മുഹമ്മദ് ആമിർ രാജ്യാന്തര ക്രിക്കറ്റിലേക്ക് മടങ്ങിയെത്തുന്നു

പാക് പേസർ മുഹമ്മദ് ആമിർ രാജ്യാന്തര ക്രിക്കറ്റിലേക്ക് മടങ്ങിയെത്തുന്നു. നേരത്തെ ക്രിക്കറ്റിൽ നിന്ന് ഇടവേളയെടുക്കുന്നു എന്ന് പ്രഖ്യാപിച്ച താരം മടങ്ങിവരവുമായി ബന്ധപ്പെട്ട് പാക് ക്രിക്കറ്റ് ബോർഡുമായി ചർച്ച നടത്തിയിരുന്നു. ഈ ചർച്ച വിജയകരമായിരുന്നു എന്നും ആമിർ ഏറെ വൈകാതെ വീണ്ടും പാക് ജഴ്സിയിൽ ഇറങ്ങും എന്നുമാണ് നിലവിലെ റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.
ഫിറ്റ്നസ് പ്രശ്നങ്ങൾ ചൂണ്ടിക്കാട്ടി 2019ൽ ടെസ്റ്റ് ക്രിക്കറ്റിൽ നിന്ന് വിരമിച്ച ആമിർ പാക് ടീം മാനേജ്മെൻ്റിനെയും പരിശീലകരായ മിസ്ബാഹുൽ ഹഖ്, വഖാർ യൂനിസ് എന്നിവരെയും വിമർശിച്ച് ക്രിക്കറ്റിൽ നിന്ന് അനിശ്ചിതകാലത്തേക്ക് ഇടവേളയെടുക്കുകയും ചെയ്തു. മാനേജ്മെൻ്റ് പക്ഷപാതം കാണിക്കുന്നു എന്നും തനിക്ക് വേണ്ട ബഹുമാനം ലഭിക്കുന്നില്ലെന്നും ആമിർ ആരോപിച്ചിരുന്നു. വാതുവെപ്പിനെ തുടർന്ന് 5 വർഷത്തെ വിലക്ക് അനുഭവിച്ചതിനു ശേഷം 2015ലാണ് ആമിർ പാക് ടീമിൽ മടങ്ങി എത്തിയത്.
അതേസമയം, ബ്രിട്ടീഷ് പൗരത്വം സ്വീകരിച്ച് ഐപിഎലിൽ കളിക്കുമെന്ന് ആമിർ പറഞ്ഞിരുന്നു. ഇംഗ്ലണ്ടിൽ തന്നെ താമസിച്ച് ബ്രിട്ടീഷ് പൗരത്വം എടുക്കാനുള്ള ശ്രമത്തിലാണ് താനെന്നും അദ്ദേഹം പറഞ്ഞു. ഒരു പാക് മാധ്യമത്തിനു നൽകിയ അഭിമുഖത്തിലാണ് അദ്ദേഹം ഇക്കാര്യങ്ങൾ വ്യക്തമാക്കിയത്.
Story Highlights: mohammad amir set to make international comeback
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here