മെഹുൽ ചോക്‌സി കേസിൽ കക്ഷി ചേർക്കണമെന്ന് ഡൊമിനിക്ക ഹൈക്കോടതിയിൽ ഇന്ത്യ

വിവാദ വ്യവസായി മെഹുൽ ചോക്‌സിയുടെ ബാങ്ക് തട്ടിപ്പ് കേസിൽ കക്ഷി ചേർക്കണമെന്ന് ഡൊമിനിക്ക ഹൈക്കോടതിയോട് ആവശ്യപ്പെട്ട് ഇന്ത്യ. ഇന്ത്യൻ നിയമത്തിൽ നിന്നും ഒളിച്ചോടാൻ ശ്രമിക്കുന്ന സാമ്പത്തിക കുറ്റവാളിയാണ് മെഹുൽ ചോക്‌സിയെന്നും ഇന്ത്യ പറഞ്ഞു. ചോക്‌സിയുടെ കേസ് ഡൊമിനിക്ക ഹൈക്കോടതി നാളെ പരിഗണിക്കാനിരിക്കെയാണ് ഇന്ത്യ ഈ ആവശ്യം ഉന്നയിച്ചത്.
ബാങ്ക് തട്ടിപ്പിലെ പ്രധാന ഉപഭോക്താവാണ് മെഹുൽ ചോക്‌സിയെന്നും തട്ടിപ്പ്, വഞ്ചന, അഴിമതി തുടങ്ങിയ കുറ്റങ്ങൾ ഉൾപ്പെടുന്ന 11 കേസുകൾ ഇയാൾക്കെതിരെ നിലനിൽക്കുന്നുണ്ടെന്നും ഇന്ത്യ സമർപ്പിച്ച രേഖകളിൽ വ്യക്തമാക്കുന്നു. ചോക്‌സിക്കെതിരെ ജാമ്യമില്ലാ വാറണ്ടും ഇന്റർപോളിന്റെ റെഡ് കോർണർ നോട്ടീസും നിലനിൽക്കുന്നുണ്ടെന്നും ഡൊമിനിക്ക ഹൈക്കോടതിയിൽ സിബിഐ ഡിഐജി ശാരദാറൗട്ടിന്റെ നേതൃത്വത്തിൽ സമർപ്പിച്ച സത്യവാങ്മൂലത്തിൽ പറയുന്നു.
കേസിൽ കക്ഷിചേർക്കണമെന്ന ഇന്ത്യയുടെ ആവശ്യം അംഗീകരിച്ചാൽ മുതിർന്ന അഭിഭാഷകൻ ഹരീഷ് സാൽവെ ആകും ഇന്ത്യക്ക് വേണ്ടി ഡൊമിനിക്ക ഹൈക്കോടതിയിൽ ഹാജരാകുക.
Story Highlights: mehul choksi
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here