കോമിക് ബുക്ക് പോലെ ഒരു 2 ഡി കഫേ; തികച്ചും വ്യത്യസ്തമായ ഒരു കഫേ

ഒരു കഫേ കാണാത്തവരായും പോകാത്തവരായും ആരും ഉണ്ടാകില്ല. പല തരത്തിലുള്ള കഫേകൾ നാം കണ്ടിട്ടുണ്ട്. പഴമയെ കൂട്ടുപ്പിടിച്ച കഫേ തൊട്ട് ഏറ്റവും ആഡംബരമായിട്ടുള്ള കഫേ വരെയുണ്ട്. എന്നാൽ ഇതിൽ നിന്നുമെല്ലാം തികച്ചും വ്യത്യസ്തമാണ് ബി.ഡബ്ല്യു എന്ന് പേരുള്ള ഈ 2 ഡി കഫേകൾ. മോസ്കോയിലും സെന്റ്പീറ്റേഴ്സ്ബര്‍ഗിലുമുള്ള രണ്ട് കഫേകളാണിത്.
ഈ കഫേകളുടെ പ്രത്യേകത എന്താണെന്ന് ചോദിച്ചാൽ, നിങ്ങളുടെ പതിവ് കോഫി ഷോപ്പിൽ നിന്ന് വേറിട്ടുനിൽക്കുന്ന മനോഹരമായ കഫേകളാണ് ഇവ. ഇതിനകത്ത് പ്രവേശിക്കുന്ന ഒരാൾക്ക് താനിപ്പോഴുള്ളത് യഥാര്‍ത്ഥലോകത്തിലാണോ അതോ വല്ല കാര്‍ട്ടൂണിലുമാണോ എന്ന് സംശയം തോന്നുന്നത് സ്വാഭാവികമാണ്.
ഈ കഫേകളിൽ കയറുന്ന ഒരാൾക്ക് ഒരു പുതിയ അനുഭവത്തെ ഉണ്ടാവും എന്നതിൽ യാതൊരു സംശയവുമില്ല. റഷ്യയിലെ ഏറ്റവും ട്രെന്‍ഡിയായിട്ടുള്ള സ്ഥലങ്ങളിലൊന്നാണ് ഇപ്പോള്‍ ഈ കഫേ. ഇൻസ്റ്റഗ്രാമിലടക്കം ഇവിടെ നിന്നും എടുത്തിരിക്കുന്ന ചിത്രങ്ങൾ നിറഞ്ഞു നിൽക്കുകയാണ്. കറുപ്പും വെളുപ്പും ചുമരുകളും അതിനുചേര്‍ന്ന കര്‍ട്ടനും ഫര്‍ണിച്ചറുകളുമെല്ലാം ഈ കഫേയെ വ്യത്യസ്തമാക്കുന്നു. തീര്‍ന്നില്ല, പാത്രങ്ങളും മെനുവും എല്ലാം ഇതിനോട് ചേർന്നു നിൽക്കുന്നവ തന്നെയാണ്.
ആനിമേഷൻ, കോമിക് ബുക്ക് ആരാധകർക്ക് പോകാൻ പറ്റിയ നല്ലൊരിടമാണ് ഈ കഫേ. അവർക്ക് വേണ്ടി പ്രത്യേകം നിർമ്മിച്ചതാണോ എന്ന സംശയവും ബാക്കി നിൽക്കുകയാണ്. മാത്രമല്ല, സാഹസികത ഇഷ്ടപ്പെടുന്നവർക്ക് കൂടി ചെല്ലാൻ പറ്റുന്നൊരിടം കൂടിയാണിത്. എന്തായാലും ഇതിനകത്തേക്ക് ആദ്യമായി കയറുന്ന ഒരാൾക്ക് ചെറുതായി ഒന്ന് തലകറങ്ങുമെന്ന കാര്യത്തിൽ സംശയമില്ല.
കഫേക്കുള്ളിൽ എന്താണ് യാഥാർഥ്യം എന്താണ് തോന്നൽ എന്ന് തിരിച്ചറിയാൻ ഉറപ്പായും കുറച്ച് സമയം വേണ്ടി വരും. വളരെ ആകസ്മികമായ ഒരു ലോകത്തേക്കാണ് ഈ കഫേ നമ്മെ സ്വാഗതം ചെയ്യുന്നത്. ഒരു കോമിക് ബുക്ക് നമ്മുക്ക് മുന്നിൽ തുറന്ന് വെച്ചിരിക്കയാണെന്ന് പോലും തോന്നി പോകും.
2019 -ലാണ് ഇത്തരം ഒരു കഫേയെ കുറിച്ചുള്ള ആലോചന ഉടമയുടെ മനസിൽ വരുന്നത്. ഈ കഫെയുടെ സ്ഥാപകനും ഉടമയുമാണ് സോള്‍ബോണ്‍. അദ്ദേഹം പറയുന്നത്, കഫേ നിര്‍മ്മിച്ച ശേഷം ഒരുമാസം കൊണ്ടാണ് അതിന് ഇങ്ങനെയൊരു രൂപം നല്‍കിയത് എന്നാണ്. അതിനുവേണ്ടി വന്നത് 100 കിലോ പെയിന്റാണ്.
കഫെയിൽ വരുന്ന ആളുകൾ വളരെ ഹാപ്പിയാണ് ! അസാധാരണമായ ചിത്രങ്ങൾ എടുക്കാനായി ആളുകൾ ഇവിടേക്ക് വരാറുണ്ട്. കഫേയിലെ ജീവനക്കാരും ജോലിയിൽ വളരെയേറെ സന്തുഷ്ടരാണ്, കൂടാതെ അവിടെ ഒരു ഒഴിവ് വരാനും ജോലിക്ക് കയറാനുമായി മാസങ്ങളോളം കാത്തിരിക്കാറുണ്ട് എന്ന് ഉടമയായ സോള്‍ബോണ്‍ വ്യക്തമാക്കി.
ഇൻസ്റ്റഗ്രാമിലടക്കം ഇതിനകത്ത് നിന്നും പകർത്തിയിട്ടുള്ള അനേക കണക്കിന് ചിത്രങ്ങൾ കാണാം. കുട്ടികളും യുവാക്കളുമാണ് ഇവിടെ സന്ദർശിക്കാൻ ഇഷ്ടപ്പെടുന്നവരിൽ ഏറെയും. ഇവിടെ നിന്ന് പകർത്തുന്ന ഓരോ ചിത്രങ്ങൾ കണ്ടാലും ഇതിൽ ഏതാണ് യാതാർഥ്യം എന്ന് തിരിച്ചറിയുക ബുദ്ധിമുട്ടാണ്.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here