മരിച്ചെന്നു കരുതിയ മകളെ കണ്‍നിറയെ കാണാന്‍ മാതാപിതാക്കളെത്തി

മരിച്ചെന്ന് കരുതിയ മകളെ തിരിച്ച് കിട്ടിയ സന്തോഷത്തിലാണ് നെന്മാറ അയിലൂരിലെ വേലായുധനും ഭാര്യ ശാന്തയും. അപൂര്‍വമായ ഒരു പ്രണയ കഥയുടെ ചുരുള്‍ അഴിഞ്ഞപ്പോഴാണ് മകള്‍ സജിതയെ നേരിട്ട് കാണാന്‍ ഇവര്‍ക്ക് കഴിഞ്ഞത്. മാതാപിതാക്കള്‍ വീട്ടിലെത്തിയതിന്റെ സന്തോഷത്തിലാണ് സജിതയും റഹ്മാനും.
കാണാതായ മകളെ തേടിയലഞ്ഞ ഒരു പതിറ്റാണ്ട്. അവള്‍ ഇത്രകാലം പത്തു വീടപ്പുറത്തുണ്ടായിരുന്നുവെന്ന സത്യത്തോട് പൊരുത്തപ്പെടാന്‍ ഇനിയും വേലായുധനും ശാന്തക്കും കഴിഞ്ഞിട്ടില്ല. വിത്തനശ്ശേരിയിലെ വീട്ടിലേക്ക് ഇരുവരും സജിതയേയും റഹ്മാനെയും കാണാനെത്തുമ്പോള്‍ ചേര്‍ത്തു പിടിക്കലിന്റെ മധുരമുണ്ട്.
റഹ്മാന്റെയും സജിതയുടെയും ഇനിയുള്ള ജീവിതത്തിനൊപ്പം സ്‌നേഹവും കരുത്തുമായി ഉണ്ടാകുമെന്ന് വേലായുധനും ശാന്തയും ഉറപ്പു നല്‍കി. മകളെ തിരിച്ചു കിട്ടിയ സന്തോഷമായിരുന്നു ഇരുവരുടേയും വാക്കുകളില്‍. അച്ഛനും അമ്മയും എത്തിയതിന്റെ സന്തോഷം സജിതയും പങ്കുവച്ചു. തന്റെ വീട്ടുകാരും ഇതുപോലെ എത്തിയിരുന്നെങ്കില്‍ എന്ന പ്രതീക്ഷ റഹ്മാനും പങ്കുവച്ചു.
Story Highlights: Love story
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here