ഷിംല; വേനൽക്കാലത്തും വസന്തകാലത്തും ഏറ്റവും മനോഹരി

യാത്രാ പ്രേമികൾക്ക് ഏറെ പ്രിയപ്പെട്ട സ്ഥലമാണ് ഹിമാചൽപ്രദേശിലെ ഷിംല. ധാരാളം ടൂറിസ്റ്റ് കേന്ദ്രങ്ങളുള്ള ഷിംല ഏത് സമയത്ത് ചെന്നാലും അതിമനോഹരമാണ്. സഞ്ചാരികൾക്കായി ഷിംല ഒരുക്കി വെച്ചിരിക്കുന്നത് കണ്ണിന് കുളിർമയേകുന്ന കാഴ്ചകളും, നാവിനെ പുളകം കൊള്ളിക്കുന്ന രുചികളും, മനസ്സിനെ സന്തോഷിപ്പിക്കുന്ന ഒട്ടേറെ അനുഭവങ്ങളും കാഴ്ചകളുമുള്ള നിരവധി പ്രദേശങ്ങളാണ്. ഇവയെല്ലാം ഒത്തുചേരുന്ന അത്തരത്തിൽ ഒരു സ്ഥലമാണ് ഷിംലയിലെ മഷോബ്ര എന്ന കൊച്ചു പട്ടണം. പത്തൊന്‍പതാം നൂറ്റാണ്ടിന്‍റെ മദ്ധ്യത്തിൽ ഡല്‍ഹൗസി പ്രഭു നിർമിച്ച ഹിന്ദുസ്ഥാൻ-ടിബറ്റ് റോഡ് വഴി മഷോബ്രയെ ഷിംലയുമായി ബന്ധിപ്പിച്ചിരിക്കുന്നു. ഇവിടുത്തെ കാഴ്ചകളും അനുഭവങ്ങളും പരിചയപ്പെടാം,
രാഷ്ട്രപതിയുടെ ബംഗ്ലാവ്
ഇന്ത്യൻ രാഷ്ട്രപതിയുടെ വേനൽക്കാല വസതി മഷോബ്രയിലാണ്. 1850 ലാണ് ഈ ബംഗ്ലാവ് പണികഴിപ്പിച്ചത്. പൂർണമായും തടിയിലാണ് ഈ കെട്ടിടം നിർമിച്ചിരിക്കുന്നത്. എല്ലാ വേനൽക്കാലത്തും രാഷ്ട്രപതിയും കുടുംബവും ഇവിടെ വന്നു താമസിക്കുന്നു.

1948 മെയ് മാസത്തിൽ, ബ്രിട്ടീഷ് ഇന്ത്യയുടെ വൈസ്രോയിയും പിന്നീട് ഗവർണർ ജനറലും ആയി സേവനമനുഷ്ഠിച്ച ശേഷം ലണ്ടനിലേക്ക് മടങ്ങുന്നതിനുമുമ്പ്, മൗണ്ട് ബാറ്റൺ പ്രഭുവും ഭാര്യ ലേഡി എഡ്വിനയും ഏതാനും ആഴ്ചകൾ ഈ ബംഗ്ലാവില്‍ താമസിച്ചിരുന്നു. അന്നത്തെ പ്രധാന മന്ത്രിയായ ജവഹർലാൽ നെഹ്‌റു അവരെ സന്ദർശിച്ചതും മറ്റുമെല്ലാം ലേഡി മൗണ്ട് ബാറ്റൻറെ ജീവചരിത്രത്തിൽ രേഖപ്പെടുത്തിയിട്ടുണ്ട്.
പ്രിയങ്കാഗാന്ധിയുടെ വീട്

പ്രിയങ്കാ ഗാന്ധിക്കുമുണ്ട് മഷോബ്രയിൽ ഒരു വീട്. പൈൻ കാടുകൾക്ക് നടുവിലുള്ള ആ വീട് 2007 ലാണ് പ്രിയങ്ക സ്വന്തമാക്കിയത്. പൈൻ മരങ്ങളും ഓക്കും ചെസ്‌നട്ടും ദേവദാരുവും തിങ്ങി നിൽക്കുന്ന മൂന്നര ഏക്കർ വിസ്തൃതി വരുന്ന ഒരു തോട്ടവും വീടിനെ ചുറ്റി നിൽപ്പുണ്ട്. അന്ന് 47 ലക്ഷത്തിന് വാങ്ങിയ ആ വീട് ഇപ്പോൾ കോടികൾ വിലമതിക്കുന്ന ഒരു സ്വത്തായി കണക്കാക്കപ്പെടുന്നു. പ്രിയങ്കയുടെ കുട്ടിക്കാലത്ത്, സുന്ദരമായ ഭൂപ്രകൃതിയും മലമുകളിലെ ശാന്തത മുറ്റി നില്‍ക്കുന്ന അന്തരീക്ഷവും ആസ്വദിക്കാനായി രാജീവ് ഗാന്ധി കുടുംബസമ്മേതം അവധിക്കാലം ചിലവഴിക്കാന്‍ ഈ വീട്ടിലെത്താറുണ്ടായിരുന്നു. ബ്രിട്ടീഷ് ഭരണാധികാരികളായിരുന്ന ലോഡ് കിച്ച്‌നെറും, ലോഡ് റിപ്പോണും ഒരുകാലത്ത് ഈ വീടിന്‍റെ ഉടമസ്ഥരായിരുന്നു.
ഒരു നിമിഷം പോലും ബോറടിക്കില്ല
സഞ്ചാരികളെ ത്രസിപ്പിക്കുന്ന നിരവധി കാര്യങ്ങളുണ്ട് മഷോബ്രയില്‍. അത് കൊണ്ട് തന്നെ മുഷിപ്പ് അനുഭവപ്പെടുന്ന ഒരു നിമിഷം പോലും അവിടെ ഉണ്ടാവുകയില്ല. സീസൺ അനുസരിച്ചാണ് മഷോബ്രയിലെ വിനോദങ്ങളും മറ്റും ഒരുക്കുന്നത്. റാഫ്റ്റിങ്, പാരാഗ്ലൈഡിങ്, ക്യാമ്പിങ്, പക്ഷി നിരീക്ഷണം, ട്രെക്കിങ്, സ്കീയിങ് മുതലായവ മിക്കവാറും എല്ലാ കാലത്തും ഉണ്ടാവുന്ന വിനോദങ്ങളാണ്.

എങ്ങനെ എത്താം?
ഷിംലയാണ് മഷോബ്രയുടെ ഏറ്റവും അടുത്തുള്ള റെയിൽവേ സ്റ്റേഷൻ. അടുത്തുള്ള എയർപോർട്ടും ഷിംല തന്നെയാണ്. ഷിംലയിൽ നിന്നും റോഡ് മാർഗം എളുപ്പത്തിൽ മഷോബ്രയിലെത്താം.
സന്ദർശിക്കാൻ പറ്റിയ സമയം
എപ്പോൾ വേണമെങ്കിലും സന്ദർശിക്കാമെങ്കിലും, ഏപ്രിൽ, ജൂൺ മാസങ്ങളാണ് ഇവിടെ സന്ദർശിക്കാൻ ഏറ്റവും മികച്ച സമയം. വേനൽക്കാലത്തും വസന്തകാലത്തും ഏറ്റവും മനോഹരിയാണ് മഷോബ്ര. ശൈത്യകാലത്ത് ഇടയ്ക്കിടെ മഞ്ഞുവീഴ്ച ഉണ്ടാകാറുമുണ്ട്.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here