാ ദിവസവും രാവിലെ ഇന്ദിരാ ഭവനിലെത്തിയിരുന്ന മുല്ലപ്പളളി വൈകുന്നേരങ്ങളിലായിരുന്നു മടങ്ങിയിരുന്നത്. വിമര്‍ശന ശരങ്ങളുന്നയിക്കുമ്പോഴും മുല്ലപ്പള്ളിയുടെ ഈ ആത്മാര്‍ത്ഥതയെ ഒരു കോണ്‍ഗ്രസുകാരനും ചോദ്യം ചെയ്യില്ല.

കൊവിഡ് കാലത്ത് കെപിസിസി ജീവനക്കാര്‍ക്ക് 3000 രൂപ ഓണറേറിയം നല്‍കിയും 1000 രൂപ ശമ്പളം വര്‍ധിപ്പിച്ചും ജീവനക്കാര്‍ക്ക് ഒപ്പം നിന്നു. കെപിസിസി അധ്യക്ഷനെന്ന നിലയില്‍ ഏറ്റവുമൊടുവില്‍ മുല്ലപ്പളളി ഒപ്പിട്ടതും ജീവനക്കാരുടെ ശമ്പള വര്‍ധനവുമായി ബന്ധപ്പെട്ട ഫയലാണ്.

സംഘടനാരംഗത്തും പാര്‍ലമെന്ററി രംഗത്തും ഒരു തവണയെങ്കിലും ചുമതലകള്‍ വഹിച്ചിട്ടുളള നേതാക്കളില്‍ ഭൂരിഭാഗവും സഞ്ചരിക്കുന്നത് സ്വന്തം ആഡംബര വാഹനങ്ങളിലാണ്. എന്നാല്‍ മുല്ലപ്പളളിക്ക് സ്വന്തമായുളളത് വര്‍ഷങ്ങള്‍ പഴക്കമുളള അംബാസിഡര്‍ കാറാണ്. അധ്യക്ഷനായിരിക്കെ പാര്‍ട്ടി അനുവദിച്ചിരുന്ന ഇന്നോവ കാറില്‍ സഞ്ചരിച്ചിരുന്ന മുല്ലപ്പളളി, പുതിയ അധ്യക്ഷനെ നിയമിച്ചുളള ഹൈക്കമാന്‍ഡ് പ്രഖ്യാപനം വന്നതിന് പിന്നാലെ ഇന്നോവ ഉപേക്ഷിച്ച് വീണ്ടും അംബാസിഡര്‍ കാറിലേക്ക് മടങ്ങി.

തലസ്ഥാനത്ത് സ്വന്തമായി വീടില്ലാത്ത മുല്ലപ്പളളി വൈകാതെ സ്വദേശമായ ചോമ്പാലയിലേക്ക് തിരിക്കും. ആദര്‍ശ രാഷ്ട്രീയത്തെ എന്നും നെഞ്ചോടു ചേര്‍ത്തുപിടിക്കുന്ന ചുരുക്കം ചില നേതാക്കളുടെ പട്ടികയിലാണ് മുല്ലപ്പളളിക്കും സ്ഥാനം.

തലസ്ഥാനത്ത് നിന്ന് മടങ്ങുന്ന മുല്ലപ്പളളി രാമചന്ദ്രന്‍ ദേശീയ രാഷ്ട്രീയത്തിലേക്ക് മടങ്ങുമോ അതോ രാജ്യസഭാ എം പിയായി വീണ്ടും പാര്‍ലമെന്റിലേക്ക് എത്തുമോ, അതല്ല ഒരു റിട്ടയര്‍മെന്റ് ലൈഫാണോ മുല്ലപ്പളളി ഇനി ഉദ്ദേശിക്കുന്നത്. മറുപടി പറയേണ്ടത് അദ്ദേഹം തന്നെയാണ്.

Story Highlights: mullappally ramachandran, kpcc, congress

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here