രാജ്യദ്രോഹക്കേസ്: മുൻകൂർ ജാമ്യാപേക്ഷയുമായി ആയിഷ സുൽത്താന

രാജ്യദ്രോഹക്കേസിൽ മുൻകൂർ ജാമ്യാപേക്ഷയുമായി ചലച്ചിത്ര പ്രവർത്തക ആയിഷ സുൽത്താന ഹൈക്കോടതിയെ സമീപിച്ചു. കൊച്ചിയിലെ മുതിർന്ന അഭിഭാഷകൻ വഴിയാണ് ജാമ്യാപേക്ഷ സമർപ്പിച്ചിരിക്കുന്നത്. കവരത്തിയിൽ എത്തിയാൽ അറസ്റ്റ് ചെയ്യാൻ സാധ്യതയുണ്ടെന്ന് ഹർജിയിൽ പറയുന്നു. ഹർജി കോടതി നാളെ പരിഗണിക്കും. ചാനൽ ചർച്ചക്കിടെ വിവാദ പരാമർശം നടത്തിയതിനെ തുടർന്നാണ് ആയിഷ സുൽത്താനക്കെതിരെ രാജ്യദ്രോഹക്കേസ് രജിസ്റ്റർ ചെയ്തത്.
ബിജെപി ലക്ഷദ്വീപ് പ്രസിഡന്റ് അബ്ദുള്‍ ഖാദര്‍ ഹാജിയുടെ പരാതിയുടെ അടിസ്ഥാനത്തിലാണ് ആയിഷ സുല്‍ത്താനക്കെതിരെ കവരത്തി പൊലീസ് രാജ്യദ്രോഹക്കുറ്റം ചുമത്തി കേസെടുത്തത്. ഈ മാസം 20ന് ചോദ്യം ചെയ്യലിന് ഹാജരാകാന്‍ പൊലീസ് ആയിഷ സുല്‍ത്താനയോട് ആവശ്യപ്പെട്ടിട്ടുണ്ട്.
ആയിഷ സുല്‍ത്താനയ്ക്ക് എതിരെ പരാതി നല്‍കിയ വിഷയത്തില്‍ ലക്ഷദ്വീപില്‍ ബിജെപി രണ്ടു തട്ടിലാണ്. നേതാക്കള്‍ക്കിടയില്‍ വലിയ അഭിപ്രായ വ്യത്യാസങ്ങള്‍ക്ക് ഇത് കാരണമായിട്ടുണ്ട്. പാര്‍ട്ടി ലക്ഷദ്വീപ് പ്രസിഡന്റ് അബ്ദുല്‍ ഖാദര്‍ ഹാജി സ്വന്തം നിലയില്‍ നല്‍കിയ പരാതിയാണ് ഇതെന്ന നിലപാടിലാണ് ഒരു വിഭാഗം നേതാക്കള്‍. പാര്‍ട്ടി ഒറ്റക്കെട്ടായി പരാതിയില്‍ നിന്നും പിന്‍വാങ്ങാന്‍ പ്രസിഡന്റ് നോട് ആവശ്യപ്പെട്ടിട്ടുണ്ടെന്നും പരാതി നല്‍കാന്‍ പാര്‍ട്ടി പറഞ്ഞിരുന്നില്ലെന്നും ബിജെപി ലക്ഷദ്വീപ് ജനറല്‍ സെക്രട്ടറിയും സേവ് ലക്ഷദ്വീപ് ഫോറം അംഗവുമായ മുഹമ്മദ് കാസിം 24നോട് പറഞ്ഞു. എന്നല്‍ പരാതിയില്‍ നിന്ന് പിന്മാറില്ലെന്ന് ബിജെപി ലക്ഷദ്വീപ് പ്രസിഡന്റ് വ്യക്തമാക്കി. ആയിഷ സുല്‍ത്താനയ്ക്ക് എതിരായ പരാതിയില്‍ ബിജെപി ദേശീയ വൈസ് പ്രസിഡന്റ് എ പി അബ്ദുള്ളക്കുട്ടിയെ വിമര്‍ശിച്ചു ഒരു വിഭാഗം നേതാക്കള്‍ രംഗത്തെത്തിയിരുന്നു.
Story Highlights: ayisha sulthana submits anticipatory bail plea
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here