ലൈംഗിക പീഡന ആരോപണം; മാപ്പ് പറഞ്ഞ് വേടന്‍

ലൈംഗിക പീഡന ആരോപണത്തിന് പിന്നാലെ മാപ്പ് പറഞ്ഞ് മലയാളി റാപ്പര്‍ വേടന്‍. ഇന്‍സ്റ്റഗ്രാമിലൂടെയാണ് വേടന്‍ മാപ്പ് പറഞ്ഞത്. വേടനെതിരെ ലൈംഗിക ആരോപണം ഉയര്‍ന്ന പശ്ചാത്തലത്തില്‍ ‘ഫ്രം എ നേറ്റീവ് ഡോട്ടര്‍’ എന്ന സംഗീത ആല്‍ബം നിര്‍ത്തിവയ്ക്കുന്നതായി സംവിധായകന്‍ മുഹ്‌സിന്‍ പരാരി അറിയിച്ചിരുന്നു. ഇതിന് പിന്നാലെയാണ് തന്റെ ഭാഗത്തു നിന്നുണ്ടായ വീഴ്ചകളില്‍ ഖേദം പ്രകടിപ്പിച്ച് വേടന്‍ രംഗത്തെത്തിയത്.
തെറ്റ് തിരുത്താനുള്ള ആത്മാര്‍ത്ഥമായ ആഗ്രഹത്തോടെയാണ് പോസ്‌റ്റെന്ന് ‘വേടന്‍’ എന്ന പേരില്‍ അറിയപ്പെടുന്ന ഹിരണ്‍ദാസ് മുരളി പറഞ്ഞു. തന്നെ സ്‌നേഹത്തോടെയും സൗഹാര്‍ദത്തോടെയും കണ്ടിരുന്ന സ്ത്രീകളോടുള്ള തന്റെ പെരുമാറ്റത്തില്‍ സംഭവിച്ച പിഴകള്‍ വേദനിപ്പിക്കുകയാണ്. ആഴത്തില്‍ കാര്യങ്ങള്‍ മനസിലാക്കാതെ പ്രതികരണ പോസ്റ്റുകള്‍ പ്രസിദ്ധീകരിച്ചതും സ്ത്രീകളെ വേദനിപ്പിച്ചു. ഇക്കാര്യങ്ങളില്‍ താന്‍ ഖേദിക്കുന്നുവെന്ന് വേടന്‍ പറയുന്നു. തന്റെ നേരെയുള്ള വിമര്‍ശനങ്ങള്‍ ഉള്‍ക്കൊള്ളുന്നു. നിലവില്‍ ഉന്നയിക്കപ്പെട്ട എല്ലാ വിഷയങ്ങളിലും മാപ്പ് പറയുന്നുവെന്നും വേടന്‍ കൂട്ടിച്ചേര്‍ത്തു.
‘ദി റൈറ്റിംഗ് കമ്പനിയുടെ ബാനറില്‍ നിര്‍മിക്കുന്ന മലയാളം ഹിപ്പ് ഹോപ്പ് ആല്‍ബമാണ് ഫ്രം എ നേറ്റീവ് ഡോട്ടര്‍. ഇതില്‍ പ്രധാന ഗായകനായി നിശ്ചയിച്ചിരുന്നത് വേടനെയായിരുന്നു. വിഷയത്തില്‍ നീതിയുക്തമായ പരിഹാരം കാണുന്നതുവരെ മ്യൂസിക് വിഡിയോയുമായി ബന്ധപ്പെട്ട പ്രവര്‍ത്തനങ്ങള്‍ നിര്‍ത്തിവയ്ക്കുന്നതായി മുഹ്സിന്‍ പരാരി ഇന്നലെ വ്യക്തമാക്കിയിരുന്നു. വേടനെതിരായ ആരോപണം ഗുരുതരമായ ആശങ്കയുണ്ടാക്കുന്ന കാര്യമാണെന്നും സംഭവത്തില്‍ അടിയന്തര ഇടപെടലും പരിഹാരവും ആവശ്യമാണെന്നും മുഹ്സിന്‍ പറഞ്ഞിരുന്നു.
Story Highlights: vedan
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here