പത്തിൽ ഒരു കുട്ടി ബാലവേല ചെയ്യുന്നു; വരും വർഷത്തിൽ അഞ്ചുകോടി കുട്ടികൾ ബാലവേലക്ക് നിർബന്ധിതരാകുമെന്ന് യു എൻ

അലോഗോള ബാലവേല നിരക്ക് ഉയർന്നതായി റിപ്പോർട്ട്. രണ്ടു ദശാബ്ദത്തിനിടെയാണ് നിരക്കിൽ ഉയർച്ച രേഖപ്പെടുത്തിയതെന്ന് യുനൈറ്റഡ് നേഷൻസ് പറയുന്നു. കൊവിഡ് പ്രതിസന്ധിയിൽ ലക്ഷകണക്കിന് കുട്ടികൾ തൊഴിലെടുക്കാൻ നിർബന്ധിതരായെന്ന് റിപ്പോർട്ടിൽ വ്യക്തമാകുന്നു.
അന്താരാഷ്ട്ര തൊഴിൽ സംഘടനയും യു.എന്നിൻറെ യുനിസെഫിൻറെയും കണക്കുകൾ പ്രകാരം 2020ൽ ബാലവേല ചെയ്യുന്ന കുട്ടികളുടെ എണ്ണം 16 കോടിയായി ഉയർന്നു. അതായത് നാലുവർഷത്തിനിടെ 84ലക്ഷം കുട്ടികൾ ബാലവേല ചെയ്യാൻ പുതുതായെത്തി.
കൊവിഡിന് മുൻപ് തന്നെ ബാലവേലയുടെ കണക്കുകൾ ഉയർന്നിരുന്നതായാണ് റിപ്പോർട്ടുകൾ. കൊവിഡ് പ്രതിസന്ധി ഇതിന് ആക്കം കൂട്ടുകയും ചെയ്തു. ലോകത്ത് പത്തിൽ ഒരു കുട്ടി ബാലവേല ചെയ്യുന്നുവെന്നാണ് കണക്കുകൾ. ബാലവേല ഏറ്റവുമധികം ആഫ്രിക്കൻ രാജ്യങ്ങളിലാണെന്നും സൂചിപ്പിക്കുന്നു.
വിവിധ രാജ്യങ്ങൾ രണ്ടാം ലോക്ക്ഡൗൺ നേരിട്ടതോടെ സ്‌കൂളുകൾ പൂട്ടുകയും സമ്ബദ്ഘടന താളംതെറ്റുകയും കുടുംബ ബജറ്റുകൾ പ്രതിസന്ധിയിലാകുകയും ചെയ്തു. ഇതോടെ കുടുംബങ്ങൾ കുഞ്ഞുങ്ങളെ ബാലവേലക്ക് അയക്കാൻ നിർബന്ധിതരാകുകയാണെന്നും റിപ്പോർട്ടിൽ പറയുന്നു.
ദാരിദ്രത്തിലേക്ക് വഴുതിവീഴുന്ന കുടുംബങ്ങളെ കരകയറ്റിയില്ലെങ്കിൽ അടുത്ത രണ്ടുവർഷത്തിനിടെ ബാലവേല ചെയ്യാൻ അഞ്ചുകോടി കുട്ടികൾ നിർബന്ധിതരാകുമെന്നും യു.എൻ മുന്നറിയിപ്പ് നൽകുന്നു. ബാലവേല അവസാനിപ്പിക്കാനുള്ള പോരാട്ടത്തിൽ തങ്ങൾക്ക് അടിതെറ്റുന്നതായി യുനിസെഫ് മേധാവി ഹെൻറീറ്റ ഫോറെ പറഞ്ഞു.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here