കൊവിഡ് തീവ്രവ്യാപന മേഖലകളിൽ പരിശോധന ശക്തമാക്കും: കളക്ടർ

തിരുവനന്തപുരം ജില്ലയിൽ കൊവിഡ് വ്യാപനം രൂക്ഷമായ 28 പഞ്ചായത്തുകളിൽ പരിശോധന വർധിപ്പിക്കാനും പ്രതിരോധ നടപടികൾ ഊർജിതമാക്കാനും ജില്ലാ കളക്ടർ നവ്ജ്യോത് ഖോസ നിർദേശം നൽകി. ഈ പഞ്ചായത്തുകളിലെ പ്രാഥമികാരോഗ്യ കേന്ദ്രങ്ങൾ ഒരു ദിവസം കുറഞ്ഞത് 100 പേരെയെങ്കിലും കൊവിഡ് പരിശോധനയ്ക്കു വിധേയരാക്കണമെന്നും കളക്ടർ നിർദേശിച്ചു.
കൊവിഡ് വ്യാപനം നിയന്ത്രിക്കുന്നതിനു പഞ്ചായത്തുകളുമായി കൈകോർത്തു പ്രവർത്തിക്കാൻ കളക്ടർ മെഡിക്കൽ ഓഫിസർമാർക്കു നിർദേശം നൽകി. രണ്ടു ദിവസത്തിലൊരിക്കൽ പഞ്ചായത്ത് അധികൃതരെ ഉൾപ്പെടുത്തി യോഗം വിളിച്ചു ചേർക്കുകയും പ്രതിരോധ നടപടികൾ അവലോകനം ചെയ്യുകയും വേണം. ജീവനക്കാരുടെ ലഭ്യത ഉറപ്പാക്കാൻ ജില്ലാതലത്തിൽ 15 ടീമുകൾ രൂപീകരിക്കും.
കണ്ടെയ്ൻമെന്റ് സോണുകൾ കൂടുതൽ കൃത്യമായി നിർണയിക്കുന്നതിനായി വാർഡ് തലത്തിലുള്ള ഡാറ്റ വിശകലനം സാധ്യമാക്കണം. രോഗവ്യാപനം കുറയ്കുന്നതിനായി ആവശ്യമുള്ളയിടങ്ങളിലെല്ലാം ഡി.സി.സികളിലേക്കും സി.എഫ്.എൽ.ടി.സികളിലേക്കും രോഗികളെ മാറ്റുന്നതു പ്രോത്സാഹിപ്പിക്കണം. ഇത് വീടുകളിൽ ക്ലസ്റ്ററുകൾ രൂപപ്പെടുന്നതു കുറയ്ക്കാൻ സഹായിക്കുമെന്നും കളക്ടർ ചൂണ്ടിക്കാട്ടി.
ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 25 ശതമാനത്തിനു മുകളിൽ നിൽക്കുന്ന പഞ്ചായത്തുകൾ ഉൾപ്പെടുന്ന ആരോഗ്യ കേന്ദ്രങ്ങളിലെ മെഡിക്കൽ ഓഫിസർമാരുടെ യോഗത്തിൽ സംസാരിക്കുകയായിരുന്നു കളക്ടർ.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here