Advertisement

പമ്പ് കൊളുത്തികൾ ആകരുതെന്ന് പറഞ്ഞുകൊടുക്കണം ഡിവൈഎഫ്‌ഐ പ്രവർത്തകരോട്; പരിഹസിച്ച് രാഹുൽ മാങ്കൂട്ടത്തിൽ

June 11, 2021
1 minute Read

പമ്പ് കൊളുത്തികൾ ആകരുത് ഡിവൈഎഫ്‌ഐ പ്രവർത്തകരെന്ന് യൂത്ത് കോൺഗ്രസ് സംസ്ഥാന ജനറൽ സെക്രട്ടറി രാഹുൽ മാങ്കൂട്ടത്തിൽ. ഇന്ധനവില വർധനവിനെതിരെ ഡിവൈഎഫ്‌ഐ പ്രവർത്തകർ പെട്രോൾ പമ്പിന് മുന്നിൽ കോലം കത്തിച്ച് പ്രതിഷേധിച്ച സംഭവത്തിലാണ് രാഹുലിന്റെ പരിഹാസം.

മറ്റ് സംഘടനകൾക്ക് നിലവാര സർട്ടിഫിക്കറ്റ് നൽകുന്ന റഹിം ആദ്യം ഡിവൈഎഫ്‌ഐയുടെ നിലവാരത്തെക്കുറിച്ച് വിശദമായി പരിശോധിക്കണം. എസ്എഫ്‌ഐയെക്കാളും ബാലസംഘത്തെക്കാളും നിലവാരത്തിന് താഴെയാണ് ഡിവൈഎഫ്‌ഐ എന്നും രാഹുൽ പറഞ്ഞു. പമ്പിൽ പന്തം കൊളുത്തുന്നത് പോയിട്ട് തീപ്പെട്ടി ഉരയ്ക്കാൻ പോലും പാടില്ലെന്ന് പ്രവർത്തകരോട് പറഞ്ഞ് മനസിലാക്കിക്കണമെന്നും രാഹുൽ മാങ്കൂട്ടത്തിൽ ഫേസ്ബുക്ക് പോസ്റ്റിൽ പ്രതികരിച്ചു.

പോസ്റ്റിന്റെ വിശദ രൂപം

പ്രിയപ്പെട്ട റഹീം,
ഇന്ധനവിലയുടെ പേരിലെ നികുതി കൊള്ളയ്‌ക്കെതിരെ പമ്പിന് മുന്നിൽ ഡിവൈഎഫ്‌ഐ കോലം കത്തിച്ച് സമരം നടത്തിയെന്ന് ചില ഫേസ്ബുക്ക് സ്റ്റോറികൾ കണ്ടപ്പോൾ ഞാൻ ആദ്യം വിശ്വസിച്ചില്ല. കാര്യം ഡിവൈഎഫ്‌ഐയൊക്കെ ആണെങ്കിലും അത്രയും ബുദ്ധിശൂന്യമായി പെരുമാറില്ലല്ലോ എന്ന് കരുതി. പക്ഷേ എന്റെ ഭാവനകൾക്കപ്പുറമാണ് ഡിവൈഎഫ്‌ഐയുടെ ബോധ നിലവാരം എന്ന് തിരിച്ചറിഞ്ഞത് വാർത്തകൾ വന്നപ്പോഴാണ്. അത് നിങ്ങൾ നിഷേധിച്ചും കണ്ടില്ലാ എന്നത് കൊണ്ടാണ് വിശ്വസിച്ചത്.
മറ്റ് സംഘടനകൾക്ക് നിരന്തരം ‘നിലവാര ‘ സർട്ടിഫിക്കറ്റ് നല്കുന്ന താങ്കൾ ഡിവൈഎഫ്‌ഐയുടെ നിലവാരത്തെക്കുറിച്ച് വിശദമായി പരിശോധിക്കണം. താങ്കളുടെ ഭാഷയിൽ പറഞ്ഞാൽ വെറും എസ്എഫ്‌ഐ/ ബാലസംഘം നിലവാരത്തിനും താഴെയാണ് അവരുടെ നിലവാരം.
പമ്പിൽ പന്തം കൊളുത്തുന്നത് പോയിട്ട് തീപ്പെട്ടി ഉരയ്ക്കുവാൻ പോലും പാടില്ലായെന്നും, അത് വലിയ അപകടമാണെന്നും പറഞ്ഞ് മനസിലാക്കണം. ഒരു നാട്ടിൽ അഗ്‌നി ദുരന്തമുണ്ടാകുവാൻ അത് മതി .. പിന്നെ ഇന്ധന വിലയ്‌ക്കെതിരെ സമരം ചെയ്യുമ്പോൾ, പിണറായി വിജയനോട് പറയണം ഒരു 96 രൂപ വിലയുള്ള ലിറ്റർ പെട്രോളിന് 24 രൂപ സംസ്ഥാന നികുതിയാണ്, അത് ഒഴിവാക്കിയാൽ പോലും 72 രൂപയ്ക്ക് പെട്രോൾ കിട്ടുമെന്ന്. അതിനു ശേഷം ഞങ്ങൾ നടത്തുന്ന ഇന്ധന വിലയിലെ കേന്ദ്ര സർക്കാരിന്റെ നികുതി ഭീകരതയ്‌ക്കെതിരായ സമരത്തിൽ പങ്കാളിയാവുക.
അല്ലാതെ പമ്പ് കൊളുത്തികൾ ആകരുത് ഡിവൈഎഫ്‌ഐ.

Story Highlights: Rahul mankoottathil, AA rahim

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top