ബ്ലാസ്റ്റേഴ്സിന്റെ ട്രാൻസ്ഫർ വിലക്ക് ഉടൻ നീങ്ങിയേക്കുമെന്ന് റിപ്പോർട്ട്

കേരള ബ്ലാസ്റ്റേഴ്സിന് ഫിഫ ഏർപ്പെടുത്തിയ ട്രാൻസ്ഫർ വിലക്ക് ഉടൻ നീങ്ങിയേക്കുമെന്ന് റിപ്പോർട്ട്. തൻ്റെ ശമ്പളം ഇനിയും തന്നുതീർത്തിട്ടില്ലെന്നാരോപിച്ച് മുൻ താരം മതേജ് പോപ്ലാറ്റ്നിക് നൽക്ലിയ പരാതിയിലാണ് ബ്ലാസ്റ്റേഴ്സിനെതിരെ ഫിഫ നടപടി സ്വീകരിച്ചത്. എന്നാൽ, ബ്ലാസ്റ്റേഴ്സ് ശമ്പളം കൊടുത്തുതീർത്തുവെന്നും അതുകൊണ്ട് തന്നെ ഏറെ വൈകാതെ ഈ വിലക്ക് ഫിഫ നീക്കുമെന്നാണ് റിപ്പോർട്ട്.
ഈ മാസം ഏഴിനാണ് ഫിഫ ബ്ലാസ്റ്റേഴ്സിന് ട്രാൻസ്ഫർ വിലക്ക് ഏർപ്പെടുത്തിയത്. എന്നാൽ, ഇക്കാര്യത്തിൽ വേണ്ട നടപടികൾ സ്വീകരിച്ചു എന്നും ആരാധകർ ആശങ്കപ്പെടേണ്ടതില്ലെന്നും ക്ലബ് പിന്നീട് പ്രതികരിച്ചു. 2018ൽ ബ്ലാസ്റ്റേഴ്സിലെത്തിയ പോപ്ലാറ്റ്നികിനെ അടുത്ത സീസണിൽ ബ്ലാസ്റ്റേഴ്സ് ഹംഗറി ക്ലബിനു വായ്പ നൽകി. കഴിഞ്ഞ സീസണിൽ താരം സ്കോട്ടിഷ് ക്ലബ് ലിവിങ്സ്റ്റിണിൽ എത്തിയിരുന്നു.
അതേസമയം, കേരള ബ്ലാസ്റ്റേഴ്സ് വിട്ട ഗാരി ഹൂപ്പർ തൻ്റെ മുൻ ക്ലബായ വെല്ലിങ്ടൻ ഫീനിസ്കിലേക്ക് മടങ്ങി. എ-ലീഗ് ക്ലബായ വെല്ലിങ്ടണിൽ നിന്നാണ് കഴിഞ്ഞ സീസണിൽ താരം ബ്ലാസ്റ്റേഴ്സിലെത്തിയത്. ഹൂപ്പർ ക്ലബിലേക്ക് മടങ്ങിയെത്തിയെന്ന് വെല്ലിങ്ടൺ ഫീനിക്സ് തന്നെ തങ്ങളുടെ ട്വിറ്റർ ഹാൻഡിലിലൂടെ ഔദ്യോഗികമായി പ്രഖ്യാപിച്ചു. രണ്ട് വർഷത്തേക്കാണ് കരാർ.
കഴിഞ്ഞ സീസണിൽ ടീമിലുണ്ടായിരുന്ന 6 വിദേശ താരങ്ങളെയാണ് കേരള ബ്ലാസ്റ്റേഴ്സ് ഒറ്റയടിക്ക് ഒഴിവാക്കിയത്. കഴിഞ്ഞ സീസണിൽ ഫസ്റ്റ് ഇലവനിലെ സ്ഥിര സാന്നിധ്യമായിരുന്ന താരങ്ങളെയാണ് ക്ലബ് റിലീസ് ചെയ്തത്. ഹൂപ്പറിനൊപ്പം ജോർദൻ മറെ, വിസൻ്റെ ഗോമസ്, ഫക്കുണ്ടോ പെരേര, കോസ്റ്റ ന്യാമൊയ്ന്സു, ബക്കാരി കോനെ എന്നിവരെയാണ് ബ്ലാസ്റ്റേഴ്സ് ഒഴിവാക്കിയത്. ക്ലബ് തന്നെ തങ്ങളുടെ സമൂഹമാധ്യമ അക്കൗണ്ടുകളിലൂടെ ഇക്കാര്യം വ്യക്തമാക്കി.
Story Highlights: Kerala Blasters’ transfer ban to be lifted soon report
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here