ടൊറന്റോ ചലച്ചിത്രമേളയിൽ ഇടം നേടി ‘ഡിക്കോഡിങ് ശങ്കർ’

ശങ്കർ മഹാദേവന്റെ സംഗീതജീവിതം പകർത്തി ദീപ്തി പിള്ള ശിവൻ സംവിധാനം ചെയ്ത ഡോക്യുമെന്ററിയാണ് ‘ഡികോഡിങ് ശങ്കർ’. ടൊറന്റോ രാജ്യാന്തര വനിതാ ചലച്ചിത്രമേളയിൽ മത്സരത്തിനായി ഡോക്യുമെന്ററി തെരഞ്ഞെടുക്കപ്പെട്ടു. സെപ്റ്റംബർ ഒമ്പതിന് ആരംഭിക്കുന്ന മേളയിലെ മത്സരവിഭാഗത്തിലെക്കാണ് ഡോക്യുമെന്ററി തെരഞ്ഞെടുത്തത്. നേരത്തെ ദക്ഷിണകൊറിയ, ജർമനി, സ്പെയിൻ, സ്വീഡൻ രാജ്യാന്തര ചലച്ചിത്രമേളകളിലും ഇന്ത്യൻ രാജ്യാന്തര ചലച്ചിത്രമേളയിൽ പനോരമ വിഭാഗത്തിലും പ്രദർശിപ്പിച്ചിരുന്നു.
45 മിനിറ്റ് ദൈർഗ്യമുള്ള ദൈർഘ്യമുള്ള ഡോക്യുമെന്ററി പബ്ലിക് സർവീസ് ബ്രോഡ്കാസ്റ്റിങ് ട്രസ്റ്റിനു വേണ്ടി നിർമിച്ചിരിക്കുന്നത് രാജീവ് മെഹരോത്രയാണ്. ഗായകൻ, സംഗീതജ്ഞൻ, അധ്യാപകൻ, കുടുംബനാഥൻ, ഭക്ഷണപ്രിയൻ എന്നീ വേഷങ്ങൾക്കിടയിലെ ശങ്കർ മഹാദേവന്റെ ജീവിത താളമാണ് ഡോക്യൂമെന്ററിയുടെ ഇതിവൃത്തം. ശങ്കർ മഹാദേവൻ തന്നെയാണ് തന്റെ സംഗീത ജീവിതം പറഞ്ഞു തരുന്നത്. അമിതാഭ് ബച്ചൻ, ഗുൽസാർ, ജാവേദ് അക്തർ, ആമിർ ഖാൻ തുടങ്ങിയ പ്രമുഖരും ശങ്കർ മഹാദേവനിലെ പ്രതിഭയെ കുറിച്ച് വിലയിരുത്തുന്നുമുണ്ട്.
നേരത്തെ വിവിധ ഡോക്യുമെന്ററി, സിനിമാ നിർമാണത്തിൽ ഭാഗമായിരുന്നുവെങ്കിലും ദീപ്തി സംവിധാനം ചെയ്യുന്ന ആദ്യ ഡോക്യുമെന്ററി എന്ന പ്രത്യേകത കൂടി ‘ഡിക്കോഡിങ് ശങ്കർ’ ന് ഉണ്ട്. പ്രശസ്ത സംവിധായകൻ സഞ്ജീവ് ശിവന്റെ ഭാര്യയാണ് ദീപ്തി. കളിപ്പാട്ടം, മൂന്നിലൊന്ന് എന്നീ സിനിമകളിൽ അഭിനയിച്ചിട്ടുണ്ട്. നിലവിൽ സീ നെറ്റ്‌വർക്കിന്റെ ബിസിനസ് ഹെഡ് ആണ് ദീപ്തി.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here