06
Aug 2021
Friday

കൊവിഡ് മൂന്നാം തരംഗം;ആക്ഷൻ പ്ലാനുമായി ആരോഗ്യ വകുപ്പ്;പ്രതിദിന വാക്‌സിനേഷന്‍ രണ്ടര ലക്ഷമായി ഉയര്‍ത്തും

കൊവിഡ് മൂന്നാം തരംഗത്തെ നേരിടാന്‍ ആരോഗ്യ വകുപ്പിന്റെ ആക്ഷന്‍ പ്ലാന്‍. ആശുപത്രികളിലെ ചികിത്സാ സൗകര്യങ്ങള്‍ വര്‍ധിപ്പിക്കുകയും ഒപ്പം പരമാവധി ആളുകൾക്ക് വാക്‌സിന്‍ നല്‍കുമെന്നും ആരോഗ്യ മന്ത്രി വീണ ജോർജ് അറിയിച്ചു. സ്വകാര്യ ആശുപത്രികളുടെ പങ്കാളിത്തവും ഉറപ്പുവരുത്തും. പ്രതിദിനം രണ്ട് മുതല്‍ രണ്ടര ലക്ഷം പേര്‍ക്ക് വാക്‌സിന്‍ നല്‍കുക എന്നതാണ് ലക്ഷ്യമെന്നും മന്ത്രി പറഞ്ഞു.

ആവശ്യമായ വാക്‌സിന്‍ സൗകര്യങ്ങളും ജീവനക്കാരേയും വര്‍ധിപ്പിക്കണം. രജിസ്‌ട്രേഷന്‍ ചെയ്യാന്‍ അറിയാത്ത സാധാരണക്കാര്‍ക്കായി രജിസ്‌ട്രേഷന്‍ ഡ്രൈവ് ആരംഭിക്കും. ഞായറാഴ്ചകളിലും മറ്റ് അവധി ദിവസങ്ങളിലും വാക്‌സിന്‍ സുഗമമായി നടത്തണമെന്നും മന്ത്രി നിര്‍ദേശം നല്‍കി.

രണ്ടാം തരംഗത്തിന്റെ തീവ്രത കുറഞ്ഞ് വരുന്നു. നിലവില്‍ കൊവിഡിനായി മാറ്റിവച്ചിരിക്കുന്ന കിടക്കകളില്‍ 47 ശതമാനം മാത്രമാണ് രോഗികളുള്ളത്. പക്ഷെ മൂന്നാം തരംഗം മുന്നില്‍ കണ്ട് സര്‍ക്കാര്‍ സ്വകാര്യ ആശുപത്രികളില്‍ കൂടുതല്‍ കിടക്കകള്‍ സജ്ജമാക്കുന്നതാണ്. ഓക്‌സിജന്‍ കിടക്കകള്‍, ഐ.സി.യു, വെന്റിലേറ്റര്‍ എന്നിവയുടെ എണ്ണവും കൂട്ടുന്നതാണ്. ഓക്‌സിജന്‍ ക്ഷാമം ഉണ്ടാകാതിരിക്കാന്‍ പ്രതിദിന ഉത്പാദനം 60 മെട്രിക് ടണ്‍ ആക്കി ഉയര്‍ത്താനാണ് ലക്ഷ്യമിടുന്നത്. അനുവദിച്ച ഓക്‌സിജന്‍ പ്ലാന്റുകള്‍ എത്രയും വേഗം പൂര്‍ത്തിയാക്കേണ്ടതാണ്. മരുന്നുകള്‍, ഉപകരണങ്ങള്‍, പരിശോധനാ സാമഗ്രികള്‍, സുരക്ഷാ ഉപകരണങ്ങള്‍ എന്നിവ നേരത്തെ തന്നെ സംഭരിക്കാന്‍ കെ.എം.എസ്.സി.എല്‍.ന് നിര്‍ദേശം നല്‍കി.

