ഉല്ലൂ ആപ്പ് ‘ഹൗസ് അറസ്റ്റ്’ റിയാലിറ്റിഷോയിലെ അശ്ലീല ഉള്ളടക്കം; അവതാരകൻ അജാസ് ഖാന് നോട്ടീസ് അയച്ച് ദേശീയ വനിതാ കമ്മീഷൻ

നടൻ അജാസ് ഖാൻ അവതരിപ്പിക്കുന്ന റിയാലിറ്റിഷോയിൽ സംപ്രേക്ഷണം ചെയ്ത അശ്ലീല ഉള്ളടക്കത്തിനെതിരെ പ്രതിഷേധമുയരുന്നു. ഉല്ലൂ എന്ന ഒടിടി ഫ്ലാറ്റ്ഫോമിൽ സംപ്രേക്ഷണം ചെയ്ത ‘ഹൗസ് അറസ്റ്റ്’ എന്ന ഷോയ്ക്കെതിരെയാണ് നിരവധി പേർ രംഗത്തത്തിയത്. മത്സരാർഥികളെ കൊണ്ട് അശ്ലീല കാര്യങ്ങൾ ചെയ്യിക്കുന്ന വീഡിയോ വ്യാപകമായി പ്രചരിച്ചിരുന്നു. ശിവസേനാ ഉദ്ദവ് വിഭാഗം നേതാവ് പ്രിയങ്കാ ചതുർവേദി, ബിജെപി നേതാവ് നിഷികാന്ത് ദുബെ എന്നിവർ നിയമനടപടി ആവശ്യപ്പെട്ടു. നേരത്തെ ഇന്ത്യാ ഗോട്ട് ലേറ്റൻറ് എന്ന പരിപാടിയിൽ അവതാരകർ അശ്ലീല പരാമർശം നടത്തിയത് വൻ വിവാദമാവുകയും പൊലീസ് കേസെടുക്കുകയും ചെയ്തിരുന്നു.
സംഭവത്തിൽ ഇപ്പോൾ ദേശീയ വനിതാ കമ്മീഷൻ ഇടപെടൽ ഉണ്ടായിരിക്കുകയാണ്. അവതാരകൻ അജാസ് ഖാൻ മെയ് 9ന് ഹാജരാക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് വനിതാ കമ്മീഷൻ നോട്ടീസ് അയച്ചു. ദൃശ്യങ്ങൾ സ്ത്രീത്വത്തെ അപമാനിക്കുന്നതാണെന്നും കടുത്ത നടപടി ഉണ്ടാകുമെന്നും കമ്മീഷൻ ഉറപ്പ് നൽകി.
ഷോയ്‌ക്കെതിരെ നടപടിയെടുക്കുമെന്ന് ബിജെപി എംപി നിഷികാന്ത് ദുബെ ഉറപ്പുനൽകി.കഴിഞ്ഞ വർഷം മാർച്ച് 14 ന്, ” അശ്ലീല ഉള്ളടക്കം” നിറഞ്ഞ 18 ഒടിടി പ്ലാറ്റ്‌ഫോമുകൾ ഇൻഫർമേഷൻ & ബ്രോഡ്കാസ്റ്റിംഗ് മന്ത്രാലയം ബ്ലോക്ക് ചെയ്തിരുന്നു.
Story Highlights : Ulloo App ‘House Arrest’ reality show’s obscene content; National Commission for Women sends notice to host Ajaz Khan
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here