ബംഗാൾ സ്വദേശിയായ 17കാരൻ ശുഭോ പോൾ ബയേൺ മ്യൂണിക്കിൽ

ബംഗാൾ സ്വദേശിയായ 17കാരൻ സ്ട്രൈക്കർ ശുഭോ പോൾ ജർമ്മൻ ക്ലബായ ബയേൺ മ്യൂണിക്കിൽ. ബയേൺ മ്യൂണിക്ക് ലോകമെമ്പാടും നടത്തിയ ടാലൻ്റ് സ്കൗട്ടിൽ നിന്ന് തെരഞ്ഞെടുക്കപ്പെട്ട 15 താരങ്ങളിലാണ് ശുഭോ പോളും ഉൾപ്പെട്ടിരിക്കുന്നത്. ബയേൺ ഇതിഹാസ താരമായ ക്ലൗസ് ഓഗന്തലറും ക്ലബിൻ്റെ രാജ്യാന്തര നടപടികളുടെ തലവൻ ക്രിസ്റ്റഫർ ലോക്കും ചേർന്നാണ് ടാലൻ്റ് സ്കൗട്ട് നടത്തിയത്.
ബയേണിൻ്റെ വേൾഡ് സ്ക്വാഡിലേക്കാണ് സുദേവ എഫ്സി താരം തെരഞ്ഞെടുക്കപ്പെട്ടത്. ശുഭോ പോൾ ഇനി ജർമനിയിലേക്ക് തിരിക്കും. രണ്ടാഴ്ചക്കാലം അദ്ദേഹം അവിടെ പരിശീലനം നടത്തുകയും വേൾഡ് സ്ക്വാഡിനൊപ്പം ബുണ്ടസ് ലിഗയിലെ യൂത്ത് ടീമുകൾക്കെതിരെ കളിക്കുകയും ചെയ്യും.
ഇന്ത്യൻ അണ്ടർ 17 ടീമിൽ അംഗമായ ശുഭോ പോളിനെ 2017ലാണ് സുദേവ എഫ്സി സ്വന്തമാക്കിയത്. സുദേവ അണ്ടർ-13 ടീമിൽ നിന്ന് കളി തുടങ്ങിയ ശുഭോ പോൾ ഇപ്പോൾ സീനിയർ ടീമിൻ്റെ ക്യാപ്റ്റനാണ്. അണ്ടർ-13 ടീമിലെ ആദ്യ സീസണിൽ 14 മത്സരങ്ങളിൽ നിന്ന് 58 ഗോളുകൾ നേടി അണ്ടർ-13 ഐ ലീഗിൽ ഏറ്റവുമധികം ഗോളുകൾ നേടിയ താരമായിരുന്നു ശുഭോ. തുടർന്ന് താരം ഇന്ത്യൻ അണ്ടർ-15 ക്യാമ്പിലേക്ക് തിരഞ്ഞെടുക്കപ്പെട്ടു. 2018-19 സീസണിലെ എ ഐ എഫ് എഫ് അണ്ടർ-15 യൂത്ത് ലീഗിൽ 13 ഗോളുകളാണ് താരം അടിച്ചുകൂട്ടിയത്. ഇന്ത്യ അണ്ടർ-16, അണ്ടർ-18 ടീമുകളിലും ശുഭോ കളിച്ചിട്ടുണ്ട്. സുദേവയ്ക്കായി 8 മത്സരങ്ങളിൽ ബൂട്ട് കെട്ടിയ താരം രണ്ട് ഗോളുകളാണ് നേടിയത്.
Story Highlights: Shubho Paul Selected In Bayern Munich
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here