മൂന്നാം തരംഗം കുട്ടികളെ കൂടി ബാധിക്കുമെന്ന് കണ്ട് സര്‍ജ് പ്ലാന്‍ ആരോഗ്യ വകുപ്പ് ആവിഷ്‌ക്കരിച്ച് നടപ്പിലാക്കി വരുന്നു. മെഡിക്കല്‍ കോളജുകള്‍, മറ്റ് സര്‍ക്കാര്‍ ആശുപത്രികള്‍, സ്വകാര്യ ആശുപത്രികള്‍ എന്നിവിടങ്ങളില്‍ ചികിത്സാ സൗകര്യങ്ങള്‍ വര്‍ധിപ്പിക്കുന്നതാണ്. പീഡിയാട്രിക് ഐ.സി.യു. കിടക്കകളുടെ എണ്ണം വര്‍ധിപ്പിക്കാനും മന്ത്രി നിര്‍ദേശം നല്‍കി.

ഐ.സി.യു. ജീവനക്കാര്‍ക്ക് ഇടയ്ക്കിടയ്ക്ക് വിദഗ്ധ പരിശീലനം നല്‍കേണ്ടതാണ്. ആരോഗ്യ പ്രവര്‍ത്തകരെ സംരക്ഷിക്കാന്‍ ഇന്‍ഫെക്ഷന്‍ കണ്‍ട്രോള്‍ പരിശീലനവും നല്‍കണം.

കുടുംബത്തിലെ ഒരംഗത്തില്‍ നിന്നും മറ്റുള്ളവരിലേക്ക് കൊവിഡ് പകരുന്നവരുടെ എണ്ണം കൂടി വരികയാണ്. അതിനാല്‍ തന്നെ കുടുംബാംഗങ്ങള്‍ വളരെയേറെ ശ്രദ്ധിക്കണം. വീട്ടില്‍ സൗകര്യമില്ലാത്തവരെ കൊവിഡ് കെയര്‍ സെന്ററുകളിലേക്ക് മാറ്റുന്നതാണ്. മരണം കൂടുന്നതിനാല്‍ പ്രായമായവര്‍, ഗുരുതര രോഗമുള്ളവര്‍ എന്നീ ഹൈ റിസ്‌ക് വിഭാഗത്തെ കേന്ദ്രീകരിച്ച് പ്രത്യേക അവബോധം നടത്തുന്നതാണ്. ഇത്തരത്തിലുള്ളവരുടെ വീടുകളില്‍ കൊവിഡ് പോസിറ്റീവായാല്‍ പ്രത്യേകം ശ്രദ്ധിക്കേണ്ടതാണ്.

ജില്ലകളിലെ ഇപ്പോഴത്തെ അവസ്ഥയും ജില്ലാതല ഒരുക്കങ്ങളും ഇനി ചെയ്യേണ്ട കാര്യങ്ങളും യോഗം ചര്‍ച്ച ചെയ്തു. കൊവിഡ് മാനദണ്ഡങ്ങള്‍ പാലിക്കാതെ ഒരു പരിപാടിയും ആരോഗ്യ സ്ഥാപനങ്ങളില്‍ സംഘടിപ്പിക്കരുതെന്നും മന്ത്രി നിര്‍ദേശം നല്‍കി.

കൊവിഡ് പോരാട്ടത്തില്‍ അണിചേരുകയാണ് ഫ്‌ളവേഴ്‌സും ട്വന്റിഫോര്‍ ന്യൂസും
COVID WAR 24X7 എന്ന ക്യാമ്പെയിനിലൂടെ. ഇത് ഒരു യുദ്ധമാണ്. വിജയം മാത്രം ലക്ഷ്യംവെച്ചുകൊണ്ട് നമ്മള്‍ ഒരുമിച്ചു നയിക്കുന്ന യുദ്ധം.

Doctor In | Covid Warriors | Stay Home Creative Challenge | Perfect Ok Photography Award | Inspire The Idea Bank

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top