അനധികൃതമായി കൂട്ടം കൂടി; ദിഗ്‌വിജയ സിംഗ് അടക്കം 30 പേർക്കെതിരെ കേസ്

കൊവിഡ് മാനദണ്ഡങ്ങൾ ലംഘിച്ചെന്ന് കാട്ടി കോൺഗ്രസ് നേതാവ് ദിഗ്‌വിജയ സിംഗ് അടക്കം 29 പേർക്കെതിരെ കേസെടുത്ത് മധ്യപ്രദേശ് പൊലീസ്. രാജ്യത്തെ ഇന്ധന വിലവർധനവിനെതിരെ പ്രതിഷേധിച്ച കോൺഗ്രസ് പ്രവർത്തകർക്കെതിരെയാണ് കേസെടുത്തിരിക്കുന്നത്. അനധികൃതമായി കൂട്ടം കൂടി എന്നതാണ് കേസ്.
“30 പേർക്കെതിരെ കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്. ഇതിൽ കോൺഗ്രസ് നേതാവ് ദിഗ്‌വിജയ സിംഗും ഉൾപ്പെടും. ഇന്ത്യൻ ശിക്ഷാനിയമം 188, 145 വകുപ്പുകളാണ് ഇവർക്കെതിരെ ചുമത്തിയിരിക്കുന്നത്.”- പൊലീസ് അസിസ്റ്റൻ്റ് സൂപ്രണ്ട് അങ്കിത് ജയ്സ്വാൾ പറഞ്ഞു.
ഭോപ്പാലിലാണ് ഇന്ധന വിലവർധനവിനെതിരെ കോൺഗ്രസ് പ്രതിഷേധിച്ചത്. എക്സൈസ് ഡ്യൂട്ടി ഒഴിവാക്കിയാൽ ഇന്ധനവില 25 രൂപയെങ്കിലും കുറയ്ക്കാനാവുമെന്ന് പ്രതിഷേധത്തിൽ ദിഗ്‌വിജയ സിംഗ് പറഞ്ഞിരുന്നു.
രാജ്യത്ത് ഇന്ധന വില ഇന്നും കൂടിയിരുന്നു. പെട്രോളിനും ഡീസലിനും 29 പൈസ വീതമാണ് ഇന്ന് കൂട്ടിയത്. ഈ മാസം ഇത് ആറാം തവണയാണ് ഇന്ധനവില വർധിപ്പിച്ചിരിക്കുന്നത്.
കൊച്ചിയിൽ പെട്രോൾ ലിറ്ററിന് 96.07 രൂപയും ഡീസലിന് 91.53 രൂപയുമാണ് പുതിയ ഇന്ധനവില. തിരുവനന്തപുരം പെട്രോളിന് 97.83 രൂപയും ഡീസലിന് 93.19 രൂപയുമാണ്. കോഴിക്കോട് പെട്രോളിന് 96.24 രൂപയും ഡീസൽ 91.60 രൂപയുമാണ് ഇന്നത്തെ വില.
കൊവിഡും ലോക്ക്ഡൗണും മൂലം ജനങ്ങൾ കനത്ത പ്രതിസന്ധിയിലായ സമയത്താണ് ഇരുട്ടടിയായി ഇന്ധനവില കുതിച്ചുയരുന്നത്. 11 ദിവസത്തിനിടെ പെട്രോളിന് 1.36 രൂപയും ഡീസലിന് 1.44 രൂപയും വർധിച്ചു.
Story Highlights: Cases filed against Digvijaya Singh 29 others for unlawful assembly
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here